heavy-rain

ദുബായ്: യു.എ.ഇ യുടെ വിവിധ മേഖലകളിൽ അതിശക്തമായ മഴ. ഡാമുകൾ പലതും നിറഞ്ഞൊഴുകുന്നു. റോഡുകളിലും വെള്ളം നിറയുന്നു. ദുബായ്,​ റാസൽഖൈമ,​ അബുദാബി,​ ഷാർജ എന്നിവിടങ്ങളിലെ വിവിധ പ്രദേശങ്ങളിലും ശക്തമായി മഴപെയ്തു.1977ന് ശേഷം ആദ്യമായാണ് ഇത്രയും മഴ ലഭിക്കുന്നത്. ഫുജൈറ തുറമുഖത്ത് 102.7 മില്ലി മീറ്റർ മഴ ലഭിച്ചു.

മലയോരങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും,​വാദികളിലും താമസിക്കുന്നവർ പ്രദേശത്ത് നിന്ന് മാറി നിൽക്കണമെന്ന് അധികൃതർ അറിയിച്ചു. ഞാറാഴ്ചത്തെ മഴയിൽ റാസൽഖൈമയിലും,​ഫുജൈറയിലും ഉരുൾപ്പൊട്ടിയിരുന്നു. നിർത്തിയിട്ട ചില വാഹനങ്ങ‍ൾ ഒലിച്ചു പോയതായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മണ്ണിടിഞ്ഞ് റോഡിലേക്ക് വീണതിനാൽ ചിലയിടങ്ങളിൽ റോഡ് ഗതാഗതം തടസ്സപ്പെട്ടിട്ടുണ്ട്. ചിലയിടങ്ങളിൽ ഉരുൾപ്പൊട്ടലും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് പൊലീസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. റാസൽഖൈമയിലെ ജബൽ ജയ്സിലേക്കുള്ള ഗതാഗതം നി‌ർത്തിവച്ചിരിക്കുകയാണ്. റോഡിലെ വെള്ളക്കെട്ടുകൾ നീക്കാനുള്ള ശ്രമങ്ങൾ നടന്നു വരികയാണെന്നും അധികൃതർ അറിയിച്ചു. ചെങ്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദം സൗദിയുടെ വടക്ക് മദ്ധ്യഭാഗങ്ങളിലൂടെ യു.എ.ഇ യുടെ വടക്കൻ പ്രവിശ്യകളിലേക്ക് നീങ്ങിയതാണ് മഴയ്ക്ക് കാരണം. തണുപ്പ് കാലത്തിന് മുന്നോടിയായി ഉണ്ടാകുന്ന പ്രതിഭാസ മാണിതെന്നും നാളെ വരെ മഴതുടരാൻ സാദ്ധ്യതയുണ്ടെന്നുമാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചിരിക്കുന്നത്.