crime

കാസർകോട്: സ്വത്ത് കൈക്കലാക്കാൻ കാമുകൻ തയ്യാറാക്കിയ തിരക്കഥയിൽ ഭർത്താവിനെ കൊന്ന് പുഴയിൽ തള്ളിയ യുവതി പിടിയിലാകുന്നത് ആറു വർഷത്തിന് ശേഷം. കാസർകോട് മൊഗ്രാൽപുത്തൂർ ബെള്ളൂർ സ്വദേശിയും ബെവിഞ്ച സ്റ്റാർ നഗറിൽ താമസക്കാരനുമായിരുന്ന മുഹമ്മദ് കുഞ്ഞിയുടെ (36) തിരോധാന കേസിലാണ് ദുരൂഹത മറനീക്കിയത്. മുഹമ്മദ് കുഞ്ഞിയുടെ ഭാര്യ ചെട്ടുംകുഴിയിൽ വാടക ക്വാർട്ടേഴ്സിൽ താമസിക്കുന്ന കെ.വി സക്കീന (35), കാമുകൻ വസ്തുവില്പന ഇടപാടുകാരൻ കളനാട് അരമങ്ങാനം താമസിക്കുന്ന ആലിനടുക്കം വീട്ടിലെ എൻ.എ ഉമ്മർ (41) എന്നിവരാണ് പിടിയിലായത്.

2012 ആഗസ്റ്റ് 21നാണ് മുഹമ്മദ് കുഞ്ഞിയെ കാണാതായത് സംബന്ധിച്ച പരാതി പൊലീസിൽ ലഭിക്കുന്നത്. ഇയാളുടെ ബന്ധുവായ ഷാഫിയാണ് കാസർകോട് ടൗൺ പൊലീസ് സ്റ്റേഷനിൽ പരാതിയുമായി എത്തിയത്. എന്നിട്ടും വിവരമൊന്നും ലഭിക്കാതായപ്പോൾ ബന്ധുക്കൾ ഹൈക്കോടതിയിൽ ഹർജി ഫയൽ ചെയ്തു. സി.ഐയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷണം നടത്തിയിട്ടും ഫലമുണ്ടായില്ല. തുടർന്ന് ജില്ലാ പൊലീസ് ചീഫ് ശ്രീനിവാസിന്റെ നിർദേശ പ്രകാരം ഡി.സി.ആർ.ബി ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അന്വേഷണം ഏറ്റെടുത്തോടെയാണ് കേസ് തെളിഞ്ഞത്.

കോടികളുടെ സ്വത്തുക്കൾക്കുടമയായിരുന്നു മുഹമ്മദ് കുഞ്ഞി. പക്ഷേ ഇടയ്ക്കിടെ മാനസികാസ്വാസ്ഥ്യം ഉണ്ടാകുന്നത് ഇയാളെ അലട്ടിയിരുന്നു. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബത്തിൽ നിന്നാണ് സക്കീനയെ വിവാഹം ചെയ്യുന്നത്. വിവാഹത്തിന് ശേഷം ഭർത്താവിന്റെ അസുഖം യുവതിയെയും അസ്വസ്ഥയാക്കി. ഇതിനിടയിലാണ് ഇവരുടെ വീട്ടിനടുത്തുതന്നെയുള്ള വസ്തുവില്പന ഇടനിലക്കാരൻ എൻ.എ ഉമ്മർ ഈ വീടുമായി കൂടുതൽ സൗഹൃദം സ്ഥാപിക്കുന്നത്. സ്വാതന്ത്ര്യമേറിയപ്പോൾ മുഹമ്മദ്കുഞ്ഞിയെ ചികിത്സക്കായി മംഗളൂരുവിലെ ആശുപത്രിയിലെത്തിക്കുന്നതിന് സക്കീനയോടൊപ്പം ഉമ്മർ പോയി തുടങ്ങി. ക്രമേണ സക്കീനയോട് അടുത്തു. പിന്നീട് കോടികൾ വിലവരുന്ന മുഹമ്മദ് കുഞ്ഞിയുടെ മൂന്ന് വസ്തുക്കൾ ഇരുവരും ചേർന്ന് വില്പന നടത്തി പണം തട്ടിയെടുത്തു.

ഉമ്മറുമായുള്ള സക്കീനയുടെ ബന്ധം ഭർതൃവീട്ടുകാർ ചോദ്യം ചെയ്യാൻ തുടങ്ങി. ഇതോടെ ഭർത്താവുമായി ബേവിഞ്ചയിലെ വാടക വീട്ടിലേക്ക് സക്കീന താമസം മാറി. സ്വത്തുക്കൾ വില്പന നടത്തി പണം തട്ടിയെടുത്ത കാര്യം മുഹമ്മദ്കുഞ്ഞി തിരിച്ചറിയുകയും ചോദ്യംചെയ്യുകയും ചെയ്തു. ഇതാണ് മുഹമ്മദ്കുഞ്ഞിയെ കൊലപ്പെടുത്താൻ കാരണമായത്.

ഉമ്മർ സക്കീനയ്ക്ക് അതിരഹസ്യമായി ഭർത്താവിനെ കൊലപ്പെടുത്താനുള്ള പദ്ധതി തയ്യാറാക്കി നൽകുകയായിരുന്നു. തുടർന്ന് ഇരുവരും ചേർന്ന് കൃത്യം നടപ്പാക്കി. ഒരുദിവസം രാത്രിയിൽ കഴുത്തിൽ ഷാളിട്ട് മുറുക്കി ജനൽകമ്പിയിൽ വലിച്ചുകെട്ടി കൊലപ്പെടുത്തുകയായിരുന്നു. ഒരു ദിവസം മുഴുവൻ വീട്ടിൽ സൂക്ഷിച്ച മൃതദേഹം 300 മീറ്റർ മാത്രം അകലെയുള്ള പുഴയിൽ തള്ളി.

അന്വേഷണ സംഘം ചോദ്യം ചെയ്തപ്പോൾ ഭർത്താവിന്റെ മൃതദേഹം തളങ്കര കബർസ്ഥാനിൽ അടക്കംചെയ്തതായി പറഞ്ഞുവെങ്കിലും ഇതുൾപ്പെടെ യുവതിയുടെ മൊഴി കളവാണെന്ന് മനസിലാക്കി അന്വേഷണസംഘം അറസ്റ്റിലേക്ക് കടക്കുകയായിരുന്നു.

സ്വന്തം മൊഴി കുരുക്കായി

ഗൃഹനാഥന്റെ തിരോധാനം കൊലപാതകമാണെന്ന് തെളിഞ്ഞത് ഭാര്യയുടെ മൊഴിയിലെ വൈരുദ്ധ്യം പൊലീസ് പരിശോധിച്ചതോടെ. മുഹമ്മദ് കുഞ്ഞിയെ കാണാതായതിന് ശേഷം ഭാര്യയായ സക്കീന പരാതി നൽകാതിരുന്നതും താമസ സ്ഥലം മാറികൊണ്ടിരുന്നതും ഒന്നിലധികം പുരുഷന്മാരെ കൊണ്ടുനടന്ന് ഭർത്താവാണെന്ന് പരിചയപ്പെടുത്തിയതും അന്വേഷണത്തിൽ സംശയത്തിനിടയാക്കി. അറസ്റ്റിലായ ഉമ്മർ പെൺവാണിഭ കേസിലും കവർച്ചാ കേസിലും പ്രതിയാണ്. ഒരു കേസിൽ ജയിലിൽ കിടന്നശേഷം പുറത്തിറിങ്ങിയതാണ് ഇയാളെന്ന് പൊലീസ് പറയുന്നു.