assembly-poll

ന്യൂഡൽഹി: മാതൃകാ തിരഞ്ഞെടുപ്പ് ചട്ടം ലംഘിച്ച് മതത്തിന്റെ പേരിൽ വോട്ട് തേടിയെന്ന് ആരോപിച്ച് കേന്ദ്രസഹമന്ത്രി ധാൻസിംഗ് റാവത്തിനെതിരെ പൊലീസ് കേസെടുത്തു. ഒക്‌ടോബർ 26ന് രാജസ്ഥാനിൽ നടന്ന തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് മന്ത്രി വിവാദ പരാമർശങ്ങൾ നടത്തിയത്. ഇതിനെതിരെ പ്രതിപക്ഷ കക്ഷികൾ പൊലീസിനെ സമീപിക്കുകയായിരുന്നു.

എല്ലാ ഹിന്ദുക്കളും ബി.ജെ.പിക്ക് വേണ്ടി വോട്ട് ചെയ്യണമെന്ന് മന്ത്രി ചടങ്ങിൽ ആവശ്യപ്പെട്ടിരുന്നു. മുസ്‌ലിങ്ങൾക്ക് കോൺഗ്രസിന് വോട്ട് ചെയ്യാമെങ്കിൽ എന്തുകൊണ്ട് ഹിന്ദുക്കൾക്കെല്ലാം ബി.ജെ.പിക്ക് വോട്ട് ചെയ്‌തു കൂടാ. ബി.ജെ.പിയെ ഉയർന്ന ഭൂരിപക്ഷത്തിൽ വിജയിപ്പിക്കാൻ എല്ലാവരും വോട്ട് ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അതേസമയം, വിഷയത്തിൽ പ്രതികരണവുമായി രംഗത്തെത്തി ബി.ജെ.പി നേതൃത്വം തങ്ങൾ ഒരിക്കലും മതത്തിന്റെ പേരിൽ വോട്ട് തേടിയിട്ടില്ലെന്ന് അറിയിച്ചു. വോട്ടിന് മതമില്ല. രാജ്യത്തിന്റെ വികസനത്തിന് വേണ്ടിയാണ് എല്ലാവരും വോട്ട് ചെയ്യുന്നത്. ബി.ജെ.പി നേതൃത്വം ഒരിക്കലും ഹിന്ദു വികാരം ഉണർത്തി വോട്ട് തേടിയിട്ടില്ലെന്നും രാജസ്ഥാനിലെ പാർട്ടി നേതൃത്വം വ്യക്തമാക്കി. ഡിസംബർ ഏഴിന് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന രാജസ്ഥാനിൽ ഡിസംബർ പതിനൊന്നിനാണ് ഫലം പ്രഖ്യാപിക്കുന്നത്.