donald-trump
DONALD TRUMP

വാഷിംഗ്ടൺ: യു.എസിൽ ജനിച്ചതി​ന്റെ പേരിൽ വ്യക്തിക്ക്​ അമേരിക്കൻ പൗരത്വം ലഭ്യമാവുന്ന രീതി അവസാനിപ്പിക്കുമെന്നും​ പ്രത്യേക ഉത്തരവിലൂടെ നിലവിലെ രീതിക്ക്​ മാറ്റം വരുത്തുമെന്നും യു.എസ്​ പ്രസിഡന്റ്​ ഡൊണാൾഡ്​ ട്രംപ്​ പറഞ്ഞു. ഒരു അമേരിക്കൻ ചാനലിനു നൽകിയ അഭിമുഖത്തിലാണ് ട്രംപ് ഇക്കാര്യം പറഞ്ഞത്.

നിലവിലെ നിയമമനുസരിച്ച്​ യു.എസിൽ ജനി​ച്ച്​ ആ രാജ്യത്ത്​ താമസിക്കാത്തവരും യു.എസ്​ പൗരത്വത്തിന്​ ഉടമകളാണ്​. അനധികൃത കുടിയേറ്റക്കാരുടെ കുഞ്ഞുങ്ങളും ഇത്തരത്തിൽ പൗരത്വത്തിന്​ അർഹരാകുന്നുണ്ട്​.

യു.എസിൽ ജനിക്കുന്ന കുഞ്ഞിന്​ 85 വർഷം വരെ മുഴുവൻ ആനുകൂല്യങ്ങൾ സഹിതം പൗരത്വം നൽകുന്ന ലോകത്തിലെ ഏക രാഷ്​ട്രം യു.എസ്​ ആണെന്നും ഇൗ വിഡ്ഢിത്തം അവസാനിപ്പിക്കണമെന്നും ട്രംപ്​ പറഞ്ഞു.

അമേരിക്കൻ മണ്ണിൽ ജനിച്ചു വീഴുന്ന എല്ലാവർക്കും പൗരത്വം ലഭ്യമാക്കിയ 150 വർഷങ്ങൾ പഴക്കമുള്ള ഭരണഘടനാ ഭേദഗതിക്ക് വിരുദ്ധമാണ് ട്രംപിന്റെ ഇപ്പോഴത്തെ നിലപാട്. നിലവിൽ അമേരിക്കയിൽ ജനിക്കുന്ന കുട്ടികൾക്ക് മാതാപിതാക്കളുടെ പൗരത്വം കണക്കാക്കാതെയാണ് പൗരത്വം ലഭിക്കുക. ട്രംപിന്റെ പ്രസ്താവനയ്ക്കെതിരെ ശക്തമായ പ്രതിഷേധങ്ങളാണ് ഉയർന്നിരിക്കുന്നത്. ഭരണഘടനയെ വെറുമൊരു ഉത്തരവിന്റെ ബലത്തിൽ മായ്ച്ചുകളയാൻ പ്രസിഡന്റിനാകില്ലെന്ന് ഭരണഘടനയുടെ 14-ാം ഭേദഗതി പ്രകാരമുള്ള പൗരത്വാവകാശം വ്യക്തമാക്കുന്നതായി എ.സി.എൽ.യു ഇമിഗ്രന്റ്സ് റൈറ്റ്സ് പ്രോജക്ട് ഡയറക്ടർ ഒമർ ജാവേദ് അഭിപ്രായപ്പെട്ടു.