ബർലിൻ: ഇരുന്നൂറിലധികം രോഗികളെ വ്യാജ മരുന്ന് കുത്തിവച്ച് കൊലപ്പെടുത്തിയ കേസിൽ പിടിയിലായ നഴ്സ് കോടതിയിൽ ഉന്നയിച്ചത് വിചിത്ര വാദങ്ങൾ. രോഗികൾ വേദന കൊണ്ട് പുളയുന്നത് കണ്ട് സഹികെട്ടാണ് താൻ അവരെ കൂടിയ അളവിൽ മരുന്ന് വച്ച് കൊലപ്പെടുത്തിയതെന്ന് ഇയാൾ കോടതിയിൽ അറിയിച്ചു. നൂറോളം രോഗികളെ കൊന്നൊടുക്കിയത് താൻ തന്നെയാണെന്നും 41കാരനായ നീൽസ് ഹോഗൽ കോടതിയിൽ സമ്മതിച്ചു.
ജർമ്മനിയിലെ വടക്കൻ നഗരമായ ബ്രമെനിലെ ദെൽമെൻഹോസ്റ്റ് ആശുപത്രിയിൽ 2015ൽ നടന്ന രണ്ടു കൊലപാതകങ്ങളുടെ അന്വേഷണത്തെ തുടർന്നാണ് ഞെട്ടിക്കുന്ന കൊലപാതക പരമ്പരകളുടെ ചുരുളഴിയുന്നത്. ആശുപത്രിയിലെ മെയിൽ നഴ്സായ നീൽസ് ഹോഗെലാണ് ക്രൂരനായ കൊലയാളിയെന്നും കണ്ടെത്തി.
നീൽസിന് വിരസത വരുമ്പോൾ രോഗികളിൽ ഹൃദയാഘാതത്തിനോ രക്തചംക്രമണത്തിന് തടസം വരുന്നതിനോ കാരണമാകുന്ന മാരക വിഷാംശം കലർന്ന മരുന്ന് കുത്തിവയ്‌ക്കും. രോഗികൾ മരണ വെപ്രാളം കാണിക്കുമ്പോൾ മറുമരുന്ന് നൽകി രക്ഷിക്കാൻ ശ്രമിക്കുകയും ചിലതിൽ വിജയിക്കുകയും ചെയ്‌തിരുന്നു. ഇങ്ങനെ രോഗികളുടെ മുന്നിൽ രക്ഷകനായി വിലസുകയാണ് ഇയാളുടെ ഹോബി. എന്നാൽ ഇത്തരം പരീക്ഷണത്തിൽ ഭൂരിഭാഗം പേർക്കും ജീവൻ നഷ്‌ടപ്പെടുകയാണുണ്ടായത്.
മൊത്തത്തിൽ 106 പേരുടെ മരണത്തിന് കാരണക്കാരനായ ഇയാളെ ജർമനിയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ സീരിയൽ കില്ലറായാണ് അറിയപ്പെടുന്നത്. നീൽസിനെതിരെ കൂടുതൽ ആരോപണങ്ങൾ പലകോണുകളിൽ നിന്ന് ഉയർന്ന് വരികയും ചെയ്യുന്നുണ്ട്. തന്റെ മുത്തശിയുടെ മരണത്തിന് പിന്നിലും നീൽസാണെന്ന് സംശയമുണ്ടെന്ന് അടുത്തിടെ ഒരു യുവതി ആരോപിച്ചിരുന്നു. അതുകൊണ്ടു തന്നെ കൊല്ലപ്പെട്ടവരുടെ എണ്ണം ഇനിയും വർദ്ധിക്കുമെന്നാണ് പൊലീസിന്റെ നിഗമനം. പല മൃതദേഹങ്ങളും സംസ്‌ക്കരിച്ച് ഏറെ നാളായതിനാൽ അവ പുറത്തെടുത്ത് പരിശോധിക്കുക അസാധ്യമാണെന്നും അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി. കോടതിയിയിൽ വിചാരണയ്‌ക്ക് ഹാജരാക്കിയപ്പോൾ തികച്ചും നിർവികാരനായാണ് നീൽസിനെ കാണപ്പെട്ടത്. കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളും നിരവധി പേരും കാഴ്‌ച്ചക്കാരായി കോടതിയിലെത്തിയിരുന്നു.