ന്യൂഡൽഹി: കേന്ദ്ര സർക്കാരും റിസർവ് ബാങ്കും തമ്മിലെ പോരിന് ആക്കംകൂട്ടി ധനമന്ത്രി അരുൺ ജയ്‌റ്ര്‌ലി രംഗത്ത്. യു.പി.എ ഭരണകാലത്തെ റിസർവ് ബാങ്കിന്റെ യുക്തിരഹിത വായ്‌പാ നയങ്ങളാണ് ബാങ്കുകളിൽ കിട്ടാക്കടം പെരുകാൻ കാരണമെന്ന് അരുൺ ജയ്‌റ്ര്‌ലി ഇന്നലെ തുറന്നടിച്ചു. റിസർവ് ബാങ്കിന്റെ സ്വാതന്ത്ര്യത്തിനുമേൽ കേന്ദ്രസർക്കാർ കടന്നുകയറരുതെന്ന ഡെപ്യൂട്ടി ഗവർണർ വിരാൽ വി. ആചാര്യയുടെ അഭിപ്രായത്തിന് പിന്നാലെയാണ് വിമർശനവുമായി ധനമന്ത്രിയെത്തിയത്.
ആഗോള സാമ്പത്തികമാന്ദ്യം നിറഞ്ഞാടിയ 2008-2014 കാലയളവിൽ വായ്‌പാ വിതരണം നിയന്ത്രിക്കാൻ ലോകമാകെ ചിന്തിച്ചപ്പോൾ റിസർവ് ബാങ്ക് പ്രവർത്തിച്ചത് വിപരീതമായാണ്. എൻ.ഡി.എ സർക്കാർ അധികാരത്തിൽ എത്തിയതോടെ വായ്‌പാ വിതരണം സുതാര്യവും സുരക്ഷിതവുമാക്കി. അത് വായ്‌പാ വിതരണ വളർച്ച 14 ശതമാനത്തിൽ നിന്ന് 31 ശതമാനമായി ഉയരാൻ വഴിയൊരുക്കിയെന്നും യു.എസ് - ഇന്ത്യ സ്‌ട്രാറ്റജിക് പാർട്‌ണർഷിപ്പ് ഫോറം സംഘടിപ്പിച്ച ഇന്ത്യ ലീഡർഷിപ്പ് സമ്മിറ്രിൽ ജയ്‌റ്റ്‌ലി പറഞ്ഞു.
റിസർവ് ബാങ്കിന്റെ അധികാരത്തിനുമേൽ കടന്നുകയറാനുള്ള സർക്കാരിന്റെ നീക്കം പ്രവർത്തനത്തെ ബാധിക്കുന്നതായി വിരാൽ വി. ആചാര്യ അഭിപ്രായപ്പെട്ടിരുന്നു. ഡയറക്‌ടർ ബോർഡിൽ സർക്കാർ നോമിനികളുടെ എണ്ണമുയർത്തിയതാണ് വിരാൽ ആചാര്യയെ ചൊടിപ്പിച്ചത്. നീരവ് മോദി ഉൾപ്പെടെയുള്ളവർ നടത്തിയ ബാങ്ക് വായ്‌പാത്തട്ടിപ്പുകൾ റിസർവ് ബാങ്കിനുമേൽ അടിച്ചേല്‌പ്പിക്കാനുള്ള കേന്ദ്രനീക്കവും പോരിന്റെ ആക്കംകൂട്ടി.