1. ശബരിമല സുപ്രീം കോടതി വിധിയെ തുടർന്ന് നിലയ്ക്കലും പമ്പയിലും ഉൾപ്പെടെ നടന്ന അക്രമ സംഭവങ്ങളിൽ പൊലീസ് സ്വീകരിച്ച നടപടികളിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്ന ഹർജിയിൽ ഇടപെടാൻ കഴിയില്ലെന്ന് ഹൈക്കോടതി. ജുഡീഷ്യൽ അന്വേഷണം സർക്കാറിന്റെ വിവേചന അധികാരമാണ്. ഇത്തരം കാര്യങ്ങളിൽ ഇടപെടുന്നതിൽ കോടതിക്ക് പരിമിതിയുണ്ട്. ജുഡീഷ്യൽ അന്വേഷണം തീരുമാനിക്കേണ്ടത് മന്ത്രിസഭയാണ് എന്നും കോടതി.
2. ഹർജിയുമായി മുന്നോട്ട് പോകുന്നുണ്ടോ എന്ന് ചോദിച്ച കോടതി ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിക്കുന്നതുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയുടെ നേരത്തെയുള്ള മാർഗ നിർദേശങ്ങളുടെ പകർപ്പ് ഹർജിക്കാരന് നൽകി. പഠിച്ച ശേഷം നിലപാട് അറിയിക്കാം എന്ന് പറഞ്ഞ ഹർജിക്കാരൻ വീണ്ടും കേസ് എടുത്തപ്പോൾ ജുഡീഷ്യൽ അന്വേഷണ ആവശ്യം വേണ്ടെന്നു വയ്ക്കുക ആയിരുന്നു. അതേസമയം, ശബരിമലയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ സർക്കാർ ഇടപെടുന്നതിൽ ഹൈക്കോടതി വിശദീകരണം തേടി. തിങ്കളാഴ്ച വിശദീകരണം രേഖാമൂലം നൽകാൻ ആണ് നിർദ്ദേശം.
3. അതേസമയം, ശബരിമല സംഘർഷങ്ങളുമായി ബന്ധപ്പെട്ടുള്ള അറസ്റ്റ് അവസാന ഘട്ടത്തിൽ ആണ്. നിലയ്ക്കൽ, പമ്പ എന്നിവിടങ്ങളിൽ ഉണ്ടായ സംഘർഷങ്ങളിൽ ഇതുവരെ പൊലീസ് അറസ്റ്റു ചെയ്തത്, 3557 പേരെ. 531 കേസുകളിൽ ആയാണ് ഇത്രയും അറസ്റ്റ്. ഇന്നലെ മാത്രം പൊലീസ് കസ്റ്റഡിയിൽ എടുത്തത്, 51 പേരെ. സംഘർഷവുമായി ബന്ധപ്പെട്ട് 210 പേരുടെ ചിത്രങ്ങൾ കൂടി പൊലീസ് ഇന്നലെ പുറത്തു വിട്ടിരുന്നു. ഇനിയും 350 പേർ ഒളിവിൽ ആണ്. ഇവർക്കായി തിരച്ചിൽ ഊർജിതമാക്കിയതായി പൊലീസ്.
4. മലേഗാവ് സ്‌ഫോടന കേസിൽ പ്രതിയായ ലെഫ് കേണൽ ശ്രീകാന്ത് പുരോഹിതിന് എതിരെ എൻ.ഐ.എ കോടതി കുറ്റം ചുമത്തി. പുരോഹിതിനെ കൂടാതെ സന്യാസി പ്രജ്ഞ സിംഗ് ഠാക്കൂർ, റിട്ട മേജർ രമേശ് ഉപാധ്യായ് എന്നിവർ അടക്കം 7 പേർക്ക് എതിരെ ആണ് യു.എ.പി.എ നിയമ പ്രകാരം എൻ.ഐ.എ കോടതി കുറ്റം ചുമത്തിയത്. വിധി കേൾക്കാൻ മുഴുവൻ പ്രതികളും കോടതിയിൽ ഹാജരായിരുന്നു.
5. 10 വർഷം പഴക്കമുള്ള കേസിൽ വിചാരണ നടപടികൾ വേഗത്തിലാക്കാൻ നേരത്തെ ബോംബെ ഹൈക്കോടതിയും സുപ്രീംകോടതിയും നിർദ്ദേശിച്ചിരുന്നു. അതേസമയം, യു.എ.പിഎ നിയമം ചുമത്തിയത് ചോദ്യം ചെയ്തുള്ള പുരോഹിതിന്റെ അപ്പീലിൽ ഹൈക്കോടതി വാദം കേൾക്കും. നവംബർ 21ന് നിലപാട് അറിയിക്കാൻ എൻ.ഐ.എയ്ക്ക് കോടതി നിർദ്ദേശം നൽകിയിട്ടുണ്ട്.
6. യു.എ.ഇയിൽ പൊതുമാപ്പ് നീട്ടി. ഡിസംബർ ഒന്നുവരെ ആണ് പൊതുമാപ്പ് നീട്ടിയത്. നിയമലംഘകർ ഇല്ലാത്ത യു.എ.ഇ എന്ന ലക്ഷ്യത്തോടെ ആണ് അധികൃതർ മൂന്നുമാസം മുൻപ് പൊതുമാപ്പ് പ്രഖ്യാപിച്ചത്.
7. സ്‌കൂൾ കുട്ടികളെ കൊണ്ട് എന്തിനാണ് പുസ്തകങ്ങൾ ചുമപ്പിക്കുന്നത് എന്ന് ഹൈക്കോടതി. പുസ്തകങ്ങൾ സ്‌കൂളിൽ തന്നെ സൂക്ഷിച്ച് കൂടെ എന്നും സി.ബി.എസ്.ഇയോട് ഹൈക്കോടതി ചോദിച്ചു. സ്‌കൂൾ ബാഗുകളുടെ ഭാരം കുറയ്ക്കണം എന്ന് ആവശ്യപ്പെട്ടുള്ള ഹർജി പരിഗണിച്ചപ്പോഴാണ് കോടതിയുടെ പരാമർശം. സ്‌കൂൾ ബാഗുകളുടെ ഭാരം കുറയ്ക്കാനാണ് ശ്രമം എന്ന് സി.ബി.എസ്.ഇ കോടതിയിൽ വിശദീകരിച്ചു.
8. എൻ.ഡി.എയുടെ രഥയാത്രയോടെ ഹിന്ദു വിശ്വാസികളുടെ ഐക്യം സാധ്യമാകും എന്ന് ബി.ഡി.ജെ.എസ് സംസ്ഥാന പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി. യുവതീ പ്രവേശന വിഷയത്തിൽ സംസ്ഥാന നിയമസഭ പ്രമേയം പാസാക്കിയാൽ കേന്ദ്രസർക്കാർ ഓർഡിനൻസ് കൊണ്ടുവരും. വെള്ളാപ്പള്ളി നടേശനും എസ്.എൻ.ഡി.പിയും വിശ്വാസികൾക്ക് ഒപ്പം ആണെന്നും തുഷാർ പറഞ്ഞു.
9. നിലപാടുകൾ തുറന്ന് പറയുന്നതിന്റെ പേരിൽ ഡബ്യൂ.സി.സിയിലെ അംഗങ്ങൾക്ക് അവസരങ്ങൾ നഷ്ടപ്പെടുന്നു എന്ന് നടി പാർവതി തിരുവോത്ത്. തൊഴിൽ മേഖലയിൽ ഉള്ള ദുരനുഭവങ്ങൾ തുറന്ന് പറയണം എന്നാണ് ബോളിവുഡിലെ നിർമ്മാതാക്കളും പ്രൊഡക്ഷൻ ഹൗസുകളും പറയുന്നത്. അതിന്റെ പേരിൽ അവസരങ്ങൾ നഷ്ടപ്പെടില്ലെന്നും അവർ ഉറപ്പ് നൽകുന്നു. എന്നാൽ മലയാളത്തിൽ ഞങ്ങൾക്ക് ഈ പിന്തുണ ലഭിക്കുന്നില്ല എന്നും പാർവതി പറയുന്നു.
10. ഡൽഹിയിൽ അന്തരീക്ഷ മലിനീകരണം രൂക്ഷമാകുന്നു. നഗരത്തിലെ വിവിധ ഇടങ്ങളിൽ ഇന്നലെ വൈകുന്നേരത്തോടെ അന്തരീക്ഷ ഗുണനിലവാര സൂചികയിൽ അപായ നില പിന്നിട്ടു. അനന്ദ് വിഹാർ, ദ്വാരക, രോഹിണി, പഞ്ചാബി ബാഗ്, നറേല എന്നിവിടങ്ങളിൽ മലിനീകരണം രൂക്ഷമാണ്. വരും ദിവസങ്ങളിൽ സ്ഥിതി അതീവ ഗുരുതരം ആകുമെന്ന് അന്തരീക്ഷ ഗുണനിലവാര പഠന കേന്ദ്രം മുന്നറിയിപ്പ് നൽകി. മാസ്‌ക് ധരിക്കാനും, കഴിവതും വീടുകളിൽ തങ്ങാനും സർക്കാർ നിർദ്ദേശം നൽകിയിട്ടുണ്ട്.
11. രാഹുൽ ഈശ്വറിന് എതിരായ മീ ടൂ ആരോപണങ്ങൾ തള്ളി കുടുംബം. കൊച്ചിയിൽ വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിലാണ് രാഹുലിന്റെ ഭാര്യ ദീപ, മാതാവ് മല്ലിക നമ്പൂതിരി, മുത്തശ്ശി ദേവകി അന്തർജനം എന്നിവർ ആരോപണങ്ങൾ തള്ളി രംഗത്ത് എത്തിയത്. ആരോപണം ഉന്നയിച്ച യുവതി പീഡന ശ്രമം നടന്നു എന്ന് പറയുന്നതിനും 2 വർഷം മുമ്പ് തനിക്ക് രാഹുൽ ഈശ്വറിനെ അറിയാമെന്നും അന്ന് ആ വീട്ടിൽ മുത്തശ്ശിയും അമ്മയും എല്ലാം ഉണ്ടായിരുന്നു എന്നും ദീപ പ്രസ്താവനയിൽ വ്യക്തമാക്കി.