തിരുവനന്തപുരം: കാര്യവട്ടത്ത് വീണ്ടുമൊരു ക്രിക്കറ്റ് വിരുന്നിന് കളിപ്രേമികളുടെ കാത്തിരിപ്പിന് ആവേശമേറ്റി ഇന്ത്യ, വെസ്റ്റ് ഇൻഡീസ് ടീമുകൾ തിരുവനന്തപുരത്തെത്തി. ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് ഇരു ടീമുകളും മുംബയിൽ നിന്ന് 9w9875 ചാർട്ടേർഡ് ജെറ്റ് എയർവേസ് വിമാനത്തിൽ തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിയത്. പ്രിയതാരങ്ങളെ കാണാൻ നിരവധി ആരാധകർ വിമാനത്താവളത്തിൽ തടിച്ചു കൂടിയിരുന്നു. വിമാനമിറങ്ങിയ താരങ്ങൾ പ്രത്യേക ബസിൽ താമസസ്ഥലമായ കോവളത്തെ ലീലാ ഹോട്ടലിലേക്ക് പോയി. നാളെ രാവിലെ ഒൻപതുമുതൽ 12വരെ വെസ്റ്റിൻഡീസ് ടീമും ഉച്ചകഴിഞ്ഞ് രണ്ടുമുതൽ അഞ്ചുവരെ ഇന്ത്യൻ ടീമും സ്റ്റേഡിയത്തിൽ പരിശീലനം നടത്തും.
പരമ്പരയിലെ വിജയിയെ തീരുമാനിക്കുന്ന നിർണായക മത്സരമെന്ന നിലയിൽ കാര്യവട്ടം ഏകദിനത്തിന് വീറും വാശിയും ഏറുമെന്ന് ഉറപ്പ്. വ്യാഴാഴ്ച ഉച്ചയ്ക്ക് 1.30 മുതലാണ് മത്സരം. അരലക്ഷത്തിലേറെ സീറ്റിംഗ് കപ്പാസിറ്റിയുള്ള സ്റ്റേഡിയത്തിൽ മുഴുവൻ ടിക്കറ്റുകളും വിറ്റുതീർന്നു. 3000, 2000, 1000 രൂപയുടെ ടിക്കറ്റുകളാണുള്ളത്. വിദ്യാർത്ഥികൾക്ക് പ്രത്യേക ഇളവുണ്ട്. ഇത്തവണ ഓൺലൈൻ വഴി മാത്രമായിരുന്നു ടിക്കറ്റ് വില്പന. കഴിഞ്ഞവർഷം നവംബർ 7ന് നടന്ന ട്വന്റി-20 മത്സരത്തിലും സ്റ്റേഡിയം ഹൗസ്‌ഫുള്ളായിരുന്നു.