പാറ്റ്ന: ആശുപത്രിയിലെ ഒാപ്പറേഷൻ തീയേറ്ററിൽ കയറിയ നായ രോഗിയുടെ മുറിഞ്ഞുപോയ കാലും കടിച്ചെടുത്ത് കടന്നു. .
ബീഹാറിലെ ബക്സർ ജില്ലയിലെ ബക്സർ സദർ ആശുപത്രിയിലാണു സംഭവം നടന്നത്. നീങ്ങിത്തുടങ്ങിയ ട്രെയിനിൽ കയറാൻ ശ്രമിക്കവേ പിടി വിട്ട് ട്രാക്കിൽ വീണ രാംനാഥ് മിശ്ര എന്നയാളുടെ കാലാണ് നായ കൊണ്ടു പോയത്. ഗുരുതരമായി പരിക്കേറ്റ് ഇദ്ദേഹത്തിന്റെ വലത്തേകാൽ അറ്റുപോയിരുന്നു.
ശസ്ത്രക്രിയയ്ക്കു ശേഷം മുറിവ് ഡോക്ടർമാർ വൃത്തിയാക്കിക്കൊണ്ടിരിക്കെയാണ് നായ ഒാപ്പറേഷൻ തീയേറ്ററിലേക്ക് കയറി കാൽ കടിച്ചെടുത്തത്. ആശുപത്രി ജീവനക്കാർ പിന്നാലെ പാഞ്ഞെങ്കിലും നായ പിടികൊടുത്തില്ല.
കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ സഹമന്ത്രി അശ്വിനി കുമാർ ചൗബേ പ്രതിനിധീകരിക്കുന്ന മണ്ഡലത്തിലാണു സംഭവം. ഇതിനെക്കുറിച്ച് അന്വേഷണമാരംഭിച്ചു.