യോഗനാദം നവംബർ ഒന്ന് ലക്കം മുഖപ്രസംഗം
വേദങ്ങളുടെ നാടായ ഭാരതത്തിന്റെ ആദ്ധ്യാത്മിക സമ്പത്താണ് ലോക മാനവരാശിയുടെ വെളിച്ചം. ആ വെളിച്ചത്തിൽ നിന്നുകൊണ്ടാണ് മനുഷ്യൻ ഓരോ പടവുകളും നടന്നു കയറുന്നത്. ഇനിയും ഒട്ടനവധി പടവുകൾ താണ്ടുവാനുണ്ട്. അതിന്റെയെല്ലാം പൊരുൾ സനാതന ധർമ്മത്തിൽ അധിഷ്ഠിതമാണ്. സത്യദർശികളായ സന്യാസിവര്യൻമാരുടെ ജ്ഞാനസമ്പാദനമാണ് ഈ പടവുകൾ ചവിട്ടാനുള്ള മനുഷ്യന്റെ ശക്തി. ആ ഋഷി പരമ്പരകളുടെ സ്ഥാനം ഒരു രാജ്യത്ത് അവിടുത്തെ രാജാവിനെക്കാൾ മുകളിലായിരുന്നു. നമ്മുടെ പൗരാണിക ഗ്രന്ഥങ്ങളിലെല്ലാം തന്നെ അതു ദർശിക്കാൻ കഴിയും. അത്തരം സന്യാസി പരമ്പരകളുടെ കണ്ണികളായി ഭാരതത്തിലെ വിവിധ ആശ്രമങ്ങളിൽ വസിക്കുന്ന സുകൃതികളെ യഥോചിതം പൂജിച്ചാദരിക്കുന്ന ചടങ്ങാണ് ശിവഗിരി മഹാസമാധിയിൽ നടക്കുന്ന മഹായതിപൂജ. വിശ്വഗുരുവിന്റെ മഹാസമാധിയോടനുബന്ധിച്ച് നടത്തേണ്ടിയിരുന്ന യതിപൂജ 90 വർഷങ്ങൾക്കുശേഷമാണ് നടത്താൻ വിധിയുണ്ടായത്.
ആത്മീയ അനുഷ്ഠാനത്തിലെ അറിവിന്റെ പരിമിതിയാണ് അത് അന്നു നടത്താൻ നമുക്ക് സാധിക്കാതെ വന്നത്. മാനവരാശിയുടെ നന്മയ്ക്കും സുഖത്തിനും വേണ്ടി മഹാഗുരു തന്റെ ആയുസും വപുസും തപസും ബലിചെയ്തു. എന്നാൽ അല്പജ്ഞാനികളായ നാം നമ്മുടെ അറിവിന്റെ പരിമിതിക്കുള്ളിൽ നിന്നുകൊണ്ട് അതിനെ വിലയിരുത്തിയതുകൊണ്ടാണ് അന്ന് ആ മഹത്കർമ്മം സംഭവിക്കാതിരുന്നത്. അതിന്റെ പശ്ചാത്താപം ഗുരുഭക്തരായ ഓരോരുത്തരേയും വേദനിപ്പിച്ചുകൊണ്ടേയിരുന്നു. നമ്മുടെ കർത്തവ്യ നിർവഹണം കഴിയാതെ പോയതിന്റെ പാപഭാരം ഹൃദയത്തിൽ നിന്നും ഒഴിച്ചുകളയാൻ നമുക്ക് ഒരു 90 വർഷം കാത്തിരിക്കേണ്ടി വന്നു എന്നുള്ളത് വർത്തമാനവും ഭൂതവും ഭാവിയും വിശകലനം ചെയ്യാൻ നിമിത്തമായിരിക്കുന്നു.
മഹായതിപൂജ പരബ്രഹ്മസ്വരൂപനായ ഭഗവാന്റെ മഹാസമാധിയുടെ നവതി ആചരണത്തിന്റെ ഭാഗമായി ഒരു വർഷം നീണ്ടുനിൽക്കുന്ന വിവിധ ചടങ്ങുകളോടെ ആരംഭിച്ച് ഇന്നിതാ 41 ദിവസത്തെ മണ്ഡല മഹാപൂജയും മഹായതിപൂജയോടു കൂടി സമാപിച്ചിരിക്കുന്നു. ഇതൊരു ചരിത്രസംഭവമായി പരിണമിച്ചത് ഗുരുഭക്തരായ സജ്ജനങ്ങളുടെ നിർലോഭമായ സഹകരണം കൊണ്ടാണ്.
ഈ ചടങ്ങിന്റെ മറ്റൊരു പ്രത്യേകത എന്നു പറയുന്നത് 90 വർഷങ്ങൾക്കു മുമ്പ് അന്ന് യോഗം കൗൺസിൽ കൂടി തീരുമാനിച്ച് കോടതിയെ സമീപിച്ച് അത് തടഞ്ഞു എങ്കിൽ ഇന്നത്തെ യോഗം കൗൺസിൽ ഗുരുവിന്റെ ഇച്ഛയ്‌ക്കൊത്ത് ഇത് നടത്തുന്നതിന് ശിവഗിരി ധർമമസംഘം ട്രസ്റ്റിനോടൊപ്പം ആദ്യാവസാനം പ്രവർത്തിച്ചു എന്നുള്ളതാണ്. ഇതൊരു ചരിത്ര സംഭവമാവുകയാണ്. മഹാഗുരുവിന്റെ തൃക്കരങ്ങളാൽ രൂപീകൃതമായ ശിവഗിരി ധർമ്മസംഘം ട്രസ്റ്റും എസ്. എൻ. ഡി.പി യോഗവും ഒരേ മനസോടെ പ്രവർത്തിക്കുന്നതിനുള്ള ധന്യമുഹൂർത്തമാണ് ഇന്ന് സംജാതമായിരിക്കുന്നത്. ലോകത്ത് ആകമാനം പ്രവർത്തിക്കുന്ന ശ്രീനാരായണ പ്രസ്ഥാനങ്ങളുടെ ഒരു സുഹൃദ് വേദി ഇതോടൊന്നിച്ച് രൂപം കൊള്ളുന്നു.
ലോകം ഇന്ന് വൈവിധ്യങ്ങളായുള്ള വിശ്വാസങ്ങളുടെയും പ്രവർത്തനങ്ങളുടെയും അടിസ്ഥാനത്തിലാണ് നിലനിൽക്കുന്നത്. അതിന്റെ ഫലമോ മത്സരങ്ങളും അധിനിവേശവും നടക്കുന്നു. മനുഷ്യ ജീവനുകൾക്ക് യാതൊരു വിലയും ഇല്ലാതെ നിഷ്‌ക്കരുണം കൊന്നുതള്ളുന്നു. കൊല്ലുന്നവർ അതിന് വിശ്വാസത്തിന്റേയും കക്ഷിരാഷ്ട്രീയത്തിന്റേയും പേരിൽ ന്യായീകരണങ്ങൾ കണ്ടെത്തുന്നു. ഓരോ വിഭാഗവും അതിജീവനത്തിനുവേണ്ടി ആയുധപ്പുരകൾ സജ്ജമാക്കുന്നു. പരസ്പര വിശ്വാസവും ബഹുമാനവും നഷ്ടപ്പെടുന്നു. ആർക്കും എവിടെയും എപ്പോഴും എന്തും സംഭവിക്കാവുന്ന നിലയിലേയ്ക്ക് ലോകം വഴിമാറുന്നു. ഇവിടെയാണ് മഹാഗുരുവിന്റെ തത്വദർശനത്തിന്റെ അനിവാര്യത സംഭവിക്കുന്നത്. ''മതം ഏതായാലും മനുഷ്യൻ നന്നാവണം'' എന്ന ഗുരുവിന്റെ വിശ്വദാർശനിക സിദ്ധാന്തം ലോകമെമ്പാടും പ്രചരിപ്പിക്കുന്നതിനുള്ള ഒരു അവസരമാണ് ഈ മഹാ യതിപൂജയിലൂടെ, ശ്രീനാരായണ പ്രസ്ഥാനങ്ങളുടെ ആഗോള കൂട്ടായ്മയിലൂടെ ലക്ഷ്യമിടുന്നത്.
അതേപോലെതന്നെ നമ്മുടെ രാജ്യത്തിനുതന്നെ മാതൃകയാണ് കേരളമെന്ന ഈ സംസ്ഥാനം. മതേതര വീക്ഷണത്തിനും മാനുഷിക മൂല്യങ്ങൾക്കും സാംസ്‌ക്കാരിക പൈതൃകങ്ങൾക്കും ആദ്ധ്യാത്മിക വളർച്ചയ്ക്കും ഒരുപാട് സ്വാധീനമുള്ള നാടാണ് നമ്മുടേത്. എന്നാൽ അടുത്തകാലത്തായി അതിന് മൂല്യച്യുതി സംഭവിച്ചുകൊണ്ടിരിക്കുന്നു. അതൊരു വെല്ലുവിളിയാണ്. ഭ്രാന്താലയമായിരുന്ന നമ്മുടെ നാട് ദൈവത്തിന്റെ സ്വന്തം നാടായത് മഹാഗുരുവിന്റെ ദാർശനിക കാഴ്ചപ്പാടിന്റെ പ്രായോഗിക പ്രവർത്തനങ്ങളായിരുന്നു. ജനകീയ ജനാധിപത്യത്തിന്റെ ലക്ഷ്യങ്ങൾക്ക് തന്നെ പുതിയ വ്യാഖ്യാനവുമായി രാഷ്ട്രീയ-ഭരണനേതാക്കൻമാർ രംഗപ്രവേശം ചെയ്തതോടെ പുതിയ പുതിയ ഒത്തുചേരലുകളും അതിലൂടെ വിരുദ്ധ ആശയഗതിയിലൂടെ ആരോഗ്യ പരമായ മത്സരത്തോടെ ഉണ്ടായിരുന്നവർ പൊതുമിനിമം പരിപാടിയുടെ വക്താക്കളായി മാറി. അപ്പോൾ ഓരോരുത്തരിലും ഉണ്ടായിരുന്ന ധാർമ്മികമായ മൂല്യബോധം താല്ക്കാലിക നേട്ടങ്ങൾക്കുവേണ്ടി സന്ധി ചെയ്യുവാൻ പാടില്ലാത്തവർ തമ്മിൽ സന്ധി ചെയ്യാൻ തുടങ്ങി. ഇതാണ് ഇന്നത്തെ പ്രതിസന്ധിയുടെ പ്രധാന കാരണം.
ഇതിനെ മറികടക്കാൻ ഇച്ഛാശക്തിയോടെ , പൊതുസ്വീകാര്യതയുടെ പ്ലാറ്റ്‌ഫോമിൽ നിന്നുകൊണ്ട് പഠിപ്പിക്കുവാൻ കഴിയുന്നത് ഗുരുദർശനം മാത്രമാണ്. അതിന് ശ്രീനാരായണപ്രസ്ഥാനങ്ങൾക്ക് ഉത്തരവാദിത്വവും ബാദ്ധ്യതയും ഉണ്ട്. അതിനുള്ള അവസരമായി ഈ മഹായതിപൂജയെ നമുക്ക് കാണാൻ കഴിയും. ഇവിടെ ഇനി നമുക്ക് മത്സരം വേണ്ട. പരസ്പരം മത്സരിച്ചാൽ നാം എവിടെയും എത്തുകയില്ല. അതിനാൽകേരളത്തിൽ പ്രവർത്തിക്കുന്ന എല്ലാ ശ്രീനാരായണ പ്രസ്ഥാനങ്ങളും ഗുരുവിന്റെ നാമധേയത്തിൽ ഒത്തുചേർന്ന് പ്രവർത്തിക്കണം. അതിനുള്ള ഊർജ്ജമാണ് യതിപൂജയിലൂടെ സംഭരിച്ചിരിക്കുന്നത്. ഒന്നിച്ചുനിന്ന് ഗുരുവിന്റെ വീക്ഷണത്തിലുള്ള നവകേരള സൃഷ്ടിക്ക് പ്രതിജ്ഞയെടുക്കാം.
ഈ മഹാ യതിപൂജയും മണ്ഡലപൂജയും ഒരു ചരിത്രസംഭവമാക്കാൻ അക്ഷീണം പ്രവർത്തിച്ച എല്ലാ ഗുരുഭക്തർക്കും ഞാൻ ആദ്യമായി നന്ദി അറിയിക്കുന്നു. വിശിഷ്യാ ശിവഗിരി മഠം പ്രസിഡന്റ് ബ്രഹ്മശ്രീ വിശുദ്ധാനന്ദസ്വാമിജി, സെക്രട്ടറി, ബ്രഹ്മശ്രീ സാന്ദ്രാനന്ദ സ്വാമിജി, ശാരദാനന്ദ സ്വാമിജി, ശിവസ്വരൂപാനന്ദ സ്വാമിജി, സച്ചിദാനന്ദ സ്വാമിജി അടക്കമുള്ള സന്യാസി ശ്രേഷ്ഠൻമാർക്കും ഒപ്പം തന്നെ ഇതിന്റെ ജനറൽ കൺവീനറായി ആദ്യാവസാനം പ്രവർത്തിച്ച യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി, യോഗം പ്രസിഡന്റ് ഡോ. എം. എൻ.സോമൻ,ദേവസ്വം സെക്രട്ടറി അരയക്കണ്ടി സന്തോഷ്,യോഗം കൗൺസിൽ അംഗങ്ങൾ,ബോർഡ് മെമ്പർമാർ, വനിതാസംഘം/യൂത്ത്മൂവ്‌മെന്റ് കേന്ദ്രസമിതി പ്രവർത്തകർ വൈദിക സമിതി / സൈബർസേനാ നേതാക്കൻമാർ, യൂണിയൻ ഭാരവാഹികൾ, ശാഖാ ഭാരവാഹികൾ,പോഷക സംഘടനാ ഭാരവാഹികൾ, വിവിധ സബ്കമ്മറ്റി അടക്കമുള്ള എല്ലാവർക്കും ഞാൻ ഹൃദയപൂർവം നന്ദി അറിയിക്കുന്നു.