പരവൂർ: തെക്കുംഭാഗം കാപ്പിൽ ബീച്ചിൽ ചാക്കിൽ കെട്ടി ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ മൃതദേഹാവശിഷ്ടം വർഷങ്ങൾക്ക് മുമ്പ് ഒമാനിൽ ഹൃദയാഘാതം മൂലം മരിച്ച പ്രവാസി കൊല്ലം കരിക്കോട് സ്വദേശി സോമൻ സുരലാലിന്റേതാണെന്ന് തിരിച്ചറിഞ്ഞതായി പരവൂർ പൊലീസ് പറഞ്ഞു.
2003 ൽ ഒമാനിൽ മരിച്ച സുരലാലിന്റെ മൃതദേഹം നാട്ടിൽ കൊണ്ടുവന്ന് സംസ്കരിക്കുകയായിരുന്നു. കഴിഞ്ഞദിവസം ബന്ധുക്കൾ വീട് നിർമ്മിക്കാൻ പുരയിടം വൃത്തിയാക്കുന്നതിനിടെ മൃതദേഹാവശിഷ്ടം പൊന്തി വന്നു. തുടർന്ന് ജോത്സ്യന്റെ നിർദ്ദേശപ്രകാരം അവശിഷ്ടം ചാക്കിലാക്കി തിങ്കളാഴ്ച രാത്രി കടലിൽ ഒഴുക്കാൻ കൊണ്ടുവരികയും ഈ സമയം സമീപത്ത് ആളുകളെ കണ്ടതിനാൽ ചാക്ക് കെട്ട് കടൽതീരത്ത് ഉപേക്ഷിക്കുകയുമായിരുന്നു. മാസങ്ങൾ പഴക്കമുള്ള ജീർണിച്ച മൃതദേഹം ചാക്കിൽ കെട്ടി ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത് ദുരൂഹത ഉണർത്തിയിരുന്നു. സംഭവം വാർത്തയായതോടെ ബന്ധുക്കൾ തന്നെയാണ് വിവരം പൊലീസിനോട് തുറന്നു പറഞ്ഞത്. ഇവർക്കെതിരെ മൃതദേഹത്തോട് അനാദരവ് കാട്ടിയതിന് പരവൂർ പൊലീസം കേസെടുത്തു.
പൊലീസിന്റെ ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ദ്ധരും സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. പരവൂർ പൊലീസ് മേൽനടപടികൾ പൂർത്തിയാക്കി മൃതദേഹാവശിഷ്ടം പോസ്റ്റുമോർട്ടത്തിനായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. സിറ്റി പൊലീസ് കമ്മിഷണർ പി.കെ മധു, ചാത്തന്നൂർ എ.സി.പി ജവഹർജനാർദ് തുടങ്ങിയവരും ഫോറൻസിക് വിദഗ്‌ദ്ധരും സ്ഥലത്തെത്തി പ്രാഥമിക അന്വേഷണം നടത്തി