k-surendran

കൊച്ചി: മഞ്ചേശ്വരം നിയമസഭാ മണ്ഡലത്തിൽ വ്യാപക കള്ളവോട്ട് നടന്നുവെന്ന് ആരോപിച്ച് ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി കെ.സുരേന്ദ്രൻ സമർപ്പിച്ച ഹർജി കൂടുതൽ വാദം കേൾക്കുന്നതിനായി ഡിസംബർ മൂന്നിലേക്ക് മാറ്റി. മഞ്ചേശ്വരം എം.എൽ.എയായിരുന്ന പി.ബി.അബ്ദുൽ റസാഖ് മരിച്ചതിനെ തുടർന്ന് കേസ് നടപടികളുമായി ഇനി മുന്നോട്ട് പോകണോയെന്ന് കഴിഞ്ഞ തവണ കോടതി ചോദിച്ചിരുന്നു. ഇന്ന് കോടതി ചേർന്നപ്പോൾ കേസുമായി മുന്നോട്ട് പോകണമെന്നാണ് സുരേന്ദ്രൻ നിലപാടെടുത്തത്.


അബ്ദുൾ റസാഖിന്റെ തിരഞ്ഞെടുപ്പ് ഫലം റദ്ദാക്കണമെന്നും തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടാണ് സുരേന്ദ്രൻ കോടതിയെ സമീപിച്ചത്. മരിച്ചവരും വിദേശത്തുള്ളവരും ചേർന്ന് 259 പേരുടെ പേരിൽ കള്ളവോട്ട് ചെയ്തിട്ടുണ്ടെന്നാണ് ബി.ജെ.പി നേതാവിന്റെ ആരോപണം. കേസിൽ 175 സാക്ഷികളുടെ വിസ്താരം പൂർത്തിയാക്കിയ കോടതി 67 സാക്ഷികൾക്ക് സമൻസ് അയച്ചിരിക്കുകയാണ്. ഹൈക്കോടതിയിലെ കേസ് തീർപ്പാക്കാതെ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനാകില്ലെന്ന നിലപാടിലാണ് തിരഞ്ഞെടുപ്പ് കമ്മിഷൻ.