politburo

കൊൽക്കത്ത: ചത്തീസ്ഗഡിൽ പാർട്ടിക്ക് സ്വാധീനമില്ലാത്ത മേഖലകളിലെ വോട്ട് കോൺഗ്രസിന് രേഖപ്പെടുത്തണമെന്ന് പ്രവർത്തകർക്ക് സി.പി.എം പോളിറ്റ് ബ്യൂറോ അംഗത്തിന്റെ ആഹ്വാനം. ബംഗാൾ പാർട്ടി സെക്രട്ടറി കൂടിയായ സുർജ്യ കാന്ത് മിശ്രയാണ് പ്രവർത്തകരോടും അംഗങ്ങളോടും കോൺഗ്രസിന് വോട്ട് ചെയ്യാൻ നിർദ്ദേശിച്ചത്. ഇടതുപക്ഷത്തിന് സ്ഥാനാർത്ഥിയില്ലാത്ത എല്ലാ മണ്ഡലങ്ങളിലേയും വോട്ട് കോൺഗ്രസിന് രേഖപ്പെടുത്താനാണ് നിർദ്ദേശം.

ചത്തീസ്ഗഡ് തിരഞ്ഞെടുപ്പിൽ മൂന്ന് മണ്ഡലങ്ങളിലാണ് സി.പി.എം മത്സരിക്കുന്നത്. ഈ മൂന്ന് സീറ്രുകളിലും ബി.ജെ.പിയെന്ന വർഗീയ ശക്തിയെ നമ്മൾ പരാജയപ്പെടുത്തും. എന്നാൽ ബി.ജെ.പിയെ വീണ്ടും അധികാരത്തിൽ എത്തുന്നത് തടയാൻ മറ്റിടങ്ങളിൽ നമുക്ക് സ്ഥാനാർത്ഥികളില്ല. ഈയിടങ്ങളിൽ നമ്മൾ കോൺഗ്രസിന് വോട്ട് ചെയ്യണമെന്നും സുർജ്യ കാന്ത് മിശ്ര പറഞ്ഞു. സാൾട്ട് ലേക്കിലെ സി.ബി.ഐ ഓഫീസിലേക്ക് നടത്തിയ മാർച്ചിന് ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഛത്തീസ്ഗഡിലെ 90 അംഗ സീറ്റിലേക്കുള്ള തിരഞ്ഞെടുപ്പ് നവംബർ 12 മുതൽ 20 വരെ രണ്ട് ഘട്ടങ്ങളായാണ് നടക്കുക. ഡിസംബർ 11ന് ഫലം പ്രഖ്യാപിക്കും.