മലയാള സിനിമയ്‌ക്ക് ആദ്യത്തെ 50 കോടി സമ്മാനിച്ച ചിത്രമാണ് ദൃശ്യം. മോഹൻലാൽ എന്ന നടന്റെ അഭിനയ ജീവിതത്തിലെ തന്നെ ചരിത്രവിജയമായിരുന്ന ദൃശ്യം സംവിധാനം ചെയ്‌തത് ജീത്തു ജോസഫാണ്. എന്നാൽ ജീത്തു ഒരു മോഹൻലാൽ ആരാധകനായിരുന്നെങ്കിൽ ആ ചിത്രം സംഭവിക്കില്ലായിരുന്നു എന്ന് പറയുകയാണ് ഹിറ്റ് മേക്കർ രഞ്ജിത്ത്. ഒരു സ്വകാര്യ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിനിടയ്‌ക്കായിരുന്നു രഞ്ജിത്തിന്റെ രസകരമായ വെളിപ്പെടുത്തൽ.
'ദൃശ്യം എന്ന സിനിമയുടെ ഷൂട്ടിംഗ് തൊടുപുഴയിൽ നടക്കുന്ന സമയം. ഞാൻ ആന്റണി പെരുമ്പാവൂരിനെ വിളിക്കുന്നു. ''എന്താ ചേട്ടാ'' എന്നുപറഞ്ഞു കൊണ്ട് ഫോൺ എടുക്കുമ്പോഴേ അവന്റെ ശബ്ദത്തിൽ വല്ലാത്തൊരു മാറ്റം എനിക്കു ഫീൽ ചെയ്‌തു. ലൊക്കേഷനിൽ നിന്ന് ഇറങ്ങി നടന്നുകൊണ്ടാണ് അന്റണി സംസാരിക്കുന്നത്. 'എന്തു പറ്റിയെടാ' എന്ന് ഞാൻ ചോദിച്ചു. 'ചേട്ടാ, അവിടെ ഒരു മുറിയിലിട്ട് ലാൽസാറിനെ ഷാജോൺ ഇടിക്കുകയാണ്. അത് കണ്ടുനിൽക്കാൻ കഴിയുന്നില്ല.'' എന്നുപറഞ്ഞ് കരയുകയാണ് ആന്റണി. ചിത്രത്തിന്റെ നിർമ്മാതാവുകൂടിയാണ് ആന്റണി എന്നോർക്കണം.
പക്ഷേ അതിനേക്കാളുപരി അവൻ മോഹൻലാലിന്റെ വലിയ ഫാനാണ്. ഈ ആരാധന ജീത്തു ജോസഫിന് തോന്നിക്കഴിഞ്ഞാൽ 'ദൃശ്യം' എന്ന സിനിമ ഉണ്ടാകില്ല. കഥാപാത്രങ്ങൾ സൃഷ്‌ടിച്ച് നടന്മാർക്ക് വെല്ലുവിളി ഉയർത്തേണ്ടവരാണ് സംവിധായകർ; അല്ലാതെ ആരാധകരാവേണ്ടവരല്ല' -രഞ്ജിത്ത് പറഞ്ഞു.
അതേസമയം, മോഹൻലാൽ- രഞ്ജിത്ത് കൂട്ടുകെട്ടിലൊരുങ്ങുന്ന ഡ്രാമ നവംബർ ഒന്നിനാണ് റിലീസിനെത്തുന്നത്. രഞ്ജിത്ത് തന്നെ തിരക്കഥ ഒരുക്കുന്ന ചിത്രത്തിൽ മോഹൻലാലിനൊപ്പം ദിലീഷ് പോത്തൻ, ശ്യാമപ്രസാദ്, ബൈജു, അരുന്ധതി നാഗ്, ആശാ ശരത്, നിരഞ്ജ് മണിയൻപിള്ള രാജു തുടങ്ങിയവർ അഭിനയിക്കുന്നു.