panthalam-palace

പത്തനംതിട്ട: നിലയ്ക്കൽ സംഘർഷത്തെ തുടർന്ന് പൊലീസ് അറസ്റ്റ് ചെയ്ത മലയരയ വിഭാഗത്തിലെ യുവാക്കളുടെ കുടുംബാംഗങ്ങളായ സ്ത്രീകൾ പന്തളം കൊട്ടാരത്തിലെത്തി. ശബരിമലയുമായി ബന്ധപ്പെട്ട തലപ്പാറ വേലന്റെ അനന്തരാവകാശികളെ അറസ്റ്റു ചെയ്തു പീഡിപ്പിക്കുന്നതായാണ് സ്ത്രീകളുടെ ആക്ഷേപം.

നിലയ്ക്കലിൽ നാമജപയജ്ഞം നടത്തിയതിന് പൊലീസ് കസ്റ്റഡിയിലെടുത്തരണ്ടു മലയരയ യുവാക്കളുടെ അമ്മമാരാണ് പന്തളം രാജപ്രതിനിധിയെ കണ്ടത്. ചിറ്റാർ പാമ്പിനി പുതുപ്പറമ്പിൽ ജയരാജ് (30), പാമ്പിനി മാമ്മൂട്ടിൽ അഭിലാഷ് (32) എന്നിവരെയാണ് പത്തനംതിട്ട പൊലീസ് ചീഫിന്റെ സ്‌പെഷ്യൽ സ്‌ക്വാഡ് പിടികൂടിയത്. ഇവരെ റാന്നി കോടതിയിൽ ഹാജരാക്കിയ ശേഷം പൂജപ്പുര ജയിലിൽ റിമാൻഡു ചെയ്തു. യുവാക്കളെ കാണാതായതിനെത്തുടർന്നു ബന്ധുക്കൾ നടത്തിയ അന്വേഷണത്തിലാണ് പൊലീസ് അറസ്റ്റ് ചെയ്തതറിഞ്ഞത്.

ജയരാജിന്റെ അമ്മ തുളസീരാജും അഭിലാഷിന്റെ അമ്മ തങ്കമ്മയും ബന്ധുക്കളുമാണ് പന്തളം കൊട്ടാരത്തിലെത്തിയത്. കൊട്ടാരം നിർവാഹക സംഘം പ്രസിഡന്റ് പി.ജി. ശശികുമാർ വർമ്മ, സെക്രട്ടറി പി.എൻ. നാരായണ വർമ്മ എന്നിവരെ കണ്ടു. തിരുവിതാംകൂർ മഹാറാണി അശ്വതി തിരുനാൾ ഗൗരിലക്ഷ്മിഭായിയും ശബരിമല കർമ്മസമിതി സംസ്ഥാന സംയോജകൻ കെ. കൃഷ്ണൻകുട്ടിയും ഈ സമയം കൊട്ടാരത്തിലുണ്ടായിരുന്നു. ആവശ്യമായ സഹായങ്ങൾ ചെയ്യാമെന്ന് കൊട്ടാരം ഭാരവാഹികൾ അറിയിച്ചു.