mao

റാഞ്ചി: ചത്തീസ്​ഗഡിലെ ദന്തേവാഡ ജില്ലയിലുണ്ടായ മാവോയിസ്​റ്റ്​ ആക്രമണത്തിൽ ദൂരദർശൻ കാമറാമാനും രണ്ട്​ സി.ആർ.പി.എഫ് ജവാൻമാരും കൊല്ലപ്പെട്ടു. ഒരു മാദ്ധ്യമ പ്രവർത്തകന് പരിക്കേറ്റു. മാവോയിസ്​റ്റ്​ സ്വാധീനമുള്ള ദന്തേവാഡയിൽ തിരഞ്ഞെടുപ്പ്​ പ്രചാരണങ്ങൾ റിപ്പോർട്ട്​ ചെയ്യാനെത്തിയ ദൂരദർശൻ വാർത്താ സംഘത്തിന് നേരെയാണ്​ ആക്രമണമുണ്ടായത്​. കാമറാമാൻ അച്യുതാനന്ദ്​ സാഹു, സി.ആർ.പി.എഫ് അസിസ്റ്റന്റ് സബ്​ ഇൻസ്​പെക്​ടർ രുദ്ര പ്രതാപ്​, കോൺസ്​റ്റബിൾ മംഗളു എന്നിവരാണ്​ കൊല്ലപ്പെട്ടത്​. ബീഹാർ സ്വദേശിയും ദൂരദർശനിലെ റിപ്പോർട്ടറുമായ ധീരജ് കുമാറിനാണ് പരിക്കേറ്റത്. ഇന്നലെ രാവിലെ 11.20 ഓടെയാണ് സംഭവം.

സംഭവത്തെപ്പറ്റി പൊലീസ് പറയുന്നത്: ധീരജ് കുമാറും അച്യുതാനന്ദും ലൈറ്റ്മാനും രണ്ട് ബൈക്കുകളിലായി സമേലിയിലുള്ള സി.ആർ.പി.എഫ് ക്യാമ്പിൽ നിന്ന് മടങ്ങും വഴിയാണ് ആക്രമണമുണ്ടായത്. മാവോയിസ്റ്റ് സംഘം ആറ് ബൈക്കുകളിലെത്തി സംഘത്തിന് നേരെ വെടിവയ്ക്കുകയായിരുന്നു. മുന്നിൽ സഞ്ചരിച്ച അച്യുതാനന്ദിന് പിറകിൽ മറ്രൊരു ബൈക്കിൽ വരികയായിരുന്ന ധീരജ്കുമാർ സമീപത്തെ കുഴിയിലേക്ക് തെറിച്ചുവീണതിനാൽ വെടിയേൽക്കാതെ രക്ഷപ്പെട്ടു. വെടിയൊച്ച കേട്ട് സമീപത്ത് പട്രോളിംഗ് നടത്തുകയായിരുന്ന സി.ആർ.പി.എഫ് സംഘം സ്ഥലത്തെത്തി. തുടർന്ന് 45 മിനിട്ടോളം നീണ്ടുനിന്ന ഏറ്റുമുട്ടലിനൊടുവിലാണ് മാവോയിസ്റ്റ് സംഘത്തെ തുരത്തിയത്. വെടിവയ്പിനിടെ രണ്ട് സി.ആ‍ർ.പി.എഫ് ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടു.

മൂന്നു ദിവസം മുമ്പ്​ ചത്തിസ്​ഗഡിലെ ബിജാപുർ ജില്ലയിൽ സി.ആർ.പി.എഫ്​ സുരക്ഷാ സേനയ്ക്കു നേരെയുണ്ടായ ആക്രമണത്തിൽ നാല്​ ജവാൻമാർ കൊല്ലപ്പെട്ടിരുന്നു.