തിരുവനന്തപുരം: കൊച്ചുമകൻ ബി.ജെ.പിയുടെ പരിപാടിയിൽ പങ്കെടുത്തത് തന്റെ അറിവോടെയല്ലെന്ന് സി.പി.എം നേതാവ് എം.എം.ലോറൻസ് പറഞ്ഞു. ബി.ജെ.പിയുടെ പരിപാടിയിൽ പങ്കെടുത്തത് തെറ്റാണെന്നും അദ്ദേഹം പറഞ്ഞു.
കൊച്ചുമകൻ അല്ല, ആരായാലും ബിജെപിക്കൊപ്പം നിൽക്കുന്നത് തെറ്റാണ്. എല്ലാവരെയും ഒപ്പം നിർത്താൻ ഉള്ള ശ്രമത്തിന്റെ ഭാഗമായ രാഷ്ട്രീയ ചൂഷണം ആണ് ബി.ജെ.പി ഇപ്പോൾ നടത്തുന്നത്. വർഗീയത പരത്തുന്ന പാർട്ടിക്കൊപ്പം ആരും നിൽക്കരുത്. കേരളത്തിലെ ജനത ഒരിക്കലും ബിജെപിക്കൊപ്പം സഞ്ചരിക്കില്ല എന്നും ലോറൻസ് പറഞ്ഞു.
ശബരിമലയിൽ പൊലീസ് അതിക്രമം നടത്തിയെന്നാരോപിച്ച് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് പി.എസ് ശ്രീധരൻ പിള്ള ഡി.ജി.പി ഓഫീസിന് മുന്നിൽ നടത്തുന്ന ഏകദിന ഉപവാസത്തിലാണ് ലോറൻസിന്റെ കൊച്ചുമകൻ മിലൻ ലോറൻസ് ഇമ്മാനുവൽ പങ്കെടുത്തത്.