dead-body

കൊല്ലം: കൊല്ലം ജില്ലയിലെ പരവൂർ തെക്കുംഭാഗം കടലോരത്ത് എത്തിയവർ ചാക്ക് കെട്ട് കണ്ട് ആദ്യം കരുതിയത് രാത്രിയിൽ ആരോ ഉപേക്ഷിച്ച കോഴിവേസ്റ്റായിരിക്കും എന്നാണ്. എന്നാൽ ചാക്ക്‌കെട്ടിൽ നിന്നും രൂക്ഷമായ ദുർഗന്ധം വമിച്ചതോടെ പൊലീസിനെ അറിയിക്കാൻ നാട്ടുകാർ തീരുമാനിച്ചു. തുടർന്ന് ഇവിടെ എത്തിയ പോലീസ് പരിശോധിച്ചപ്പോഴാണ് മനുഷ്യന്റെ മൃതദേഹാവശിഷ്ടം കണ്ടെത്തിയത്. പരവൂർ പുത്തൻപള്ളിക്ക് സമീപത്താണ് ആറ് മാസത്തോളം പഴക്കമുള്ള മൃതദേഹാവശിഷ്ടം കണ്ടെത്തിയത്. പൊലീസ് പരിശോധനയിൽ സ്ത്രീയുടെ മൃതദേഹമാണെന്ന് സൂചന ലഭിച്ചു.
കഴിഞ്ഞദിവസം മൂന്ന് പേർ ഇവിടെ കാറിലെത്തി ചാക്ക് കെട്ട് ഉപേക്ഷിച്ചത് കണ്ടവരുണ്ട്. പോസ്റ്റ്‌മോർട്ടം നടത്തിയ മൃതദേഹമാണിത് എന്ന സൂചനയുണ്ട്. മൃതദേഹത്തിന്റെ പകുതിയോളം അഴുകിയ നിലയിലാണ്. കൊല്ലം കമ്മീഷണറടക്കം സംഭവസ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. പരവൂർ പോലീസിൻെറ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.