തിരുവനന്തപുരം: ജനറൽ ആശുപത്രിയിൽ ഖരമാലിന്യ സംസ്കരണം കീറാമുട്ടിയായി. മാലിന്യങ്ങൾ കത്തിച്ചുകളയാൻ സ്ഥാപിച്ച ഇൻസിനറേറ്ററും സംസ്കരണത്തിനായി സ്ഥാപിച്ച ബയോഗ്യാസ് പ്ളാന്റും നശിച്ചു. ഇതോടെ ആശുപത്രി കെട്ടിടത്തിന്റെ പിന്നാമ്പുറത്ത് പ്ളാസ്റ്റിക്ക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ കുന്നുകൂടിയത് ഈച്ചയും കൊതുകും വർദ്ധിക്കാനും ദുർഗന്ധത്തിനും സാംക്രമിക രോഗ ഭീതിക്കും കാരണമായി.
കാൽക്കോടിയിലധികം രൂപ ചെലവഴിച്ചാണ് പത്തുവർഷം മുമ്പ് ആശുപത്രിയിൽ മാലിന്യം ചാമ്പലാക്കാൻ ഇൻസിനറേറ്ററും ബയോഗ്യാസ് പ്ലാന്റും സ്ഥാപിച്ചത്. ഏതാനും വർഷത്തിനുശേഷം ഉപയോഗ ശൂന്യമായ ഇൻസിനറേറ്ററിന്റെ പുകക്കുഴലുൾപ്പെടെ തുരുമ്പെടുത്ത് നശിച്ചു. ബയോഗ്യാസ് പ്ളാന്റുകളിലൊന്ന് മണ്ണ്നിറഞ്ഞ് പ്രവർത്തന രഹിതമായി. മറ്റൊന്ന് മെഡിക്കൽ കോളേജിനായി നിർമ്മിച്ച പുതിയ കെട്ടിടത്തിനടിയിൽ അകപ്പെട്ടു.
ഇതോടെ ആശുപത്രി പരിസരത്ത് പല സ്ഥലത്തായി മാലിന്യങ്ങൾ കൂട്ടിയിട്ട് കത്തിക്കുകയായിരുന്നു. എന്നാൽ മഴ പെയ്തശേഷം ഇവ ആശുപത്രിയിൽ മെഡിക്കൽ കോളേജ് ഓഫീസിനായി വിട്ടുകൊടുത്ത കെട്ടിടത്തിന്റെ പിൻവശത്ത് കൂട്ടിയിട്ടിരിക്കുകയാണ്. വെള്ളത്തിൽ കുതിർന്ന് ആശുപത്രി പരിസരമാകെ ഒലിച്ചിറങ്ങിയതോടെ ഈച്ചയുടെയും കൊതുകിന്റെയും വിഹാര കേന്ദ്രമായി. പ്ലാസ്റ്റിക് കുപ്പികളുൾപ്പെടെയുള്ളവ ഷെഡ് നിറഞ്ഞു കവിഞ്ഞു. ഭക്ഷണാവശിഷ്ടങ്ങൾ സംസ്കരിക്കാൻ നഗരസഭയുടെ കീഴിലുള്ള സ്വകാര്യ ഏജൻസിയുടെ സഹായം തേടിയെങ്കിലും അതും പൂർണമായും വിജയിച്ചില്ല.
പുതിയ പദ്ധതി
ആശുപത്രിയിലെ മാലിന്യപ്രശ്നം പരിഹരിക്കാൻ 50 ലക്ഷത്തിന്റെ പുതിയ പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. പ്രോജക്ട് സർക്കാരിന് സമർപ്പിച്ചു. ഓടകളിൽ നിന്നുള്ള മലിനജലം ഉൾപ്പെടെ ശുദ്ധീകരിക്കാൻ കഴിയുന്ന ഡ്രെയിനേജ് ട്രീറ്റ്മെന്റ് പ്ളാന്റ് ഉൾപ്പെടുന്നതാണ് പദ്ധതി. വാർഡുകളിൽ നിന്ന് പുറന്തള്ളുന്ന മലിന ജലം ട്രീറ്റ്മെന്റ് പ്ളാന്റ് വഴി ശുദ്ധീകരിച്ചശേഷം മോർച്ചറിയുടെ ഭാഗത്ത് തയ്യാറാക്കുന്ന പച്ചക്കറി തോട്ടത്തിനും മറ്ര് ചെടികൾക്കും നനയ്ക്കാൻ ഉപയോഗിക്കുകയാണ് ലക്ഷ്യം. ഖരമാലിന്യ സംസ്കരണത്തിന് ഇൻസിനറേറ്ററോ ജൈവ മാലിന്യപ്ളാന്റോ സ്ഥാപിക്കാനും ഉദ്ദേശ്യമുണ്ട്.
ശാശ്വത പരിഹാരമാകും
പഴയ ഇൻസിനറേറ്ററും ജൈവ മാലിന്യപ്ളാന്റും നവീകരിക്കാൻ ശുചിത്വമിഷന്റെ സഹായം തേടിയിരുന്നു. പത്ത് ലക്ഷത്തിലധികം രൂപ ചെലവ് വരുമെന്നതിനാലാണ് അത് ഉപേക്ഷിച്ചത്. തുടർന്നാണ് അരക്കോടിയുടെ പുതിയ പദ്ധതി ആവിഷ്കരിച്ചത്. ആശുപത്രി പുറന്തള്ളുന്ന അത്രയും മാലിന്യങ്ങൾ സംസ്കരിക്കാൻ ശേഷിയുള്ളതാണ് പുതിയ പ്ളാന്റ്. ഇതോടെ മാലിന്യ സംസ്കരണത്തിന് ശാശ്വതമായ പരിഹാരം കാണാനാകുമെന്നാണ് പ്രതീക്ഷ.
ആർ.എം.ഒ, ജനറൽ ആശുപത്രി, തിരുവനന്തപുരം