തിരുവനന്തപുരം: ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി നടത്തിയ പരാമർശങ്ങൾ മാദ്ധ്യമങ്ങൾ വളച്ചൊടിച്ചതാണെന്ന് കെ.പി.സി.സി അദ്ധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ ആരോപിച്ചു. ശബരിമലയിൽ യുവതികൾ കയറുന്നതിനോട് കെ.പി.സി.സിക്ക് ഇപ്പോഴും എതിർപ്പാണ്. കെ.പി.സി.സിയുടെ ഈ നിലപാടിനൊപ്പം തന്നെയാണ് രാഹുൽ ഗാന്ധിയെന്ന ഉറപ്പ് ലഭിച്ചിട്ടുണ്ട്. കേരളത്തിലെ വികാരമനുസരിച്ച് അനുകൂല നിലപാടെടുക്കുന്നു എന്നാണ് അദ്ദേഹം പറഞ്ഞത്. ശബരിമല വിഷയത്തിൽ ആനന്ദ് ശർമയുടെ നിലപാടും വളച്ചൊടിച്ചെന്നും അദ്ദേഹം ആരോപിച്ചു.
ശബരിമലയിൽ യുവതികൾക്ക് പ്രവേശനം അനുവദിക്കണമെന്നാണ് തന്റെ നിലപാടെന്ന് രാഹുൽ ഗാന്ധി നേരത്തെ വ്യക്തമാക്കിയിരുന്നു. യുവതികൾക്ക് പ്രവേശനം അനുവദിച്ച സുപ്രീംകോടതി വിധിയെ അനുകൂലിക്കുന്നു." കേരളത്തിലെ പാർട്ടിയുടെ നിലപാടിന് എതിരാണ് തന്റെ അഭിപ്രായമെന്നും രാഹുൽ ഗാന്ധി വിശദീകരിച്ചിരുന്നു. വൈകാരികമായ വിഷയമായതിനാലാണ് പാർട്ടിയുടെ കേരള ഘടകം വിശ്വാസികളെ പിന്തുണയ്ക്കുന്നതെന്നും രാഹുൽ കൂട്ടിച്ചേർത്തു. ഭോപ്പാലിൽ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു രാഹുൽ. വെറുപ്പ് പരത്തുന്ന ഹിന്ദുത്വത്തെ തള്ളുന്ന കോൺഗ്രസ് എല്ലാം തുറന്ന മനസോടെ സ്വീകരിക്കുന്ന ഹിന്ദുത്വത്തെയാണ് അനുകൂലിക്കുന്നതെന്നും രാഹുൽ കൂട്ടിച്ചേർത്തു.
ഡൽഹിയിൽ എ.ഐ.സി.സി ആസ്ഥാനത്ത് നടത്തിയ പത്രസമ്മേളനത്തിൽ മുതിർന്ന നേതാവ് ആനന്ദ് ശർമ്മ ഇക്കാര്യത്തിൽ കൂടുതൽ വിശദീകരണം നൽകി.
''കോൺഗ്രസ് അദ്ധ്യക്ഷന്റെ നിലപാട് കൃത്യമാണ്. പാർട്ടി സുപ്രീംകോടതി വിധി മാനിക്കുന്നു. അതേസമയം വൈവിദ്ധ്യങ്ങളുടെ നാടായ ഇന്ത്യയിൽ ആചാരങ്ങൾ ഓരോ ഭാഗത്തും വ്യത്യസ്തമായിരിക്കും. അത്തരം വിഷയങ്ങളിൽ പ്രാദേശിക നേതൃത്വത്തിന് മറിച്ച് അഭിപ്രായമുണ്ടാവുക സ്വാഭാവികമാണെന്നും ആനന്ദ് ശർമ്മ വിശദീകരിച്ചു.