തിരുവനന്തപുരം: ശബരിമലയിലെ സ്ത്രീ പ്രവേശനത്തെ അനുകൂലിച്ച കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ നിലപാടിനെ ചൊല്ലി ആശയക്കുഴപ്പമില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. രാഹുൽ ഗാന്ധി കേരളത്തിലെ പാർട്ടിയെ തള്ളിപ്പറഞ്ഞിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ശബരിമല വിഷയത്തിൽ രാഹുൽ നേരത്തെ തന്നെ തന്റെ നിലപാട് വ്യക്തമാക്കിയിരുന്നതാണ്. അപ്പോഴും കേരള നേതൃത്വത്തോട് അവരുടെ നിലപാടുമായി മുന്നോട്ട് പോകാൻ അനുവദിച്ചിരുന്നു. രാഹുൽ ഗാന്ധിയുടെ മഹത്വമാണ് ഇത് വെളിവാക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു.
ശബരിമല വിഷയത്തിൽ കേരളത്തിലെ കോൺഗ്രസ് നേതൃത്വത്തിന്റെ നിലപാടിൽ മാറ്റമില്ല. വിശ്വാസികൾക്കൊപ്പമാണ് യു.ഡി.എഫും കോൺഗ്രസും നിലനിൽക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ശബരിമലയിലെന്നല്ല എല്ലായിടത്തും സ്ത്രീകൾക്ക് പ്രവേശനം അനുവദിക്കണമെന്നാണ് തന്റെ അഭിപ്രായമെന്നാണ് രാഹുൽ പറഞ്ഞത്. ശബരിമല വിഷയത്തിൽ കേരളത്തിലെ കോൺഗ്രസ് നേതൃത്വത്തിന്റെ നിലപാടിന് വിരുദ്ധമാണ് തന്റെ നിലപാട്. പുരുഷനും സ്ത്രീയും തുല്യരാണ്. സ്ത്രീകളെ എല്ലായിടത്തും പ്രവേശിക്കാൻ അനുവദിക്കണം - രാഹുൽ പറഞ്ഞു. ശബരിമല വൈകാരിക വിഷയമാണെന്നാണ് കേരളത്തിലെ പാർട്ടിയുടെ നിലപാടെന്നും രാഹുൽ പറഞ്ഞിരുന്നു.