kodiyeri-balakrishnan

തിരുവനന്തപുരം: ശബരിമല വിഷയത്തിൽ കോൺഗ്രസ് ദേശീയാദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ നിലപാട് അംഗീകരിക്കാത്ത കെ.പി.സി.സിയെ എ.എെ.സി.സി പിരിച്ചുവിടണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. സുപ്രീം കോടതി വിധി മാനിച്ച് എല്ലാ പ്രായത്തിലുമുള്ള സ്ത്രീകൾക്ക് പ്രവേശനം നൽകണമെന്നാണ് രാഹുൽഗാന്ധി പരസ്യമായി പറഞ്ഞത്. ഈ സാഹചര്യത്തിൽ രാഹുൽഗാന്ധിയാണോ രാഹുൽ ഈശ്വറാണോ കോൺഗ്രസിന്റെ നേതാവെന്ന് കേരളത്തിലെ നേതാക്കൾ വ്യക്തമാക്കണമെന്നും കോടിയേരി ആവശ്യപ്പെട്ടു. സ്വാമി സന്ദീപാനന്ദ ഗിരിയുടെ ആശ്രമത്തിന് നേരെയുണ്ടായ ആക്രമത്തിനെതിെര സെക്രട്ടറിയേറ്റ് എംപ്ലോയീസ് അസോസിയേഷന്റെ സാംസ്‌കാരിക വിഭാഗമായ 'രചന' സെക്രട്ടറിയേറ്റിന് മുന്നിൽ സംഘടിപ്പിച്ച പ്രതിഷേധസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ദേശീയ പ്രസിഡന്റ് എന്ന നിലയിൽ രാഹുൽഗാന്ധി പറഞ്ഞതാണ് കോൺഗ്രസിന്റെ ഔദ്യോഗിക നിലപാട്. ഇത് അംഗീകരിക്കാത്ത കോൺഗ്രസ് ഘടകം പ്രസിഡന്റിനെ ധിക്കരിക്കുകയാണ്. കോൺഗ്രസുകാരെ ബി.ജെ.പിയിലേക്ക് അയയ്ക്കാനുള്ള സമരമായി ശബരിമല പ്രക്ഷോഭം മാറിയിരിക്കുന്നു. നാമജപ പൂജക്ക് സർക്കാർ എതിരല്ല. പക്ഷേ ജപത്തിെന്റ പേരിൽ ബസിന് കല്ലെറിയരുത്. സ്വാമിശരണം വിളിച്ച് പൊലീസ് വാഹനം കത്തിക്കുകയും ചെയ്യരുത്. നാമജപത്തിന്റെ പേരിൽ ആർക്കെതിരെയും കേസെടുക്കില്ല. എന്നാൽ ഇതിന്റെ മറവിൽ ആക്രമം അഴിച്ചുവിട്ടാൽ സർക്കാരിന് നോക്കിയിരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. സെക്രട്ടറിയേറ്റ് എംപ്ലോയീസ് അസോസിയേഷൻ പ്രസിഡന്റ് പി.ഹണി അദ്ധ്യക്ഷത വഹിച്ചു. വി.ശിവൻകുട്ടി,കെ.എൻ അശോകൻ, എസ്.ബിനു, പൂവത്തൂർ ചിത്രസേനൻ എന്നിവർ സംബന്ധിച്ചു.