തിരുവനന്തപുരം: പാർലമെന്റ്, നിയമസഭാ തിരഞ്ഞെടുപ്പുകൾ ഒരുമിച്ച് നടത്തണമെന്ന വാദം അടിസ്ഥാനപരമായി തന്നെ ഭരണഘടനാവിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. എ.കെ.ജി പഠന ഗവേഷണകേന്ദ്രം എ.കെ.ജി ഹാളിൽ സംഘടിപ്പിച്ച തിരഞ്ഞെടുപ്പ് പരിഷ്കാരങ്ങൾ എന്ന സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഒരേസമയം പാർലമെന്റിലേക്കും നിയമസഭകളിലേക്കും തിരഞ്ഞെടുപ്പ് നടത്തണമെന്നുണ്ടെങ്കിൽ ഒന്നുകിൽ പാർലമെന്റ് നേരത്തേ പിരിച്ചുവിടുകയോ അല്ലെങ്കിൽ തിരഞ്ഞെടുക്കപ്പെട്ട കാലാവധിയേക്കാൾ അധികം നാൾ തുടരാനനുവദിക്കുകയോ വേണം. സമാനമായ സാഹചര്യം സംസ്ഥാന നിയമസഭകളുടെ കാര്യത്തിലും സംഭവിക്കും. അങ്ങനെയാവുമ്പോൾ ഒരു വിധത്തിൽ അല്ലെങ്കിൽ മറ്റൊരു വിധത്തിൽ ജനഹിതത്തെ റദ്ദ് ചെയ്യേണ്ടിവരും. അത് ഭരണഘടനയുടെ കേന്ദ്രബിന്ദുവിനെ ലംഘിക്കലാവും. ജനങ്ങൾ തിരഞ്ഞെടുക്കുന്ന പ്രതിനിധികളും അവർ രൂപീകരിക്കുന്ന സർക്കാരുകളുമാണ് ജനങ്ങളുടെ പരമാധികാരം കാത്തുസൂക്ഷിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുന്നത്.
തിരഞ്ഞെടുപ്പിനെ അപ്രസക്തമാക്കുന്ന അമിതാധികാര കേന്ദ്രീകരണത്തെ സഹായിക്കുന്ന പ്രസിഡൻഷ്യൽ സമ്പ്രദായം അംഗീകരിക്കാനാവില്ല. രണ്ട് പാർട്ടി സമ്പ്രദായം എന്ന നിർദ്ദേശവുമുണ്ട്. നിയമസഭകളിന്മേൽ കൈ കടത്തുന്നത് ഫെഡറൽഘടനയെ പ്രതികൂലമായി ബാധിക്കും. അത്തരത്തിൽ ഇന്ത്യയിൽ ആദ്യം പിരിച്ചുവിടപ്പെട്ട മന്ത്രിസഭ കേരളത്തിലായിരുന്നു. അന്ന് പിരിച്ചുവിട്ട മന്ത്രിസഭയുടെ പിൻതലമുറക്കാനും ആ തിക്താനുഭവം ഏറ്റുവാങ്ങിയ സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയും എന്ന നിലയിൽ അത്തരം വാദങ്ങളോട് യോജിക്കാനാവില്ല. ഇപ്പോഴും ഇത്തരം ചില ഭീഷണികൾ ഉയർന്നുവന്നത് പ്രത്യേകം നാം കാണണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ആഭ്യന്തര ജനാധിപത്യം നടപ്പാക്കാനാവാത്ത രാഷ്ട്രീയകക്ഷികൾക്ക് എങ്ങനെ നാട്ടിലെ ജനാധിപത്യം സംരക്ഷിക്കാനാകുമെന്ന് മുഖ്യപ്രഭാഷണം നടത്തിയ സി.പി.എം പി.ബി അംഗം എസ്. രാമചന്ദ്രൻ പിള്ള പറഞ്ഞു. കോൺഗ്രസിലും ബി.ജെ.പിയിലും നേതാക്കളെ തിരഞ്ഞെടുക്കുകയല്ല, നിയമിക്കുകയാണ്. മതനിരപേക്ഷ, ജനാധിപത്യ, സാമൂഹ്യഘടനയെ ദുർബലപ്പെടുത്തുന്നവർ ഭരണത്തിലെത്തരുത് എന്നുറപ്പ് വരുത്താനുള്ള നടപടികൾ തിരഞ്ഞെടുപ്പ് പരിഷ്കരണത്തിന്റെ ഭാഗമായി ഉണ്ടാവണമെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു. മതനിരപേക്ഷതയിൽ വിശ്വസിക്കുന്നവരാണ് തിരഞ്ഞെടുക്കപ്പെട്ട് വരുന്നത് എന്നും ഉറപ്പാക്കണം.
തിരഞ്ഞെടുപ്പ് പരിഷ്കരണത്തിന്റെ പേരിൽ പാർലമെന്ററി തിരഞ്ഞെടുപ്പ് സംവിധാനം അട്ടിമറിക്കാനാണ് ബി.ജെ.പി ശ്രമമാരംഭിച്ചിരിക്കുന്നതെന്ന് അദ്ധ്യക്ഷത വഹിച്ച സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. തിരഞ്ഞെടുപ്പ് പരിഷ്കരണം ജനാധിപത്യ സംവിധാനത്തെ ശക്തിപ്പെടുത്താനായിരിക്കണമെന്നും കോടിയേരി പറഞ്ഞു.
അഡ്വക്കറ്റ് ജനറൽ സി.പി. സുധാകരപ്രസാദ്, കെ. ശശിധരൻ നായർ, ജെ. പ്രഭാഷ്, എൻ.കെ. ജയകുമാർ, ആനാവൂർ നാഗപ്പൻ എന്നിവർ സംസാരിച്ചു.