milan-lawrence-emmanuel

തിരുവനന്തപുരം: സി.പി.എം നേതാവ് എം.എം.ലോറൻസിന്റെ കൊച്ചുമകൻ മിലൻ ലോറൻസ് ഇമ്മാനുവേൽ ബി.ജെ.പി പരിപാടിയിൽ പങ്കെടുത്തത് സംസ്ഥാനത്ത് പുതിയൊരു വിവാദത്തിന് തിരിതെളിച്ചിട്ടുണ്ട്. ആരുടെയും നിർബന്ധത്തിന് വഴങ്ങാതെയാണ് മിലൻ പരിപാടിക്കെത്തിയതെന്ന് ബി.ജെ.പി വാദിക്കുമ്പോൾ സ്വന്തം ഇഷ്‌ടപ്രകാരമാണോ മിലൻ എത്തിയതെന്ന് സംശയമുണ്ടെന്നാണ് എം.എം.ലോറൻസിന്റെ പ്രതികരണം. എന്നാൽ ഇപ്പോൾ വിഷയത്തിൽ പ്രതികരണവുമായി മിലനും അമ്മ ആശയും രംഗത്തെത്തി. ഒരു ഓൺലൈൻ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ആശ പറയുന്നത് ഇങ്ങനെ.

ശബരിമല അയ്യപ്പന്റെ വലിയ ഭക്തരാണ് താനും മകനും. ഇപ്പോൾ ശബരിമലയിൽ നടക്കുന്ന പ്രശ്‌നങ്ങളിൽ വ്യക്തിപരമായി അവന് എതിർപ്പുണ്ട്. അപ്പോഴാണ് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ പി.എസ്.ശ്രധീരൻപിള്ള പ്രതിഷേധ പരിപാടിയെക്കുറിച്ച് അവനോട് പറയുന്നത്. ശബരിമല വിഷയത്തിൽ പ്രതിഷേധിക്കുന്ന പരിപാടിയിൽ അവൻ പങ്കെടുത്തതിന് എന്താണ് തെറ്റ്. അവൻ തന്നോട് ചോദിച്ചിട്ടാണ് ആ പരിപാടിയിൽ പോയത്. ഇതിന് മുമ്പ് ആർ.എസ്.എസിന്റെയോ ബി.ജെ.പിയുടേയോ ഒരു പരിപാടിയിലും അവൻ പങ്കെടുത്തിട്ടില്ല. ഉമ്മൻചാണ്ടിയോടൊപ്പം നിൽക്കുന്ന ചിത്രമാണ് അവൻ ഫേസ്ബുക്കിൽ പ്രൊഫൈൽ ചിത്രമായി വച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം പിണറായി വിജയന്റെ പ്രസംഗം അവൻ ട്വിറ്ററിൽ ഷെയർ ചെയ്‌തിരുന്നു. ഇതുവരെ ബി.ജെ.പിയിൽ ചേരണമെന്ന് അവൻ ആവശ്യപ്പെട്ടിട്ടില്ല. നാളെ ബി.ജെ.പിയിൽ ചേരണമെന്ന് പറഞ്ഞാലും അവനെ തടയില്ല. കാരണം അത് അവന്റെ ഇഷ്‌ടമാണെന്നും ആശ പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയനെപ്പോലെ പ്രസംഗിക്കണം എന്ന് അവൻ എന്നോട് പലപ്പോഴും പറഞ്ഞിട്ടുണ്ട്. കോൺഗ്രസും സി.പി.എമ്മും ബി.ജെ.പിയും ഒന്നും തെറ്റല്ല എന്നാണ് അവന്റെ പക്ഷം. നല്ലത് എന്താണോ അത് തിരഞ്ഞെടുക്കാൻ അവന് അവകാശമുണ്ട്. മുമ്പ് രാഷ്ട്രീയത്തിൽ ഇറങ്ങണമെന്ന് മിലൻ എം.എം.ലോറൻസിനോട് പറഞ്ഞപ്പോൾ ആദ്യം പഠനം കഴിയട്ടെ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. 15ആമത്തെ വയസിൽ പഠനം ഉപയോഗിച്ച് രാഷ്ട്രീയത്തിലിറങ്ങിയ ആളാണ് എന്റെ അപ്പച്ചൻ (എം.എം.ലോറൻസ്). ആ പാരമ്പര്യം അവൻ കാണിക്കാതിരിക്കുമോ എന്നും ആശ ചോദിക്കുന്നു.