rahul-gandhi

ഭോപ്പാൽ: അടുത്ത വർഷം നടക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ സെമിഫെെനൽ എന്ന് വിശേഷിപ്പിക്കുന്ന അഞ്ച് സംസ്ഥാനത്തേക്ക് നടക്കുന്ന തിരഞ്ഞെടുപ്പിൽ ദേശീയ രാഷ്ട്രീയം ഏറെ ശ്രദ്ധ കൊടുക്കുന്നത് മദ്ധ്യപ്രദേശിലാണ്. ശിവ്‌രാജ് സിംഗ് ചൗഹാന്റെ നേതൃത്വത്തിൽ തുടർച്ചയായി നാലാം തവണയും അധികാരത്തിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്ന ബി.ജെ.പിയും എല്ലാ അടവുമായി പോരാട്ടത്തിനിറങ്ങിയ കോൺഗ്രസും തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് നേരത്തെ തന്നെ തുടക്കം കുറിച്ചിരുന്നു. സംഘടനാപരമായ മുന്നേറ്റം നടത്തിയ കോൺഗ്രസ് ഇത്തവണ അധികാരത്തിൽ എത്തുമെന്ന് ചില സർവേകൾ സൂചിപ്പിക്കുന്നുമുണ്ട്.

അതിനിടെ ബി.ജെ.പി ദേശീയ നേതൃത്വത്തെ പോലും ഞെട്ടിച്ച് എം.എൽ.എ സഞ്ജയ് ശർമ്മയും, മുൻ എം.എൽ.എയും സമുദായ നേതാവ് കംലാപതും കോൺഗ്രസ് പാളയത്തിൽ എത്തിയത് ബി.ജെ.പിക്ക് കനത്ത തിരിച്ചടിയാണ്. കോൺഗ്രസ് ദേശീയ അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ സാന്നിധ്യത്തിലായിരുന്നു എം.എൽ.എയുടെ ചുവട് മാറ്റം.

മറ്റ് പാർട്ടികളിൽ നേതാക്കളെ സ്വന്തം പാളയത്തിൽ എത്തിക്കുന്ന ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ അമിത് ഷായുടെ തന്ത്രം തന്നെയാണ് രാഹുലും പയറ്റുന്നത്. നർസിംഗ്പൂർ ജില്ലയിലെ ടെൻഡുകേഡ മണ്ഡലത്തിൽ നിന്നും നിയമസഭയിൽ എത്തിയ സഞ്ജയ് ശർമ്മ മദ്ധ്യപ്രദേശിൽ ഏറ്റവും സമ്പന്നരായ എം.എൽ.എമാരിൽ മൂന്നാം സ്ഥാനത്താണ്.