തിരുവനന്തപുരം: തിരുവിതാംകൂർ രാജ ഭരണകാലത്ത് ബ്രിട്ടീഷ് റസിഡന്റുമാരുടെ വരവ് നഗരവാസികളെ അറിയിക്കാൻ ഉപയോഗിച്ചിരുന്ന ബാൻഡ് ഹാൾ പരിരക്ഷയില്ലാതെ തകരുന്നു. തൈക്കാട് സർക്കാർ അതിഥി മന്ദിരത്തിന് പിറകിലാണ് 19 ാം നൂറ്റാണ്ടിൽ നിർമിച്ച ബാൻഡ് ഹാളുള്ളത്. കാടുമൂടിയ ഇവിടം ഇഴജന്തുകള്ളുടെ വാസസ്ഥാനമാണ്. പഴയ റസിഡൻസിയിലാണ് ഇപ്പോൾ ഗസ്റ്റ്ഹൗസും കിറ്ര് സും പ്രവർത്തിക്കുന്നത്.
ബ്രിട്ടീഷ് കരസേനയിൽ മേജർ ജനറലും തിരു-കൊച്ചി സംസ്ഥാനത്തെ ആദ്യ റസിഡന്റുമായിരുന്ന വില്യം കള്ളന്റെ കാലത്താണ് ബാൻഡ് ഹാൾ പ്രവർത്തനമാംരഭിച്ചത്. 1840 നും 1846 നും ഇടയ്ക്കാണ് ഹാൾ നിർമ്മിച്ചത്. അർദ്ധവൃത്താകൃതിയിൽ നിർമിച്ചിരിക്കുന്ന ഹാളിന്റെ മേൽക്കൂരയിൽ ഒാടാണ് പാകിയിരിക്കുന്നത്. മദ്ധ്യത്തിൽ സ്വർണനിറത്തിലുള്ള കൂർത്ത കമാനവും തീർത്തിട്ടുണ്ട്.ഹാളിന്റെ പല ഭാഗങ്ങളും കാലപ്പഴക്കത്താൽ പൊളിഞ്ഞു കഴിഞ്ഞു.
നായർ പടയുടെ നേതൃത്വത്തിൽ ബാൻ്ഡ് മേളം അരങ്ങേറിയിരുന്ന ഹാളിന് പൈതൃക സ്മാരകമാവാനുള്ള യോഗ്യത ഉണ്ടെങ്കിലും പുരാവസ്തുവകുപ്പിന്റെ പൈതൃക സ്മാരക പട്ടികയിൽ ഇടംപിടിച്ചിട്ടില്ല. വിനോദസഞ്ചാര വകുപ്പിന്റെ കീഴിലാണ് ഹാൾ ഇപ്പോൾ. എന്നാൽ യാതൊരു വിധ സംരക്ഷണവും അധികൃതർ ഏർപ്പെടുത്തിയിട്ടില്ല. നഗരത്തിലെ മ്യൂസിയം, കനകക്കുന്ന്, കവടിയാർ കൊട്ടാരം എന്നിവിടങ്ങളിലും ബാൻഡ്ഹാളുകളുണ്ട്. ഇവയൊക്കെ കൃത്യമായി സംരക്ഷിക്കപ്പെടുമ്പോൾ തൈക്കാടുള്ള ബാൻഡ് ഹാളിനോട് മാത്രമാണ് അധികൃതർക്ക് അവഗണന.
പുരാവസ്തുവകുപ്പിന്റെ കീഴിൽ ഒട്ടേറെ പൈതൃക സ്മാരകങ്ങൾ സംരക്ഷിക്കപ്പെടുന്നതിനാലാണ് ബാൻഡ് ഹാൾ ഏറ്റെടുക്കാത്തതെന്നാണ് സൂചന. ഫണ്ടിന്റെ അപര്യാപ്തതയാണ് കൂടുതൽ സ്മാരകങ്ങൾ ഏറ്റെടുക്കുന്നതിൽ നിന്ന് വകുപ്പിനെ പിന്തിരിപ്പിക്കുന്നതെന്നാണ് വിവരം. പൈതൃക സ്മാരകങ്ങളെ അതേപടി സംരക്ഷിച്ച് നിർത്താൻ വർഷംതോറും ഒട്ടേറെ പണം ചെലവഴിക്കേണ്ടതുണ്ട്. പൈതൃക സ്മാരകങ്ങളിൽ പെടാത്തതിനാൽ ബാൻഡ്ഹാളിനെക്കുറിച്ച് മിക്കവർക്കും അറിയില്ല.