കാസർകോട്: ശബരിമല വിഷയത്തിൽ പാർട്ടി ഭക്തജനങ്ങളോട് നിന്നില്ലെങ്കിൽ കോൺഗ്രസിന്റെ അടിവേരറുക്കുന്നത് കാണേണ്ടിവരുമെന്ന് കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് കെ.സുധാകരൻ പറഞ്ഞു. വിശ്വാസികൾക്കൊപ്പം നിന്നില്ലെങ്കിൽ പാർട്ടി നശിക്കുമെന്നും അവരെ ഒപ്പം നിർത്തിയില്ലെങ്കിൽ വരുന്ന തിരഞ്ഞെടുപ്പിൽ കോൺഗ്രസ് വാട്ടർ ലൂ ആകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കാസർകോട് സംഘടിപ്പിച്ച പരിപാടി ഉദ്ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശബരിമലയിൽ ബി.ജെ.പി നേട്ടമുണ്ടാക്കുന്നത് ഒരു തരത്തിലും അനുവദിക്കരുതെന്നും സുധാകരൻ വ്യക്തമാക്കി. ശബരിമലയിലെ സ്ത്രീ പ്രവേശന വിഷയത്തിൽ കേരളത്തിലെ കോൺഗ്രസ് നേതൃത്വത്തിന്റെ നിലപാട് തള്ളി കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി രംഗത്തു വന്നിരുന്നു. ഇതിന് പിന്നാലെയാണ് സുധാകരന്റെ പ്രതികരണം. ശബരിമലയിലെന്നല്ല എല്ലായിടത്തും സ്ത്രീകൾക്ക് പ്രവേശനം അനുവദിക്കണമെന്നാണ് രാഹുൽ പറഞ്ഞത്. കേരളത്തിലെ കോൺഗ്രസ് നേതൃത്വം ശബരിമലയിലെ സ്ത്രീ പ്രവേശനത്തെ എതിർക്കുമ്പോഴാണ് രാഹുൽ തന്റെ നിലപാട് വ്യക്തമാക്കിയത്. രാഹുലിന്റെ നിലപാടിന് പിന്തുണ അറിയിച്ച് അഖിലേന്ത്യ കോൺഗ്രസ് കമ്മിറ്റിയും രംഗത്തെത്തിയിരുന്നു.
അതേസമയം, സ്ത്രീ പ്രവേശനത്തെ അനുകൂലിച്ച കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ നിലപാടിനെ ചൊല്ലി ആശയക്കുഴപ്പമില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. രാഹുൽ ഗാന്ധി കേരളത്തിലെ പാർട്ടിയെ തള്ളിപ്പറഞ്ഞിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ശബരിമല വിഷയത്തിൽ രാഹുൽ നേരത്തെ തന്നെ തന്റെ നിലപാട് വ്യക്തമാക്കിയിരുന്നതാണ്. അപ്പോഴും കേരള നേതൃത്വത്തോട് അവരുടെ നിലപാടുമായി മുന്നോട്ട് പോകാൻ അനുവദിച്ചിരുന്നു. രാഹുൽ ഗാന്ധിയുടെ മഹത്വമാണ് ഇത് വെളിവാക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു.