ചരിത്രത്തിലെ മറ്റൊരു മഹാസുദിനം ഇന്നു ശിവഗിരിയിൽ പുലരുകയാണ്. ഗുരുവിന്റെ തിരുനാമബലത്താൽ ഭാരതത്തിന്റെ നാനാഭാഗങ്ങളിൽ നിന്ന് നൂറുകണക്കിനു സന്യാസിശ്രേഷ്ഠരും പതിനായിരക്കണക്കിനു ഭക്തജനങ്ങളും സംഗമിക്കുന്ന മഹാ യതിപൂജയിലൂടെ ചരിത്രത്തിലെ ഏറ്റവും പ്രാധാന്യമുള്ള മറ്റൊരുഘട്ടം രചിക്കപ്പെടുകയാണിന്ന്.
90 സംവത്സരങ്ങൾക്കു മുമ്പ് ഗുരുദേവൻ പരിനിർവാണം പ്രാപിച്ചപ്പോൾ അന്നത്തെ സന്യസ്ത ശിഷ്യന്മാരുടെ മുഖ്യകാർമ്മികത്വത്തിൽ നടക്കേണ്ടിയിരുന്ന മണ്ഡല മഹാപൂജകൾ പൊടുന്നനെ വിലക്കപ്പെട്ടപ്പോഴുണ്ടായ വേദനയും വിങ്ങലും കടലാഴത്തിലും വലുതായിരുന്നു. അതിനുശേഷം വന്ന 90 മഹാസമാധി ദിനങ്ങളും ഈ ഹൃദയവേദനയെ വാനോളം പെരുക്കിക്കൊണ്ടിരുന്നതല്ലാതെ അത് നിറവേറ്റാനുള്ള കാലം സംജാതമായിരുന്നില്ല. ചരിത്രത്തെതന്നെ അപൂർണമാക്കിക്കളഞ്ഞ ആ വലിയ കടത്തിന്റെ മംഗളകരമായ കടംവീട്ടലാണ് ഇന്നു ശിവഗിരിയിൽ യാഥാർത്ഥ്യമാകുന്നത്. അതിന് കാർമ്മികത്വവും നേതൃത്വവും വഹിക്കാൻ ഗുരുവിന്റെ ആത്മീയഹൃദയത്തിൽ നിന്നും ജന്മംകൊണ്ട ശ്രീനാരായണധർമ്മസംഘവും നവോത്ഥാന ഹൃദയത്തിൽ നിന്നും ജന്മംകൊണ്ട ശ്രീനാരായണധർമ്മപരിപാലനയോഗവും ആത്മാവും ശരീരവുമെന്നപോലെ ഒന്നു ചേരുന്നു. ഇതിനു പിന്നിൽ ഗുരുവിന്റെ ഇച്ഛയുണ്ട്, സങ്കല്പമുണ്ട് നിയോഗമുണ്ട്, സ്വപ്നമുണ്ട്. അതുകൊണ്ടുതന്നെ ലോകമെങ്ങുമുള്ള ശ്രീനാരായണീയ സമൂഹത്തിന്റെ ഭാവിശ്രേയസിനെ നിർണയിക്കുന്നതിൽ ഈ മഹാസമാധി മണ്ഡലമഹാപൂജകൾക്കും ഇന്നു നടക്കുന്ന മഹായതിപൂജയ്ക്കും വിലമതിക്കാനാവാത്ത സ്ഥാനമുണ്ടായിരിക്കും.
ജീവിതത്തെ ഇരുളിനോളം മൂടിവച്ചിരുന്ന അസമത്വത്തിന്റെയും അസ്വാതന്ത്ര്യത്തിന്റെയും അന്ധവിശ്വാസത്തിന്റെയും അധർമ്മത്തിന്റെയും ചതുർ ഗഹ്വരങ്ങളിൽ നിന്നും, ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സർവരും സോദരത്വേന വാഴുന്ന മാതൃകാസ്ഥാനമെന്ന ചതുഷ്പദിയിലേക്ക് മനുഷ്യസഞ്ചയത്തെ നയിച്ച ഗുരു , ലൗകികതയിൽ അലൗകികതയെയും അലൗകികതയിൽ ലൗകികതയെയും മുത്തുച്ചിപ്പിയിലെ മുത്തെന്നപോലെ സംയോജിപ്പിച്ച , ഭാരതത്തിലെ ആദ്യത്തെ യതിവര്യനായിരുന്നു. അതുകൊണ്ടാണ് സർവസംഗപരിത്യാഗികളായ സന്യാസിമാരും സർവസംഗപരിഗൃഹീതരായ ജനങ്ങളും ഒന്നുപോലെ ഗുരുവിനു കടപ്പെട്ടവരാകുന്നത്. ഇങ്ങനെ ജാതിമതഭേദമെന്യേ മനുഷ്യസമൂഹത്തെ അഭ്യുന്നതിയിലേക്കും വിശ്വമാനവികതയിലേക്കും നയിച്ച ഗുരുവിനു സന്യസ്ത ശിഷ്യപരമ്പരയും ഭക്തജനസമൂഹവും സമർപ്പിക്കുന്ന ആത്മീയവും ലൗകികവുമായ കടപ്പാടാണ് മഹാ യതിപൂജയിലൂടെ പൂർണമാകുന്നത്. ഭാരതീയ സങ്കല്പമനുസരിച്ച് സമഷ്ടിരൂപത്തിലുള്ള സമ്പൂർണ ജ്ഞാനത്തിന്റെ മൂലരൂപമെന്നത് ഈശ്വരനാണെങ്കിൽ, വ്യഷ്ടിരൂപത്തിലുള്ള സമ്പൂർണജ്ഞാനത്തിന്റെ മൂലരൂപമാണ് ഗുരു. ശിഷ്യസമൂഹത്തെ അനുഗ്രഹിച്ചുകൊണ്ടിരിക്കുന്ന, അറിവിന്റെ മൂലരൂപമായ ഗുരുവിനെ, ദേവതുല്യം സ്മരിച്ച് , അറിവിന്റെ ഉത്തരരൂപികളായ ശിഷ്യസമൂഹം നന്ദി പ്രകാശിപ്പിക്കുന്ന സാർത്ഥകമായൊരു സാധനകൂടിയാണ് മഹാ യതിപൂജ.
ഗുരുദേവന്റെ മഹാസമാധിയുടെ നവതിയാചരണത്തോടനുബന്ധിച്ച് 41 ദിനരാത്രങ്ങളായി സെപ്തംബർ 21 മുതൽ ശിവഗിരിയിൽ നടന്നുവരുന്ന മണ്ഡലമഹാപൂജയുടെ മംഗളകരമായ പരിസമാപനമാണ് ഇന്നു നടക്കുന്ന മഹായതിപൂജ.