കൊച്ചി: മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയിൽ ലോജിസ്‌റ്രിക്‌സ് (ചരക്കുനീക്കം) ചെലവ് കൂടുതലാണെന്നും ഇത് വികസനത്തെ ബാധിക്കുന്നുണ്ടെന്നും കേന്ദ്രമന്ത്രി നിതിൻ ഗഡ്‌കരി പറഞ്ഞു. ജലഗതാഗതം ഊർജിതമാക്കിയാൽ ഈ തടസം മറികടക്കാം. കൊച്ചി കപ്പൽശാലയിൽ 1,799 കോടി ചെലവിൽ നിർമ്മിക്കുന്ന രാജ്യത്തെ ഏറ്റവും വലിയ ഡ്രൈ ഡോക്കിന്റെ ശിലാസ്ഥാപനം മുഖ്യമന്ത്രി പിണറായി വിജയനൊപ്പം നിർവഹിക്കുകയായിരുന്നു ഗഡ്‌കരി.
ചൈനയിൽ ജി.ഡി.പിയുടെ പത്തു ശതമാനവും യൂറോപ്പിൽ 12 ശതമാനവുമാണ് ചരക്കുനീക്കച്ചെലവ്. ഇന്ത്യയിൽ ഇത് 16-18 ശതമാനമാണ്. ചരക്കുനീക്കത്തിന്, മെഥനോൾ ഇന്ധനമായുള്ള വെസലുകൾ ഉപയോഗിച്ചും ചെലവ് കുറയ്‌ക്കാം. ചൈനയിൽ മെഥനോളിന് 60 രൂപയാണെങ്കിൽ ഇന്ത്യയിൽ വില 22 രൂപയാണ്.
കപ്പലുകളുടെ നിർമ്മാണത്തിനും അറ്റകുറ്റപ്പണിക്കും സ്വയം പര്യാപ്‌തതയിലേക്ക് മാറിയിരിക്കുകയാണ് ഇന്ത്യ. അതിന്, കൊച്ചി കപ്പൽശാല വഹിക്കുന്നത് മികച്ച പങ്കാണ്. ആഗോള വാണിജ്യ കപ്പൽ വ്യവസായ രംഗത്ത് ഇന്ത്യയുടെ പങ്ക് ഒരു ശതമാനത്തിൽ താഴെയാണ് (മൂല്യം 3,200 കോടി രൂപ). കൊച്ചിയിൽ പുതിയ ഡ്രൈ ഡോക്ക് സജ്ജമാകുന്നതോടെ ഇത് രണ്ടു ശതമാനമാകും.
പത്തു വർഷത്തിനകം മൂല്യം 15,000 കോടി രൂപയായി ഉയർത്തുകയാണ് ലക്ഷ്യം. ഒരുലക്ഷം പുതിയ തൊഴിലുകളും സൃഷ്‌ടിക്കപ്പെടും. കൊച്ചി കപ്പൽശാലയെ സ്വകാര്യവത്‌കരിക്കില്ല. പുതിയ ഡ്രൈ ഡോക്കിന് ഉൾപ്പെടെ പണം കണ്ടെത്താനാണ് പ്രാരംഭ ഓഹരി വില്‌പന നടത്തിയത്. ഇവിടുത്തെ മികച്ച അടിസ്ഥാനസൗകര്യവും ജീവനക്കാരുടെ വൈദഗ്ദ്ധ്യവും ലോക തലത്തിൽ അംഗീകരിക്കപ്പെട്ടിട്ടുണ്ട്. കൂടുതൽ യുവാക്കൾക്ക് തൊഴിൽ വൈദഗ്ദ്ധ്യം ലഭ്യമാക്കാനായി ഇവിടെ സ്‌കിൽ ട്രെയിനിംഗ് സെന്റർ ആരംഭിക്കാമെന്നും അദ്ദേഹം പറഞ്ഞു.
ഷിപ്പിംഗ് വ്യവസായത്തിൽ ഇന്ത്യയുടെ വികസനത്തിന് കേരളത്തിന്റെ സംഭാവനയാണ് പുതിയ ഡ്രൈ ഡോക്കെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഡ്രൈ ഡോക്ക് സജ്ജമാകുന്നതോടെ കൊച്ചി കപ്പൽശാല കൊളംബോ, ദുബായ്, ബഹ്‌റിൻ തുടങ്ങിയവയ്ക്ക് വെല്ലുവിളിയാകും. ചുരുങ്ങിയ സമയത്തിനകമാണ് ഡ്രൈ ഡോക്ക് ഉൾപ്പെടെയുള്ള വികസന പദ്ധതികൾ കൊച്ചി കപ്പൽശാല യാഥാർത്ഥ്യമാക്കുന്നത് എന്നത് ശ്ളാഘനീയമാണ്.
ഉൾനാടൻ ജലഗതാഗതത്തിന് കേരളം വലിയ പ്രാധാന്യം നൽകുന്നുണ്ട്. കാസർഗോഡ്-തിരുവനന്തപുരം ജലഗതാഗത പദ്ധതി ചരക്കുനീക്കത്തിനും ടൂറിസം മേഖലയ്‌ക്കും നേട്ടമാകും. വിഴിഞ്ഞം പദ്ധതിയും പുരോഗമിക്കുകയാണ്. കൊച്ചിയും കേരളവും ഇന്ത്യയുടെ ഷിപ്പിംഗ് ഹബ്ബായി മാറുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രതിരോധ മേഖലകളിൽ നിന്നുൾപ്പെടെയുള്ള കപ്പൽ നിർമ്മാണ ഓർഡറുകൾ കൊച്ചി കപ്പൽശാലയ്‌ക്ക് നൽകാൻ കേന്ദ്രസർക്കാർ മുൻകൈ എടുക്കണമെന്നും ഇത് കപ്പൽശാലയുടെ വികസനത്തിന് മുതൽക്കൂട്ടാകുമെന്നും ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ച പ്രൊഫ. കെ.വി. തോമസ് എം.പിയും ഹൈബി ഈഡൻ എം.എൽ.എയും പറഞ്ഞു. മേയർ സൗമിനി ജെയിൻ, കൊച്ചി കപ്പൽശാല ചെയർമാനും മാനേജിംഗ് ഡയറക്‌ടറുമായ മധു എസ്. നായർ എന്നിവരും സംസാരിച്ചു.
കേരളത്തിന് പ്രശംസ
അടിസ്ഥാന സൗകര്യ വികസനത്തിന് മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ സംസ്ഥാന സർക്കാരെടുക്കുന്ന നടപടികൾ അഭിനന്ദനാർഹമാണെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്‌കരി പറഞ്ഞു. പെട്രോളിയം പൈപ്പ്‌ലൈൻ പദ്ധതിക്ക് വേഗം പകർന്നത് മുഖ്യമന്ത്രിയുടെ നേതൃത്വത്തിലാണ്. പദ്ധതി സജ്ജമാകുമ്പോൾ കൊച്ചി തുറമുഖത്തിന്റെ ലാഭത്തിൽ പ്രതിവർഷം 70 കോടി രൂപയുടെ വർദ്ധനയുണ്ടാകും. സാമ്പത്തിക ഞെരുക്കത്തിൽ നിന്ന് കരകയറാൻ തുറമുഖത്തിന് ഇത് സഹായകമാണ്.
ആൻഡമാൻ ദ്വീപുകൾക്ക്
രണ്ടു കപ്പലുകൾ
ആൻഡമാൻ നിക്കോബാർ ഭരണകൂടത്തിനായി കൊച്ചി കപ്പൽശാലയിൽ നിർമ്മിച്ച രണ്ടു വെസലുകളുടെ ലോഞ്ചിംഗ് നിതിൻ ഗഡ്‌കരിയുടെ പത്നി കാഞ്ചൻ ഗഡ്‌കരി നിർവഹിച്ചു. 500 പേർക്ക് യാത്ര ചെയ്യാനും 150 ടൺ ചരക്ക് കൈകാര്യം ചെയ്യാനും ശേഷിയുള്ള കപ്പലുകളാണിത്. 1,400 കോടി രൂപയുടെ നാല് കപ്പലുകൾക്കാണ് ആൻഡമാനിൽ നിന്ന് കൊച്ചി കപ്പൽശാലയ്ക്ക് ഓർഡർ ലഭിച്ചത്. അതിൽ, രണ്ടെണ്ണമാണ് ഇപ്പോൾ കൈമാറുന്നത്. 2019 ജൂലായിലും ഡിസംബറിലുമായി കൈമാറാനിരുന്ന കപ്പലുകളാണ് നിർമ്മാണം പൂർത്തിയാക്കി നേരത്തേ കൈമാറുന്നത്.
ഡ്രൈ ഡോക്ക്
രാജ്യത്തെ ഏറ്റവും വലിയ ഡ്രൈ ഡോക്ക്
നിർമ്മാണച്ചെലവ് 1,799 കോടി
മെയ്ക്ക് ഇൻ ഇന്ത്യ കാമ്പയിന്റെ ഭാഗമായി സാഗർമാല പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് നിർമ്മാണം
310 മീറ്റർ നീളവും 75 മീറ്റർ വീതിയും 13 മീറ്റർ ആഴവും ഡ്രൈ ഡോക്കിന്റെ പ്രത്യേകത
വിമാനവാഹിനികൾ, എൽ.എൻ.ജി കപ്പലുകൾ, ഡ്രെഡ്‌ജറുകൾ തുടങ്ങിയവ നിർമ്മിക്കാം
2,000 പേർക്ക് തൊഴിൽ ലഭിക്കുന്ന പദ്ധതി 2021 മേയിൽ പൂർത്തിയാകും