ആലപ്പുഴ: നവകേരള നിർമിതിക്കായി സംസ്ഥാന സർക്കാർ നടപ്പിലാക്കിയ സാലറി ചലഞ്ചിന് സുപ്രീം കോടതിയിൽ നിന്നേറ്റ തിരിച്ചടി അയ്യപ്പന്റെ കളിയാണെന്ന് ബി.ജെ.പി ദേശീയ നിർവാഹക സമിതി അംഗം കൃഷ്ണദാസ് പറഞ്ഞു. ഇത് ആദ്യത്തേതാണ്. അയ്യപ്പന്റെ കളി ഇനിയും തുടരും. കമ്യൂണിസത്തെ സൈദ്ധാന്തികമായി തകർക്കുന്ന അയ്യപ്പദർശനത്തെ ഇല്ലാതാക്കാനാണ് സി.പി.എം ശ്രമിക്കുന്നത്. ഈ നടപടിയുമായി പിണറായി വിജയൻ മുന്നോട്ട് പോയാൽ അത് സർക്കാരിന്റെ നാശത്തിലേക്ക് നയിക്കുമെന്നും അദ്ദേഹം പറഞ്ഞു. മന്ത്രിമാരായ ജി.സുധാകരനും എം.എം.മണിയും ഭരണം നടത്താൻ യോഗ്യരല്ലെന്നും അവർക്ക് പറ്റിയ സ്ഥലം ഊളൻപാറയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഭക്ത ജനങ്ങൾക്കെതിരെ സർക്കാർ നടത്തുന്ന അതിക്രമത്തിനെതിരെ ബി ജെ.പി ജില്ലാ ആലപ്പുഴ കമ്മിറ്റി നടത്തിയ എസ്.പി ഓഫീസ് മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു കൃഷ്ണദാസ്.
സർക്കാരിനെ പിരിച്ചു വിടുകയല്ല മറിച്ച് ജനങ്ങളുടെ പിന്തുണയോടെ താഴെയിറക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നത്. അതാണ് ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ അമിത് ഷാ പറഞ്ഞത്. ബുദ്ധദേവ് ഭട്ടാചാര്യയ്ക്കും മണിക് സർക്കാരിനും സംഭവിച്ചത് പിണറായി വിജയനും സംഭവിക്കും. പിണറായി ആയിരം ജന്മമെടുത്താലും ശബരിമലയിൽ ആചാര ലംഘനം അനുവദിക്കില്ല. പൊലീസുകാർ നിയമവിരുദ്ധമായി പ്രവർത്തിച്ചാൽ അവർക്കെതിരെ നിയമ നടപടികൾ സ്വീകരിക്കും. നിലയ്ക്കലിൽ നടന്ന നടപടികൾക്കിടയിലെ പൊലീസിന്റെ നിയമവിരുദ്ധ പ്രവർത്തനങ്ങൾ സമൂഹമാദ്ധ്യമങ്ങളിലും തുറന്നു കാണിക്കും.