sardar

1947ന്റെ ആദ്യ പകുതി ഇന്ത്യാ ചരിത്രത്തിലെ നിർണായക നാളുകളായിരുന്നു. കൊളോണിയൽ ഭരണത്തിന്റെ അന്ത്യവും ഇന്ത്യാവിഭജനവും ഉണ്ടാവുമെന്നുറപ്പായിരുന്നു . എങ്കിലും ഒന്നോ അതിലധികമോ വിഭജനങ്ങൾ നടക്കുമെന്ന അനിശ്ചിതത്വം നിലനിന്നിരുന്നു. സാധനവില കുതിച്ചുയരുക, ഭക്ഷ്യക്ഷാമം അനുഭവപ്പെടുക തുടങ്ങിയ വലിയ പ്രതിസന്ധികൾക്കും അപ്പുറമായിരുന്നു ഇന്ത്യയുടെ ഐക്യം നേരിട്ട ഭീഷണി. ഈ സാഹചര്യം നിലനിൽക്കേയാണ് 1947 ന്റെ മധ്യത്തോടെ സ്‌റ്റേറ്റ്സ് ഡിപ്പാർട്ടമെന്റ് നിലവിൽ വന്നത്. വലിപ്പം കൊണ്ടും ജനസംഖ്യകൊണ്ടും ഭൂപ്രകൃതികൊണ്ടും ധനശേഷികൊണ്ടും വ്യത്യസ്ത തലങ്ങളിലായിരുന്ന 550 നാട്ടുരാജ്യങ്ങളുമായി ഇന്ത്യ ഏതുവിധത്തിലുള്ള ബന്ധം നിലനിറുത്തണമെന്ന വിഷയം കൈകാര്യം ചെയ്യുക എന്നതായിരുന്നു ഈ വകുപ്പിന്റെ ഉദ്ദേശ്യം.

നാട്ടുരാജ്യങ്ങളെ സംബന്ധിച്ച പ്രശ്നം വളരെ ഗൗരവമുള്ളതാണെന്നും അത് താങ്കൾക്കേ പരിഹരിക്കാനാവൂ എന്നും ഒരു വ്യക്തിയോട് മഹാത്മാഗാന്ധി നേരിട്ട് പറയുകയുണ്ടായി. കുലീനനായ സർദാർ പട്ടേൽ ! ശൈലിയിൽ സൂക്ഷ്മതയോടും ദൃഢതയോടും

ഭരണപാടവത്തോടുംകൂടി അദ്ദേഹം മുന്നോട്ടുനീങ്ങി. കുറച്ചു സമയം കൊണ്ട് ചെയ്തു തീർക്കാനുള്ളത് ഏറെയായിരുന്നു. പക്ഷേ, ചെയ്യുന്നത് ഒരു സാധാരണ മനുഷ്യനായിരുന്നില്ല; തന്റെ രാജ്യം പിന്നോക്കം പോകരുതെന്ന നിശ്ചയദാർഢ്യം ഉണ്ടായിരുന്ന സർദാർ പട്ടേലാണ്. ഓരോ നാട്ടുരാജ്യത്തോടും ചർച്ച നടത്തി, അവയൊക്കെ സ്വതന്ത്ര ഇന്ത്യയുടെ ഭാഗമായിത്തീരുന്നു എന്ന് അദ്ദേഹവും ഒപ്പമുള്ളവരും ഉറപ്പുവരുത്തി.

ഇന്ത്യയുടെ ഭൂപടം ഇന്നത്തെ രീതിയിൽ ഇരിക്കാൻ കാരണം സർദാർ പട്ടേലിന്റെ വിശ്രമമില്ലാത്ത പ്രവർത്തനമാണ്. സ്വാതന്ത്ര്യം ലഭിച്ച ഉടൻ ഗവൺമെന്റ് ജോലിയിൽ നിന്ന് വിരമിക്കാൻ താത്‌പര്യപ്പെട്ട വി.പി.മേനോനോട് ഇത് വിശ്രമിക്കാനോ വിരമിക്കാനോ ഉള്ള സമയമല്ല എന്ന് സർദാർ പട്ടേൽ ഉപദേശിച്ചു. ഉറച്ച തീരുമാനമായിരുന്നു സർദാർ പട്ടേലിന്റേത്. വി.പി.മേനോനെ സ്‌റ്റേറ്റ്സ് ഡിപ്പാർട്ട്‌മെന്റിന്റെ സെക്രട്ടറിയാക്കി. 'ദ് സ്റ്റോറി ഓഫ് ദ് ഇന്റഗ്രേഷൻ ഓഫ് ഇന്ത്യൻ സ്റ്റേറ്റ്സ് ' എന്ന തന്റെ പുസ്തകത്തിൽ സർദാർ പട്ടേലിന്റെ നേതൃത്വം എങ്ങനെയായിരുന്നുവെന്നും ഉദ്യോഗസ്ഥർക്ക് അദ്ദേഹം എങ്ങനെ പ്രോൽസാഹനമേകി എന്നും വി.പി.മേനോൻ വിശദീകരിച്ചിട്ടുണ്ട്. ഏറ്റവും പ്രധാനം ഇന്ത്യൻ ജനതയുടെ താത്‌പര്യമാണെന്നും അക്കാര്യത്തിൽ വിട്ടുവീഴ്ച പാടില്ലെന്നുമായിരുന്നു സർദാർ പട്ടേലിന്റെ ഉറച്ച നിലപാടെന്ന് ഈ പുസ്തകം വ്യക്തമാക്കുന്നു.

1947 ഓഗസ്റ്റ് 15 പുതുമയാർന്ന പ്രഭാതമായിരുന്നെങ്കിലും രാഷ്ട്രനിർമാണം തീർത്തും അപൂർണമായിരുന്നു. ദൈനംദിന ഭരണവും ജനങ്ങളുടെ, വിശേഷിച്ച് ദരിദ്രരുടെയും പാർശ്വവൽക്കരിക്കപ്പെടവരുടെയും താത്‌പര്യങ്ങൾ സംരക്ഷിക്കലും ഉൾപ്പടെ,
രാഷ്ട്രസേവനത്തിനായുള്ള ഭരണപരമായ ചട്ടക്കൂടൊരുക്കിയത് സ്വതന്ത്ര ഇന്ത്യയുടെ പ്രഥമ ആഭ്യന്തരമന്ത്രിയായ അദ്ദേഹമായിരുന്നു.

പരിണിതപ്രജ്ഞനായ ഭരണാധികാരിയായിരുന്നു സർദാർ പട്ടേൽ. 1920കളിൽ അഹമ്മദാബാദ് മുനിസിപ്പാലിറ്റി ഭരണനിർവഹണം നട ത്തിയതുവഴി ലഭിച്ച അനുഭവജ്ഞാനം സ്വതന്ത്ര ഇന്ത്യയുടെ ഭരണപരമായ ചട്ടക്കൂടൊരുക്കാനുള്ള പ്രവർത്തനത്തിൽ അദ്ദേഹത്തെ വളരെയധികം സഹായിച്ചു.

അഹമ്മദാബാദ് നഗരം ശുചിത്വമാർന്നതാക്കുന്നതിനുള്ള പ്രശംസനീയമായ പ്രവർത്തനങ്ങൾ സർദാർ പട്ടേൽ നടത്തിയിട്ടുണ്ട്. ശുചീകരിക്ക പ്പെട്ടതും തടസമില്ലാത്തതുമായ ഓടകൾ അദ്ദേഹം ഉറപ്പാക്കി. റോഡുകൾ, വൈദ്യുതി, വിദ്യാഭ്യാസം തുടങ്ങി നഗര അടിസ്ഥാന സൗകര്യം ഉറപ്പു വരുത്തുകയും ചെയ്തു.

ഇന്ന് ഇന്ത്യയ്‌ക്കു സജീവമായ സഹകരണമേഖല ഉണ്ടാകാനുള്ള പ്രധാന കാരണം സർദാർ പട്ടേലിന്റെ പ്രവർത്തനമാണ്. ഗ്രാമീണരെ, വിശേഷിച്ച് സ്ത്രീകളെ ശാക്തീകരിക്കാനുള്ള അദ്ദേഹത്തിന്റെ വീക്ഷണമാണ് അമുലിന്റെ അടിവേരുകൾ എന്നു കാണാം. അനേകർക്ക് പാർപ്പിടവും അന്തസും ഉറപ്പാക്കുംവിധം സഹകരണ ഭവനസംഘങ്ങൾ എന്ന ആശയം പ്രചരിപ്പിച്ചതും മറ്റാരുമല്ല.

വിശ്വാസ്യതയുടെയും ആത്മാർഥതയുടെയും ആൾരൂപമായിരുന്നു സർദാർ പട്ടേൽ. ഇന്ത്യയിലെ കർഷകർ അദ്ദേഹത്തിൽ അതുല്യമായ വിശ്വാസമർപ്പിച്ചിരുന്നു. എല്ലാറ്റിനുമുപരി, ബർദോളി സത്യാഗ്രഹം മുന്നിൽനിന്ന് നയിച്ച കർഷക പുത്രനായിരുന്നു അദ്ദേഹം. അധ്വാനവർഗ ത്തെ സംബന്ധിച്ചിടത്തോളം തങ്ങൾക്കുവേണ്ടി നിലകൊള്ളുന്ന പ്രതീക്ഷയുടെ വെളിച്ചമായിരുന്നു സർദാർ പട്ടേൽ.

ഇന്ത്യയുടെ സാമ്പത്തിക, വ്യാവസായിക വളർച്ചയെക്കുറിച്ച് കാഴ്ചപ്പാടുള്ള അതികായൻ എന്ന നിലയിൽ ആദരിക്കപ്പെട്ടിരുന്ന അദ്ദേഹത്തിനൊപ്പം നിലകൊള്ളാൻ വ്യാപാരികളും വ്യവസായികളും ഇഷ്ടപ്പെട്ടിരുന്നു.

രാഷ്ട്രീയ കൂട്ടാളികളും സർദാർ പട്ടേലിനെ വിശ്വസിച്ചിരുന്നു. ഒരു പ്രശ്‌നത്തിന് മാർഗനിർദേശം തേടാൻ ബാപ്പു അടുത്തില്ലാതിരിക്കു
ന്ന സന്ദർഭങ്ങളിൽ സർദാർ പട്ടേലിനോടാണ് ഉപദേശം തേടിയിരുന്നതെന്ന് ആചാര്യ കൃപലാനി പറഞ്ഞിട്ടുണ്ട്.

1947ൽ രാഷ്ട്രീയ ചർച്ചകൾ കൊടുമ്പിരിക്കൊണ്ടിരിക്കെ, സരോജിനി നായിഡു അദ്ദേഹത്തെ വിശേഷിപ്പിച്ചത് 'തീരുമാനങ്ങൾ കൈക്കൊള്ളുകയും പ്രവർത്തിക്കുകയും ചെയ്യുന്ന നേതാവ് ' എന്നായിരുന്നു. ജാതി-മത- വിശ്വാസ ഭേദമന്യേ സർദാർ പട്ടേൽ ആദരിക്കപ്പെടുന്നു.

ഈ വർഷത്തെ സർദാർ ജയന്തി സവിശേഷതയാർന്നതാണ്. 130 കോടി ഇന്ത്യക്കാരുടെ അനുഗ്രഹങ്ങളോടെ 'സ്റ്റാച്യു ഓഫ് യൂണിറ്റി' ഇന്ന് ഉദ്ഘാടനം ചെയ്യപ്പെടുകയാണ്. നർമദാതീരത്തുള്ള ഈ പ്രതിമ ലോകത്തിലെ ഏറ്റവും ഉയരംകൂടിയ പ്രതിമയാണ്. നമ്മെ നയിക്കാനും പ്ര
ചോദനമേകാനുമായി 'ഭൂമിപുത്ര'നായ സർദാർ പട്ടേൽ ഉയരെ നിൽക്കും.
സർദാർ പട്ടേലിനുള്ള ശ്രദ്ധാഞ്ജലിയായ ഈ മഹാപ്രതിമ യാഥാർഥ്യമാക്കാൻ രാപ്പകലില്ലാതെ പ്രവർത്തിച്ച എല്ലാവരെയും ഞാൻ അഭിനന്ദി
ക്കുന്നു. വളരെ കുറച്ചു കാലംകൊണ്ട് ഇത്ര വലിയ ഒരു പ്രതിമ പൂർത്തീകരിക്കപ്പെട്ടതിൽ ഓരോ ഇന്ത്യക്കാരനും അഭിമാനിക്കാം. 'സ്റ്റാച്യു ഓഫ് യൂണിറ്റി' സന്ദർശിക്കണമെന്ന് ഓരോ ഇന്ത്യാക്കാരനോടും ഞാൻ ആഹ്വാനം ചെയ്യുകയാണ്.
'സ്റ്റാച്യു ഓഫ് യൂണിറ്റി' ഹൃദയങ്ങളുടെ ഐക്യവും മാതൃരാജ്യത്തിന്റെ ഭൂമിശാസ്ത്രപരമായ ഏകീകരണവും അടയാളപ്പെടുത്തുന്നു. വിഘടി

ച്ചുനിന്നാൽ നമുക്കു തന്നെ പരസ്പരം അഭിമുഖീകരിക്കാൻ സാധിക്കാതെ വരുമെന്ന് ഓർമിപ്പിക്കുകകൂടി ചെയ്യുന്നു ഈ പ്രതിമ. ഒരുമി ച്ചുനിന്നാൽ നമുക്കു ലോകത്തെ അഭിമുഖീകരിക്കാനും വളർച്ചയുടെയും യശസിന്റെയും പുതിയ ഉയരങ്ങൾ താണ്ടാനും സാധിക്കും.