ദോഹ: ഖത്തറിൽ ഇന്ത്യൻ പ്രവാസികൾ നേരിടുന്ന വിവിധ മേഖലകളിലെ പ്രശ്നങ്ങൾ ഉടൻ പരിഹരിക്കുമെന്ന് വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ്. വിദ്യാഭ്യാസം, വോട്ടവകാശം, വിമാനയാത്ര തൊഴിൽ സുരക്ഷ എന്നീ കാര്യങ്ങളിൽ പ്രവാസികൾ നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ ഉടൻ നടപടിയെടുക്കണമെന്ന് ദോഹയിൽ പ്രവാസികളെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടെ സുഷമ വ്യക്തമാക്കി.
''ഉത്സവ സീസണുകളിൽ വിമാനക്കമ്പനികൾ കൊള്ള നടത്തുന്നത് നേരത്തെ തന്നെ വ്യോമയാന മന്ത്രാലയത്തിന്റെ ശ്രദ്ധയിൽ പെടുത്തിയിട്ടുണ്ട്. വിഷയത്തിൽ പരിഹാരനടപടികൾക്കായി ശ്രമം നടത്തും. പ്രവാസികൾക്ക് അടുത്ത തിരഞ്ഞെടുപ്പിൽ തന്നെ വോട്ട് ചെയ്യാനുള്ള സാഹചര്യം ഉടൻ നടപ്പിലാക്കും. സുഹൃത്തുക്കൾക്കോ ബന്ധുക്കൾക്കോ ചെയ്യാവുന്ന തരത്തിൽ പ്രോക്സി വോട്ടിനാണ് സാദ്ധ്യത"- സുഷമാ സ്വരാജ് പറഞ്ഞു.
ഖത്തറിൽ കഴിയുന്ന ഹിന്ദു, സിഖ് മത വിശ്വാസികൾക്ക് ആരാധന സൗകര്യത്തിനും മൃതദേഹം സംസ്‌കരിക്കുന്നതിനും സൗകര്യം ഒരുക്കണമെന്ന് ഖത്തർ ഭരണാധികാരികളുമായുള്ള കൂടിക്കാഴ്ചയിൽ അപേക്ഷിച്ചതായും സുഷമ വ്യക്തമാക്കി. രണ്ട് ദിവസത്തെ ഖത്തർ സന്ദർശനം പൂർത്തിയാക്കിയതിന് ശേഷം സുഷമ സ്വരാജ് കുവൈത്തിലേക്ക് തിരിക്കും.