ksfe

തിരുവനന്തപുരം: കെ.എസ് എഫ്. ഇയുടെ പ്രവാസി ചിട്ടിയിൽ ആദ്യ അഞ്ചു ദിവസം കൊണ്ട് ആദ്യഗഡു പണമടച്ച് ചേർന്നത് ആയിരത്തിലേറെ പേർ. ആദ്യ ഗഡുവായി 1.2 കോടി രൂപ കെ.എസ്.എഫ്.ഇയിൽ ലഭിച്ചു കഴിഞ്ഞു. ഈ തുക ചിട്ടികൾക്കുള്ള സെക്യൂരി​റ്റിയായി കെ.എസ്.എഫ്.ഇ കിഫ്ബി ബോണ്ടുകളിൽ നിക്ഷേപിക്കും. ഈ മാസം 25 മുതലാണ് ചിട്ടിയിൽ പേര് രജിസ്​റ്റർ ചെയ്തിരുന്നവർക്ക് ഓൺലൈനായി പണമടയ്ക്കാനുള്ള സൗകര്യം ലഭ്യമാക്കിയത്. സാധാരണ ചിട്ടികളിൽ ആവശ്യമുള്ളത്ര ആളുകൾ ചേരാൻ രണ്ടു മാസം വരെയെടുക്കുമ്പോൾ പ്രവാസി ചിട്ടിയിൽ ആദ്യ അഞ്ചു ദിവസംകൊണ്ടുതന്നെ 25 ചിട്ടികൾ ആളുകൾ തികഞ്ഞ് ക്ലോസ് ചെയ്തു. ഇവയുടെ ലേലം നവംബർ അവസാനം നടക്കും. പ്രവാസി ചിട്ടിയിൽ ചേരുന്നവർക്ക് ഏതു വികസനപ്രവർത്തനത്തിനാണ് തങ്ങളുടെ ചിട്ടിയുടെ വിഹിതം ഉപയോഗിക്കേണ്ടതെന്നു തീരുമാനിക്കാം. ഇതിനായി പത്ത് ഓപ്ഷനുകൾ നൽകിയിട്ടുണ്ട്.

സ്‌കൂളുകളുടെ നവീകരണം, ആശുപത്രികളുടെ നവീകരണം, റോഡുകളും പാലങ്ങളും, തീരദേശ പാത, മലയോര പാത, ഐ.ടി.പാർക്കുകൾ, സ്​റ്റേഡിയം, കൾച്ചറൽ കോംപ്ലക്‌സ്, ഉൾനാടൻ ജലഗതാഗതം, കുടിവെള്ളപദ്ധതികൾ എന്നിവയാണ് ഇവ. ഇതിൽ ഏ​റ്റവുമധികംപേർ തീരദേശ പാതയോടാണ് താൽപര്യം പ്രകടിപ്പിച്ചിരിക്കുന്നത്. 186 പേരാണ് തങ്ങളുടെ ചിട്ടിയിൽ നിന്നുള്ള വിഹിതം തീരദേശ പാതയ്ക്കായി ഉപയോഗിക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്. തൊട്ടുപിന്നിൽ റോഡുകളും പാലങ്ങളുമാണ്​ 141 പേർ. 132 പേരാണ് ഐ.ടി പാർക്കുകൾക്കും 128 പേർ വീതം സ്‌കൂളുകളുടെ നവീകരണവും ആശുപത്രികളുടെ നവീകരണവും തിരഞ്ഞെടുത്തു. പ്രതിമാസം 8,000 രൂപ മുതൽ 10,000 രൂപ വരെ അടവു വരുന്ന ചിട്ടികളിലാണ് ഏ​റ്റവും കൂടുതൽ പേർ താത്പര്യം പ്രകടിപ്പിച്ചത്. ഒരു ചിട്ടി എത്ര മാസത്തെ കാലാവധിയുള്ളതാണോ അത്രയും പേർക്കാണ് ആ ചിട്ടിയിൽ ചേരാൻ കഴിയുകയെന്ന് കെ.എസ്.എഫ്.ഇ ചെയർമാൻ പീലിപ്പോസ് തോമസ് പറഞ്ഞു.

ആദ്യഘട്ടമായി യു.എ.ഇയിൽ നിന്നുള്ള പ്രവാസികൾക്കാണ് ചിട്ടിയിൽ ഇടപാടുകാരായി രജിസ്​റ്റർ ചെയ്യാൻ അവസരമുണ്ടായിരുന്നത്. അങ്ങനെ രജിസ്​റ്റർ ചെയ്തവരാണ് ഇപ്പോൾ പണമടച്ച് ചിട്ടിയിൽ ചേരുന്നത്. ഇപ്പോൾ ജി.സി.സി രാജ്യങ്ങളിൽ നിന്നുള്ളവർക്കും കെ.വൈ.സി നൽകി ഇടപാടുകാരായി രജിസ്​റ്റർ ചെയ്യാം. അവർക്കും വൈകാതെ പണമടച്ച് ചിട്ടിയിൽ ചേരാനുള്ള അവസരമൊരുക്കും. അതിനു പിന്നാലെ മ​റ്റ് വിദേശരാജ്യങ്ങളിലുള്ള മലയാളികൾക്കുവേണ്ടിയും പ്രവാസി ചിട്ടി സജ്ജമാകും.