madhavan-nair

തിരുവനന്തപുരം: 'മോദിജിയുടെ വികസന അജണ്ടകൾ എന്നെ ആദ്യംമുതൽതന്നെ ആകർഷിച്ചിട്ടുള്ളതാണ്. അദ്ദേഹത്തിന്റെ വികസന പദ്ധതികളുടെ ഗുണഫലം കേരളത്തിന് കിട്ടണമെന്ന് എനിക്ക് അതിയായ ആഗ്രഹമുണ്ട്. ഈ ഒരു അനുകൂല വികസന കാലാവസ്ഥയെ നമ്മൾ നന്നായി ഉപയോഗിക്കുകതന്നെവേണം. മാത്രമല്ല, കഴിഞ്ഞ കുറച്ചുവർഷങ്ങളായി ബി.ജെ.പിയുമായി ചേർന്ന് നിരവധി പ്രോജക്ടുകളിൽ ഞാൻ പ്രവർത്തിച്ചിട്ടുണ്ട്. അതിന്റെ തുടർച്ചയായിട്ടാണ് കഴിഞ്ഞ ദിവസം ബി.ജെ.പിയിൽ ഔദ്യോഗികമായി അംഗത്വമെടുത്തത്. ഒന്നോ രണ്ടോ ദിവസംകൊണ്ട് എടുത്ത തീരുമാനമല്ല ഇത്. കേരളത്തിന് ഗുണകരമായ രീതിയിൽ കേന്ദ്രത്തെ പ്രയോജനപ്പെടുത്തുക. അതാണ് വേണ്ടത്..' തന്റെ ബി.ജെ.പി പ്രവേശനത്തെക്കുറിച്ച് ഐ.എസ്.ആർ.ഒ മുൻ ചെയർമാൻ ജി.മാധവൻനായരുടെ വാക്കുകളാണിത്. അദ്ദേഹം 'ഫ്ളാഷു'മായി സംസാരിച്ചപ്പോൾ:

പലർക്കും അറിയില്ല
ഒരു പഠനത്തിന്റെ ഭാഗമായി കേരളത്തിലെ എല്ലാ ജില്ലകളിലും കുറച്ചുനാളുകൾക്ക് മുമ്പ് സന്ദർശനം നടത്തി വിവരശേഖരണം നടത്തിയിരുന്നു. അന്ന് മനസിലായ ഒരു കാര്യമാണ്, കേന്ദ്രസർക്കാരിന്റെ പല പദ്ധതികളെക്കുറിച്ചും നമ്മുടെ നാട്ടിലെ പലർക്കും ഒരു തരത്തിലുള്ള അറിവുമില്ല. അവരതിനെക്കുറിച്ച് അജ്ഞരാണ്. ആ അവസ്ഥ മാറണം. കിട്ടാവുന്ന ആനുകൂല്യങ്ങളെക്കുറിച്ച്, കേന്ദ്രസഹായങ്ങളെക്കുറിച്ച് സാധാരണക്കാരെ പറഞ്ഞുമനസിലാക്കണം. അതാണ് വേണ്ടത്. മാത്രമല്ല, കേരളത്തിനുവേണ്ടി കോടിക്കണക്കിന് രൂപയുടെ ഫണ്ട് കേന്ദ്രം വിവിധയിനങ്ങളിൽ അനുവദിച്ചിട്ടുണ്ട്. അതിന്റെ 10 ശതമാനംപോലും കേരളം ഉപയോഗിച്ചിട്ടില്ല. മറ്റ് പല സംസ്ഥാനങ്ങളും അതൊക്കെ പ്രയോജനപ്പെടുത്തിയിട്ടുണ്ട്. സംസ്ഥാന സർക്കാർ ആവശ്യപ്പെടുകയാണെങ്കിൽ തീർച്ചയായും കേരളത്തിനുവേണ്ടി സംസാരിക്കാൻ തയാറാണ്.


സത്യം ജയിക്കും
ആൻട്രിക്സ് - ദേവാസ് ഇടപാട്.. അത് പഴയ കേസല്ലേ. സത്യം ജയിക്കും. നമ്പിനാരായണന്റെ കാര്യം കണ്ടില്ലേ. ജീവിച്ചിരിക്കെത്തന്നെ സത്യംതെളിഞ്ഞത് കാണാനുള്ള ഭാഗ്യം അദ്ദേഹത്തിനുണ്ടായി. എനിക്കതുണ്ടാകുമോ എന്നറിയില്ല. ഉന്നത പദവികളിൽ നിയമിക്കുന്നതുൾപ്പെടെയുള്ള കാര്യങ്ങളിൽ മൻമോഹൻ സിംഗ് സർക്കാരിന്റെ കാലത്ത് എനിക്ക് ഏർപ്പെടുത്തിയ വിലക്കിനെക്കുറിച്ച് ഞാനിതുവരെയും മോദിജിയോടോ പാർട്ടിയിലെ മറ്റുള്ളവരോടോ സംസാരിച്ചിട്ടില്ല. കേസ് അതിന്റെ വഴിക്ക് നടക്കും.


പദ്ധതികൾ സമർപ്പിക്കണം
ഫണ്ടില്ലാത്തതുകൊണ്ട് കേരളത്തിലെന്നല്ല, ഇന്ത്യയിൽതന്നെ ഒരു പദ്ധതികളും നടക്കാതെ പോകില്ല. നമ്മുടെ സാമ്പത്തിക സ്ഥിതി വളരെ ശക്തമാണ്. കഴിഞ്ഞ നാല് വർഷങ്ങൾക്കുള്ളിൽ ഒരുലക്ഷം കോടിയിലധികം രൂപയുടെ ഫണ്ടാണ് കേന്ദ്രം സംസ്ഥാനങ്ങൾക്ക് അനുവദിച്ചിട്ടുള്ളത്. സംസ്ഥാനത്തിനാവശ്യമായ കാര്യങ്ങൾ ഉന്നയിച്ചുകൊണ്ട്, സംസ്ഥാന സർക്കാർ പദ്ധതികൾ സമർപ്പിക്കണം. അല്ലാതെയെങ്ങനെ കാര്യങ്ങൾ നടക്കും? പ്രളയ ദുരിതത്തിൽ നിന്ന് മറികടക്കാൻ കേന്ദ്രത്തിന്റെ സഹായത്തോടെ നമുക്ക് എളുപ്പം കഴിയാവുന്നതേയുള്ളൂ. പക്ഷേ, അതിന് അനുയോജ്യമായ പദ്ധതികൾ വേണം.

കഴിവാണ് കുറവ്
പ്രളയ ദുരന്തം മറികടക്കാൻ കേരളത്തിനായി കേന്ദ്രം അനുവദിച്ച 700 കോടിയിൽ 100 കോടിയുടെ പോലും പ്രൊപ്പോസൽ ഇവിടെനിന്ന് പോയിട്ടില്ല. പണമല്ല കുറവ്. അത് വേണ്ടവിധം പ്രയോജനപ്പെടുത്താനുള്ള കഴിവാണ് കുറവ്. മറ്റ് സംസ്ഥാനങ്ങളിലും പ്രകൃതി ദുരന്തങ്ങൾ ഉണ്ടാകാറുണ്ടല്ലോ. അവരൊക്കെ മറ്റ് രാജ്യങ്ങളിൽപോയി യാചിക്കുകയല്ലല്ലോ ചെയ്യുന്നത്. അവിടെയൊക്കെ കേന്ദ്രസംസ്ഥാന ഫണ്ടുകൾ വേണ്ടവിധം പ്രയോജനപ്പെടുത്തുകയാണ് ചെയ്യുന്നത്.


അന്നും ഇന്നും ശാസ്ത്രജ്ഞൻ
ഞാൻ അന്നും ഇന്നും എന്നും ശാസ്ത്രജ്ഞൻ തന്നെയായിരിക്കും. അതേസമയം, ഇതുവരെയുള്ള എന്റെ അറിവും അനുഭവ പരിചയവും ഒക്കെവച്ച് സമൂഹത്തെ എങ്ങനെ സേവിക്കാം എന്നുള്ളതിനാണ് പ്രധാന്യം. മുമ്പ് സൂചിപ്പിച്ചതുപോലെ സ്ഥാനമാനങ്ങൾക്കല്ല.

മൂന്ന് എം.പിമാരെങ്കിലും വേണം
കേരളത്തിന്റെ ശബ്ദം അങ്ങ് ഡൽഹിയിലെത്തണം. കേരളത്തിൽ നിന്ന് കുറഞ്ഞത് മൂന്ന് ബി.ജെ.പി എം.പിമാരെങ്കിലും അവിടെയെത്തണം. അതാണ് പാർട്ടിയുടെ, ജനസേവകനെന്ന നിലയിൽ എന്റെ ആഗ്രഹം. അതിനുവേണ്ടി തീർച്ചയായും ജനങ്ങൾക്കിടയിൽ ഇറങ്ങി പ്രവർത്തിക്കും.


വാഗ്ദാനങ്ങളൊന്നുമില്ല
ബി.ജെ.പി ഒരു രാഷ്ട്രീയ പാർട്ടിയാണെങ്കിലും അതിൽ ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചത് പ്രത്യേകിച്ച് ഒരു സ്ഥാനമാനങ്ങളും ആഗ്രഹിച്ചിട്ടല്ല. ഇതുവരെ അത്തരത്തിലുള്ള ഒരു പ്രൊപ്പോസലും പാർട്ടിയിൽനിന്ന് എനിക്ക് ലഭിച്ചിട്ടുമില്ല. സ്ഥാനാർത്ഥിയായിട്ട് മാത്രമല്ല, പാർട്ടിയുടെ ഏതെങ്കിലും തരത്തിലുള്ള ഭാരവാഹിയായിട്ടും എനിക്ക് വാഗ്ദാനങ്ങളൊന്നും കിട്ടിയിട്ടില്ല. ഞാനിപ്പോൾ പാർട്ടിയുടെ ഒരു അഡ്വൈസറി മെമ്പർ മാത്രമാണ്. കേരളത്തിലെ അർഹതയുള്ളവരെ സഹായിക്കുക, തങ്ങൾക്ക് അർഹതപ്പെട്ട ആനുകൂല്യങ്ങളെക്കുറിച്ച് അവരെ ബോധവാന്മാരാക്കുക ഇതൊക്കെയാണ് എന്റെ പ്രധാന അജണ്ട. അല്ലാതെ സ്ഥാനങ്ങൾ മോഹിച്ചിട്ടല്ല പാർട്ടി പ്രവേശനം.