മറ്റ് പ്രീമിയം ഫോണുകളെ അപേക്ഷിച്ച് കുറഞ്ഞ വിലയിൽ കൂടുതൽ ഫീച്ചറുകളുമായി വൺ പ്ലസിന്റെ 6ടി എത്തുന്നു.പ്രീമിയം ഫോണുകളുടെ ഫീച്ചറിൽ കുറഞ്ഞ വിലയിൽ വിപണിയിലെത്തുകയാണ് വൺ പ്ലസ് 6 ടി. വൺ പ്ലസ് 6 എന്ന മോഡലിന്റെ നവീകരിച്ച പതിപ്പാണിത്. കാമറയിൽ പുത്തൻ സാങ്കേതികവിദ്യ ഉൾപ്പെടുത്തി പുറത്തിറങ്ങിയ 6ടിയിൽ രാത്രിയിൽ മികച്ച ചിത്രങ്ങൾ എടുക്കാമെന്നത് വലിയ പ്രത്യേകതയാണ്. കാമറ പ്രേമികൾക്കിതൊരു സന്തോഷ വാർത്തയാകുമെന്നതിൽ സംശയമില്ല.
ആൻഡ്രോയിഡ് 9.0 പൈ വെർഷനാണ് മറ്റൊരു പ്രത്യേകത വൺ പ്ലസിന്റെ സ്വന്തം യു.ഐ ആയ ഓക്സിജൻ തന്നെയാണ് 6ടിയിലും ഉപയോഗിച്ചിരിക്കുന്നത്. ഫുൾ എച്ച്.ഡി ഡിസ്‌പ്ലേയുള്ള സ്ക്രീനിന് 19:5:9 റെസല്യൂഷനിൽ വാട്ടർ നോച്ച് സംവിധാനമാണുള്ളത്. ഇത് സ്ക്രീനിന്റെ ഏകദേശം 95%ൽ കൂടുതൽ ഉപയോഗിക്കാനാവുകയും മികച്ച ദൃശ്യാനുഭവം നൽകുകയും ചെയ്യും. സ്ക്രീനിന് ഗോറില്ല ഗ്ലാസ് 6ന്റെ സംരക്ഷണം നൽകിയതും പ്രത്യേകതയാണ്.
സ്നാപ്പ് ഡ്രാഗൺ 845 പ്രൊസസറാണ് 6ടിക്ക് കരുത്തേകാൻ ഉപയോഗിച്ചിരിക്കുന്നത്. 8/6 ജി.ബി റാം വേരിയന്റ് ഫോണിന് 256/128 ജി.ബി സംഭരണശേഷിയാവും ഉണ്ടാകുക. 3700 എം.എ.എച്ച് ബാറ്ററിയുള്ള ഫോണിന് ഫാസ്റ്ര് ചാർജ്ജിംഗ് സംവിധാനമാണുണ്ടാവുക.16+20 മെഗാപിക്സൽ പിൻകാമറയും 16 മെഗാപിക്സൽ മുൻകാമറയുമാണുണ്ടാവുക. പിൻകാമറകൾക്ക് രണ്ടിനും 1.7 വരെ അപ്പേർച്ചറും മുൻകാമറയ്ക്ക് 2.0 അപ്പേർച്ചറുമാണ് ഉണ്ടാവുക.
വീഡിയോ 4k/60p ൽ ഷൂട്ട് ചെയ്യാനാവും എന്നത് ഐഫോൺ എക്സ് പോലുള്ള വൻകിട ഫോണുകളുമായി കിടപിടിക്കത്തക്ക ശേഷിയുള്ളതാണ്. ഫോട്ടോ പ്രേമികൾക്കായി പ്രോ മോഡും ഉൾപ്പെടുത്തിയിട്ടുണ്ട്. ഡിസ്‌പ്ലേ വലുതാകുന്നതനുസരിച്ച് ഫോൺ കൈയ്യിലൊതുങ്ങാനും പാടാണ് എന്നതിന് ബദലാണ് വൺപ്ലസ് 6 ടി. ഫിങ്കർ സ്കാനർ ഇത്തവണ പിന്നിലല്ല മുന്നിലാണ്, അതും സ്ക്രീനിൽ തന്നെ. സുഗമമായി കൈയിലൊതുക്കാവുന്ന രൂപകൽപ്പന കൂടുതൽ ആശ്വാസകരമായ കാര്യമാണ്.
പ്രവർത്തനത്തിൽ ഒരുവിധത്തിലും വേഗത നഷ്ടപ്പെടാതിരിക്കാനായി ഏറ്റവും മികച്ച പ്രൊസസറാണ് വൺപ്ലസ് 6 ടിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
വൺപ്ലസ് 6ടി 6ജി.ബി 128ജി.ബി - ഏകദേശ വില 40,300
വൺപ്ലസ് 6ടി 8ജി.ബി 128ജി.ബി - ഏകദേശ വില 42,500
വൺപ്ലസ് 6ടി 8ജി.ബി 256ജി.ബി - ഏകദേശ വില 46,200
ഓൺലൈൻ വിപണിയായ ആമസോൺ വഴിയെത്തുന്ന ഫോണിന്റെ പ്രീ-ബുക്കിംഗ് ആരംഭിച്ചു കഴിഞ്ഞു.