തിരുവനന്തപുരം: ജലവിഭവ വകുപ്പ് മന്ത്രി മാത്യു.ടി തോമസിന്റെ ഗൺമാൻ കൊല്ലം കടയ്ക്കൽ ചരിപ്പറമ്പ് സജിത്ത് വിലാസത്തിൽ സഹദേവൻ പിള്ളയുടെ മകൻ സുജിത്ത് സഹദേവനെ (27) വീട്ടിൽ ഇരു കൈത്തണ്ടയിലെയും ഞരമ്പുകൾ അറുത്ത ശേഷം തലയ്ക്ക് സർവീസ് റിവോൾവറിൽ നിന്ന് വെടിയുതിർത്ത് മരിച്ച നിലയിൽ കണ്ടെത്തി. ഇന്ന് രാവിലെ ആറുമണിയോടെ വീടിന്റെ മുകൾ നിലയിലെ കിടപ്പുമുറിയിലാണ് മൃതദേഹം കാണപ്പെട്ടത്. ആത്മഹത്യ ചെയ്തതാണെന്ന് കരുതുന്നു.
നേരം പുലർന്നിട്ടും സുജിത്ത് എഴുന്നേൽക്കാതിരുന്നതിനെ തുടർന്ന് വീട്ടുകാർ കതകിൽ തട്ടിവിളിച്ചു.അനക്കമില്ലാത്തതിനെ തുടർന്ന് കതക് തള്ളി തുറന്ന് നോക്കുമ്പോഴാണ് മുറിക്കുള്ളിൽ രക്തത്തിൽ കുളിച്ച നിലയിൽ സുജിത്തിനെ കണ്ടത്. തുടർന്ന് വീട്ടുകാരും അയൽവാസികളും ചേർന്ന് ഉടൻ കടയ്ക്കൽ ഗവ.ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. തിരുവനന്തപുരം സിറ്റി എ.ആർ ക്യാമ്പിലെ സിവിൽ പൊലീസ് ഓഫീസറാണ് സുജിത്ത്.
മന്ത്രി മാത്യു.ടി തോമസിന്റെ ഗൺമാൻ ശസ്ത്രക്രിയയെ തുടർന്ന് വിശ്രമത്തിലായതിനാൽ മൂന്നുമാസം മുമ്പ് പകരക്കാരനായാണ് സുജിത്ത് എത്തിയത്. തിങ്കളാഴ്ച വൈകുന്നേരം ഡ്യൂട്ടികഴിഞ്ഞെത്തിയ സുജിത്ത് ഇന്നലെ വീട്ടിലുണ്ടായിരുന്നു. രാത്രി പതിവുപോലെ അത്താഴം കഴിഞ്ഞ് ഉറങ്ങാനായി കിടപ്പുമുറിയിലേക്ക് പോയതാണ്.
വിവരമറിഞ്ഞ് കടയ്ക്കൽ സി.ഐയുടെ നേതൃത്വത്തിൽ പൊലീസെത്തി മൃതദേഹവും മുറിയും പരിശോധിച്ചു. മുറിക്കുളളിൽ നിന്ന് കണ്ടെത്തിയ സർവീസ് റിവോൾവർ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഫോറൻസിക് വിദഗ്ദ്ധർ രാവിലെ സ്ഥലത്തെത്തി റിവോൾവറും മുറിയും പരിശോധിക്കും. രാത്രിയിൽ വെടിയുതിർത്ത ശബ്ദമൊന്നും കേട്ടിരുന്നില്ലെന്ന് വീട്ടുകാർ പറയുന്നു. തലയോട് ചേർത്ത് പിടിച്ച് വെടിയുതിർത്തതിനാലാകാം ശബ്ദം പുറത്ത് കേൾക്കാതിരുന്നതെന്നാണ് പൊലീസ് പറയുന്നത്.
ജീവനൊടുക്കാനുള്ള കാരണം വ്യക്തമല്ല. അവിവാഹിതനായ സുജിത്ത് പ്രണയ നൈരാശ്യത്തെ തുടർന്ന് ജീവനൊടുക്കിയതാണെന്ന് പറയപ്പെടുന്നുണ്ടെങ്കിലും ഇത് സ്ഥിരീകരിച്ചിട്ടില്ല. ഡ്യൂട്ടി കഴിഞ്ഞ് തിങ്കളാഴ്‌ച രാത്രി മടങ്ങിയെത്തിയ സുജിത്ത് ഇന്നലെ സാധാരണ പോലെയാണ് പെരുമാറിയതെന്ന് കുടുംബാംഗങ്ങൾ പറയുന്നു. ഔദ്യോഗികമായി പൊലീസിൽ പ്രശ്‌നങ്ങൾ ഇല്ലായിരുന്നുവെന്നാണ് സഹപ്രവർത്തകർ പറയുന്നത്. വി.ഐ.പി ഡ്യൂട്ടി എന്ന നിലയിൽ മന്ത്രിയുടെ സുരക്ഷാ ചുമതലയുമായി ബന്ധപ്പെട്ടും പ്രശ്‌നങ്ങൾ ഇല്ലായിരുന്നു. മന്ത്രിയും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.
കടയ്ക്കൽ പൊലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി തിരുവനന്തപുരം മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം തിരുവനന്തപുരം സിറ്റി എ.ആർ ക്യാമ്പിൽ പൊതുദർശനത്തിന് വയ്ക്കും. വൈകുന്നേരത്തോടെ വീട്ടിലെത്തിക്കും. സഹദേവൻ പിള്ള- രാധാമണി ദമ്പതികളുടെ മകനാണ് സുജിത്ത്. സജിത്ത്, സരിത എന്നിവർ സഹോദരങ്ങളാണ്. കൊല്ലം റൂറൽ എസ്.പി അശോകൻ, പുനലൂർ ഡിവൈ.എസ്.പി എം.അനിൽ കുമാർ എന്നിവർ സംഭവസ്ഥലത്തെത്തി.