kerala-police

ശബരിമല: ശബരിമല തീർത്ഥാടകർക്ക് ദർശനത്തിന് എത്തുന്ന ദിവസവും സമയവും ഓൺലൈൻ ആയി തിരഞ്ഞെടുക്കുന്നതിനുളള സംവിധാനം കേരള പോലീസ് ആരംഭിച്ചു. കാൽനടയായി പോകുന്നവർ ഒഴികെ നിലക്കലിൽ എത്തുന്ന എല്ലാ തീർത്ഥാടകർക്കും കെ.എസ്.ആർ.ടി.സി ടിക്കറ്റ് നിർബന്ധമായതിനാൽ കെ.എസ്.ആർ.ടി.സിയുടെ ടിക്കറ്റ് ബുക്കിംഗും ദർശനത്തിനുളള സമയം തിരഞ്ഞെടുക്കുന്നതും ഒരുമിച്ചു ലഭ്യമാകുന്ന തരത്തിലാണ് പോർട്ടൽ ക്രമീകരിച്ചിരിക്കുന്നത്. കെ.എസ്.ആർ.ടി സി യും കേരള പോലീസും ചേർന്നാണ് ഈ സംവിധാനം ഒരുക്കിയിരിക്കുന്നത്.

www .sabarimalaq.com എന്ന പോർട്ടലിൽ കെ.എസ്.ആർ.ടി.സി ടിക്കറ്റുകൾ ബുക്ക് ചെയ്യുന്ന ലിങ്കിൽ പോയി ബസ് ടിക്കറ്റ് ബുക്ക് ചെയ്യുന്നതോടൊപ്പം ദർശന സമയവും ലഭ്യമാകുന്നു. www.keralartc.com എന്ന വൈബ്‌സൈറ്റിൽ നേരിട്ടും ടിക്കറ്റുകൾ ബുക്ക് ചെയ്യാം. ഒരു ടിക്കറ്റിൽ പത്തു പേർക്ക് വരെ ബുക്ക് ചെയ്യാം. ടിക്കറ്റ് ഡൗൺലോഡ് ചെയ്തു പ്രിന്റ് എടുത്ത് യാത്രക്കായി കൊണ്ടുവരേണ്ടതാണ്.

തിരഞ്ഞെടുത്ത സമയം അടിസ്ഥാനമാക്കി 48 മണിക്കൂർ വരെ ഉപയോഗിക്കാവുന്ന റൗണ്ട് ട്രിപ്പ് ടിക്കറ്റ് (നിലക്കൽ-പമ്പ- നിലക്കൽ) ലഭിക്കും. പമ്പയിൽ നിന്ന് മുൻ വർഷങ്ങളിലേതുപോലെ സന്നിധാനത്തേക്ക് മല കയറാവുന്നതാണ്. ദർശനത്തിന് ശേഷം പമ്പയിൽ നിന്ന് നിലക്കലിലേക്ക് തിരിച്ചുപോകുന്നതിനും അതേ ടിക്കറ്റ് തന്നെ ഉപയോഗിക്കാം. തിരിച്ചുപോകൽ യാത്ര 48 മണിക്കൂറിനുളളിൽ പൂർത്തിയാക്കിയിരിക്കണം.

കാൽനടയായി എത്തി ദർശനം കഴിഞ്ഞു മടങ്ങുന്ന തീർത്ഥാടകർക്കായി ഓൺലൈൻ ആയും പമ്പയിൽ നിന്ന് ടിക്കറ്റ് ലഭ്യമാക്കുന്നതിനുളള സൗകര്യങ്ങൾ കെ.എസ്.ആർ.ടി.സി ഒരുക്കിയിട്ടുണ്ട്. പമ്പയിൽ മറ്റു അടിസ്ഥാനസൗകര്യങ്ങൾ ലഭ്യമല്ലാത്തതിനാൽ പമ്പാ സ്‌നാനത്തിന് ശേഷം തീർത്ഥാടകരെ പമ്പയിൽ തുടരാൻ അനുവദിക്കുന്നതല്ല. ഓൺലൈൻ ബുക്കിംഗ് ഇല്ലാതെ നിലക്കലിൽ എത്തുന്ന തീർത്ഥാടകർക്ക് അവിടെയുളള കെ.എസ്.ആർ.ടി.സി ടിക്കറ്റ് കൗണ്ടറുകളിൽ നിന്ന് ലഭ്യതക്കനുസരിച്ച് മുൻഗണനാക്രമത്തിൽ ടിക്കറ്റ് നൽകും. ടിക്കറ്റ് എടുത്ത ശേഷം തീർത്ഥാടകർക്ക് കെ.എസ്.ആർ.ടി.സി ബസ്സിൽ നിലക്കലിൽ നിന്ന് പമ്പയിലേക്ക് യാത്ര ചെയ്യാവുന്നതാണ്. മറ്റു സ്ഥലങ്ങളിൽ നിന്ന് കെ.എസ്.ആർ.ടി.സി ബസ്സിൽ നേരിട്ട് പമ്പയിൽ എത്തുന്നവർക്ക് നിലക്കലിൽ നിന്ന് വീണ്ടും ബുക്കിംഗ് ആവശ്യമില്ല.

മുൻ വർഷങ്ങളിൽ വെർച്വൽ ക്യൂ സംവിധാനം വഴി ബുക്ക് ചെയ്ത് എത്തുന്ന തീർത്ഥാടകരെ മരക്കൂട്ടത്തു നിന്ന് ചന്ദ്രാനൻ റോഡ് വഴി സന്നിധാനം നടപ്പന്തൽ എത്തുന്നതിന് അനുവദിച്ചിരുന്നു. ഈ വർഷവും പരിമിതമായ എണ്ണം തീർത്ഥാടകർക്ക് ഈ സൗകര്യം അനുവദിക്കുന്നുണ്ട്. ഇതിനായി www .sabarimalaq.com എന്ന പോർട്ടലിൽ തീർത്ഥാടകരുടെ പേര്, വയസ്സ്, ഫോട്ടോ, അഡ്രസ്, ഫോട്ടോ ഐഡൻറിറ്റി കാർഡ് നമ്പർ, മൊബൈൽ നമ്പർ തുടങ്ങിയ വിവരങ്ങൾ രേഖപ്പെടുത്തേണ്ടതാണ്. ബുക്ക് ചെയ്യുന്ന എല്ലാ തീർത്ഥാടകരുടെയും വിവരങ്ങൾ പ്രത്യേകമായി രേഖപ്പെടുത്തേണ്ടതാണ്. വെബ് പോർട്ടലിൽ നൽകിയിരിക്കുന്ന കലണ്ടറിൽ നിന്ന് ലഭ്യതക്കനുസരിച്ച് ദർശന ദിവസവും സമയവും തിരഞ്ഞെടുക്കാം.

ബുക്കിംഗ് പൂർത്തിയാക്കിയ ശേഷം ദർശന സമയവും തീയതിയും തീർതത്ഥാടകൻറെ പേരും ഫോട്ടോയും മറ്റ് വിവരങ്ങളുമടങ്ങിയ ക്യൂ കൂപ്പൺ സേവ് ചെയ്ത് പ്രിൻറ് എടുക്കേണ്ടതാണ്. ഈ കൂപ്പൺ ദർശന ദിവസം പമ്പയിൽ പ്രവർത്തിക്കുന്ന പോലീസിൻറെ വെരിഫിക്കേഷൻ കൗണ്ടറിൽ കാണിച്ച് പ്രവേശനത്തിനുളള സീൽ പതിപ്പിക്കേണ്ടതാണ്. കൂപ്പണിൽ രേഖപ്പെടുത്തിയിരിക്കുന്ന ദിവസം കൃത്യസമയത്ത് പമ്പയിലെത്തുന്ന തീർത്ഥാടകർക്കു മാത്രമേ ചന്ദ്രാനൻ റോഡ് വഴി പ്രവേശനം അനുവദിക്കുകയുളളൂ. ഈ സൗകര്യം ഉപയോഗിക്കുന്ന തീർത്ഥാടകർ നിലക്കൽ- പമ്പ കെ.എസ്.ആർ.ടി.സി ബസ് ടിക്കറ്റ് പ്രത്യേകം എടുക്കേണ്ടതാണ്.

തീർത്ഥാടകരുടെ സ്വകാര്യ വാഹനങ്ങൾ നിലക്കൽ വരെ മാത്രമേ അനുവദിക്കുകയുളളൂ. നിലക്കൽ പമ്പ റൂട്ടിൽ കെ.എസ്.ആർ.ടി.സി ബസുകൾ മാത്രമേ തീർത്ഥാടകർക്കായി അനുവദിക്കുകയുളളൂ. ഓൺലൈനിലൂടെ കെ.എസ്.ആർ.ടി.സി ബസ് ടിക്കറ്റ് എടുത്തു വരുന്നത് വഴി നിലക്കലിലും പമ്പയിലും ബസ് ടിക്കറ്റിന് വേണ്ടിയുളള ക്യൂ ഒഴിവാക്കാം. റൗണ്ട് ട്രിപ്പ് ബസ് ടിക്കറ്റ് 48 മണിക്കൂർ വരെ മാത്രമേ ഉപയോഗിക്കുവാൻ സാധിക്കു എന്നതിനാൽ അതിനുളളിൽ തന്നെ ദർശനം പൂർത്തിയാക്കി തിരിച്ചെത്തേണ്ടതാണ്. അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം കാരണം പമ്പയിൽ തീർത്ഥാടകരെ യാതൊരു കാരണവശാലും തങ്ങാൻ അനുവദിക്കുന്നതല്ല.

തീർത്ഥാടകർക്ക് പമ്പയിൽ ആവശ്യത്തിന് അടിസ്ഥാന സൗകര്യങ്ങളില്ലാത്തതിനാൽ ഈ വർഷം മുതൽ നിലക്കൽ ബേസ് ക്യാമ്പായി തീരുമാനിച്ചു. നിലക്കലിൽ നിന്ന് തീർത്ഥാടകർ പമ്പയിലേക്ക് പോകുന്നതിനും തിരിച്ച് വരുന്നതിനും കെ.എസ്.ആർ.ടി.സി ബസ്സുകൾ ഉപയോഗിക്കേണ്ടതാണ്.