കൊച്ചി: അടിസ്ഥാന സൗകര്യ വികസനത്തിന് മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള നടപടികൾ അഭിനന്ദനാർഹമാണെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി കണ്ണൂരിലും കൊച്ചിയിലും നടന്ന ചടങ്ങുകളിൽ പങ്കെടുത്തുകൊണ്ട് പറഞ്ഞു. കേരളത്തിൽ ദേശീയപാതാ വികസനത്തിന് വേഗത കൂടിയത് പിണറായി മുഖ്യമന്ത്രിയായതിനു ശേഷമാണ്. ഗെയിൽ പൈപ്പ് ലൈൻ ഭൂമി ഏറ്റെടുക്കുന്ന നടപടിയും ത്വരിതപ്പെടുത്താൻ അദ്ദേഹത്തിനു കഴിഞ്ഞിട്ടുണ്ട്. ഗഡ്കരി മാൻ ഒഫ് ആക്‌ഷനാണെന്ന് മുഖ്യമന്ത്രി പിണറായി മറുപടിയും നൽകി.
ഗെയിൽ പൈപ്പ് ലൈൻ സജ്ജമാകുമ്പോൾ കൊച്ചി തുറമുഖത്തിന്റെ ലാഭത്തിൽ പ്രതിവർഷം 70 കോടി രൂപയുടെ വർദ്ധനയുണ്ടാകും. സാമ്പത്തിക ഞെരുക്കത്തിൽ നിന്ന് കരകയറാൻ തുറമുഖത്തിന് ഇത് സഹായകമാണെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
തലശേരി- മാഹി ബൈപ്പാസ് ഉൾപ്പെടെയുള്ള ദേശീയപാതാ വിഭാഗത്തിന്റെ മൂന്ന് പദ്ധതികളുടെ ശിലാസ്ഥാപനം കണ്ണൂരിലും 1,799 കോടി ചെലവിൽ നിർമ്മിക്കുന്ന രാജ്യത്തെ ഏറ്റവും വലിയ ഡ്രൈ ഡോക്കിന്റെ ശിലാസ്ഥാപനം കൊച്ചി കപ്പൽശാലയിലും മുഖ്യമന്ത്രി പിണറായി വിജയനൊപ്പം നിർവഹിക്കുകയായിരുന്നു ഗഡ്കരി.