വഡോദര: നർമ്മദാ നദീതീരത്ത് ഭാരതത്തിന്റെ ഉരുക്കുമനുഷ്യനായ സർദാർ വല്ലഭായി പട്ടേലിന്റെ വെങ്കല പ്രതിമ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് സമർപ്പിക്കുമ്പോൾ രാജ്യത്തിനിത് അഭിമാന നിമിഷമാണ്.

ലോകത്തെ ഏറ്റവും വലിപ്പമേറിയതും നീളമേറിയതുമായ പ്രതിമയ്ക്ക് 'സ്റ്റാച്യു ഒഫ് യൂണിറ്റി' (ഐക്യത്തിന്റെ പ്രതിമ) എന്നാണ് പേരിട്ടിരിക്കുന്നത്. പട്ടേലിന്റെ 143-ാം ജന്മദിനമായ ഇന്ന് രാവിലെ 11.30 നാണ് ചടങ്ങ്. നർമ്മദാ നദിയിലെ സാധു തടത്തിൽ നിർമ്മിച്ച കൃത്രിമ ദ്വീപിൽ 130 ഹെക്ടർ പ്രദേശത്താണ് പ്രതിമ സ്ഥിതിചെയ്യുന്നത്.

250 മീറ്റർ നീളത്തിൽ പാലവും നിർമ്മിച്ചിട്ടുണ്ട്. 2014 ൽ നിർമ്മാണം ആരംഭിച്ച പദ്ധതി 46 മാസം കൊണ്ടാണ് പൂർത്തിയാവുന്നത്. 3,400 തൊഴിലാളികളും 250 എൻജിനിയർമാരും നാലുവർഷത്തോളം രാപ്പകലില്ലാതെ നടത്തിയ അദ്ധ്വാനത്തിന്റെ ഫലമാണ് പ്രതിമ.

സർദാറിന്റെ ശില്പി

മഹാരാഷ്ട്ര സ്വദേശിയായ രാം വി. സുതറാണ് പട്ടേൽ പ്രതിമയുടെ ശില്പി. പാർലമെന്റിന് മുന്നിൽ സ്ഥാപിച്ചിട്ടുള്ള മഹാത്മാഗാന്ധിയുടെ പ്രതിമ നിർമ്മിച്ചതും രാം സുതറാണ്. മദ്ധ്യപ്രദേശിലെ ഗാന്ധിസാഗർ അണക്കെട്ടിൽ നിർമിച്ച 45 അടി ഉയരമുള്ള ചമ്പാൽ സ്മാരകത്തിലൂടെയാണ് സുതർ പ്രസിദ്ധനായത്.

സ്റ്റാച്യു ഒഫ് യൂണിറ്റി

പ്രതിമയുടെ മാത്രം ഉയരം 182 മീറ്റർ
സമുദ്ര നിരപ്പിൽ നിന്ന് 237.35 മീറ്റർ ഉയരം

ആകെ ചെലവ് 2989 കോടി

ചൈനയിലെ ഹെനനിൽ 153.28 മീറ്റർ ഉയരത്തിലുള്ള ബുദ്ധ പ്രതിമയാണ് നിലവിൽ ലോകത്തിലെ ഏറ്റവും ഉയരമുള്ള പ്രതിമ. 120 മീറ്റർ ഉയരമുള്ള ജപ്പാനിലെ ഉഷികു ദായ്ബുസ്തു ബുദ്ധ പ്രതിമയാണ് രണ്ടാം സ്ഥാനത്ത്.

 ന്യൂയോർക്ക് സിറ്റിയിലെ പ്രശസ്തമായ സ്റ്റാച്യു ഒഫ് ലിബർട്ടിയുടെ രണ്ടിരട്ടി ഉയരം. ബ്രസീലിലെ റിയോ ഡി ജനീറോയിലെ ക്രിസ്തു പ്രതിമയെക്കാൾ നാലിരട്ടി വലുത്.

22,500 ടൺ വെങ്കല പാളികൾ പ്രതിമാ നിർമാണത്തിന് ഉപയോഗിച്ചു.

5700 മെട്രിക് ടൺ സ്റ്റീലും 18,500 മെട്രിക് ടൺ സ്റ്റീൽ ബാറുകളും നിർമ്മാണത്തിന് ഉപയോഗിച്ചു

രാജ്യത്തെ ആറുലക്ഷം ഗ്രാമങ്ങളിൽ നിന്നുള്ള കർഷകരിൽ നിന്നാണ് 5700 മെട്രിക് ടണ്ണോളം സ്റ്റീൽ വസ്തുക്കൾ ശേഖരിച്ചത്.

മേൽനോട്ടച്ചുമതല: സർദാർ വല്ലഭായി പട്ടേൽ രാഷ്ട്രീയ ഏക്താ ട്രസ്റ്റ് സൊസൈറ്റി
നിർമ്മാണ ചുമതല: പൊതു-സ്വകാര്യ പങ്കാളിത്തത്തിൽ എൽ ആൻ ടി

മുഖ്യആകർഷണങ്ങൾ: പട്ടേൽ സ്മാരക പൂന്തോട്ടം, സാധു ദ്വീപും നർമദാ നദിക്കരയുമായി ബന്ധപ്പെടുത്തുന്ന പാലം, മ്യൂസിയം, 5 കിലോമീറ്റർ റോഡ്, ഭരണ നിർവഹണ കേന്ദ്രം
പ്രതിമയ്ക്കുള്ളിൽ കെട്ടിടങ്ങൾ
പ്രതിമയ്ക്കുള്ളിലൂടെയുള്ള ലിഫ്റ്റിൽ ഹൃദയഭാഗത്ത് എത്തിയാൽ കാഴ്ചകൾ കാണാൻ വിശാലമായ ഗാലറി
200 പേർക്ക് ഒരേ സമയം ഗാലറിയിൽ നിൽക്കാം
ഏറ്റവും മികച്ച അണ്ടർ വാട്ടർ അക്വേറിയം