virat-kohli

തിരുവനന്തപുരം: ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിലെത്താൻ കഴിഞ്ഞതിൽ തനിക്ക് അതിയായ സന്തോഷമുണ്ടെന്ന് ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്‌ടൻ വിരാട് കൊഹ്‌ലി വ്യക്തമാക്കി. കേരളത്തിന്റെ പ്രകൃതി സൗന്ദര്യവും ആതിഥേയ മര്യാദയും മഹത്തരമാണ്. കേരളത്തിൽ വരുന്നത് താൻ വളരെയധികം ഇഷ്ടപ്പെടുന്നു. ഇവിടെ നിന്ന് ലഭിക്കുന്ന ഊർജം ജീവിതത്തിൽ വളരെ പ്രധാനപ്പെട്ടതാണ്. ഇവിടം സുരക്ഷിതമാണ്. കേരളത്തിന്റെ സൗന്ദര്യം ആസ്വദിക്കാൻ എല്ലാവരേയും ഇവിടേക്ക് ക്ഷണിക്കുന്നു. എന്നെ സന്തോഷവാനാക്കിയ കേരളത്തിന് നന്ദിയെന്നും കോവളം റാവിസ് ഹോട്ടലിലെ സന്ദർശക ബുക്കിൽ ഇന്ത്യൻ നായകൻ കുറിച്ചു.

virat-kohli

ചൊവ്വാഴ്‌ച ഉച്ചയോടെയാണ് പ്രത്യേക വിമാനത്തിൽ ഇന്ത്യൻ ക്രിക്കറ്റ് ടീം തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയത്. വിമാനത്താവളത്തിൽ തടിച്ചുകൂടിയ യുവാക്കൾ ആർപ്പുവിളികളോടെയും മുദ്രാവാക്യം വിളികളോടെയുമാണ് താരങ്ങളെ വരവേറ്റത്. നാലാം ഏകദിനം കഴിഞ്ഞ് മുംബൈയിൽ നിന്നും ഒരു മണിക്കൂറോളം വൈകി ഒന്നരയോടെ ചാർട്ടേഡ് വിമാനത്തിലാണ് ടീമുകൾ എത്തിയത്. കോവളം റാവിസ് ഹോട്ടലിൽ തങ്ങുന്ന ടീം അംഗങ്ങൾ ബുധനാഴ്‌ച കാര്യവട്ടം ഗ്രീൻഫീൽഡ് സ്‌റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങും. നവംബർ ഒന്നിന് കേരളപ്പിറവി ദിനത്തിലാണ് വിൻഡീസിനെതിരെ ഇന്ത്യയുടെ അഞ്ചാം ഏകദിനം.