ദുബായ്: മതിയായ താമസ രേഖകളില്ലാതെ യു.എ.ഇയിൽ തങ്ങുന്നവർക്ക് രാജ്യം വിടാനുള്ള പൊതുമാപ്പ് കാലാവധി ഒരു മാസത്തേക്ക് കൂടി നീട്ടി. ആഗസ്റ്റിൽ പ്രഖ്യാപിച്ച മൂന്ന് മാസത്തെ പൊതുമാപ്പ് കാലാവധി ഒക്ടോബർ 31ന് അവസാനിക്കേണ്ടിയിരുന്നു. ഇതാണ് യു.എ.ഇ ഭരണകൂടം ഡിസംബർ ഒന്ന് വരെ നീട്ടിയത്. ഇക്കാലയളവിനുള്ളിൽ വിദേശീയർക്ക് വിസ ശരിയാക്കി താമസം തുടരുന്നതിനോ പിഴ കൂടാതെ നാട്ടിലേക്ക് മടങ്ങുവാനോയുള്ള സൗകര്യം ലഭിക്കും. ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് യു.എ.ഇ മന്ത്രിസഭ പൊതുമാപ്പ് ഏർപ്പെടുത്തിയിരുന്നത്. ഈ ആനുകൂല്യം പ്രയോജനപ്പെടുത്തി ഇതിനകം തന്നെ ആയിരക്കണക്കിന് ആളുകൾ സ്വന്തം നാട്ടിലേക്ക് മടങ്ങുകയും വിസ ശരിയാക്കി യു.എ.ഇയിൽ തുടരുകയും ചെയ്യുന്നുണ്ട്.
പൊതുമാപ്പ് കാലാവധി നീട്ടിയതിനാൽ തന്നെ ആറ് മാസത്തേക്ക് സ്വയം സ്‌പോൺസർഷിപ്പിന് അപേക്ഷിക്കാനും കഴിയും. ഇതിലൂടെ മറ്റ് ജീവനക്കാരിലൂടെ സ്‌പോൺസർഷിപ്പിനോ മറ്റ് ജോലി അന്വേഷിക്കുവാനുമൊക്കെ കഴിയും.നിലവിൽ ഒന്പത് പൊതുമാപ്പ് കേന്ദ്രങ്ങളാണ് യു.എ.ഇയിലുള്ളത്.
പൊതുമാപ്പ് കാലാവധി പരമാവധി ഉപയോഗപ്പെടുത്തണമെന്നും നിയമം ലംഘിച്ചാൽ പിഴയടക്കം കടുത്ത ശിക്ഷ നേരിടേണ്ടി വരുമെന്നും ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പ് മുന്നറിയിപ്പ് നൽകി. ആറ് വർഷത്തിന് ശേഷമാണ് യു.എ.ഇ.യിൽ പൊതുമാപ്പ് നിലവിൽവന്നത്. അവസാനമായി 2012ൽ 62,000 പേരാണ് രണ്ട് മാസത്തെ പൊതുമാപ്പ് ഉപയോഗപ്പെടുത്തിയത്. ഇക്കഴിഞ്ഞ ഞായറാഴ്ച വരെ ഇന്ത്യൻ എംബസി 656 ഔട്ട് പാസുകളും 270 പാസ്‌പോർട്ടുകളും അനുവദിച്ചിട്ടുണ്ട്.