kpac-lalitha-kalamandala

തൃശൂർ: കേരള സംഗീത നാടക അക്കാദമി ചെയർപേഴ്സൺ കെ.പി.എ.സി ലളിതയ്ക്കെതിരെ രൂക്ഷവിമർശനവുമായി മുൻ അക്കാദമി അംഗവും കഥകളി ആചാര്യനുമായ കലാമണ്ഡലം ഗോപി. അക്കാദമിയെ മുന്നോട്ട് കൊണ്ട് പോവാനുള്ള പ്രാപ്‌തി കെ.പി.എ.സി ലളിതയ്‌ക്ക് ഇല്ലെന്നും സെക്രട്ടറി പറയുന്നത് അതേപടി വിശ്വസിക്കുന്നയാളാണ് ഇപ്പോഴത്തെ ചെയർപേഴ്സനെന്നും അദ്ദേഹം പറഞ്ഞു. താരസംഘടനയായ അമ്മയുടെ വാർത്താ സമ്മേളനത്തിൽ നടത്തിയ സ്ത്രീ വിരുദ്ധ പ്രസ്‌താവനകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

സിനിമാ നടിയാണെങ്കിലും ജനങ്ങളുടെ മനസിൽ തറയ്ക്കുന്ന വിഷയത്തിൽ പ്രതികരിക്കുമ്പോൾ ചെയർപേഴ്സൺ സൂക്ഷിക്കണമായിരുന്നെന്നും വേദനയുണ്ടാക്കുന്ന ദുഷിച്ച കാര്യങ്ങൾ പറയാൻ പാടില്ലായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അക്കാദമി പ്രവർത്തനങ്ങളിൽ താൻ സംതൃ‌പ്‌തനായിരുന്നില്ലെന്നും അതിനാലാണ് അക്കാദമിയുടെ എക്‌സിക്യൂട്ടിവ് അംഗത്വം ഒരു വർഷം മുമ്പ് രാജി വച്ചതെന്നും കലാമണ്ഡലം ഗോപി കൂട്ടിച്ചേർത്തു.