urjith-patel

ന്യൂഡൽഹി: കേന്ദ്രസർക്കാരുമായുള്ള അഭിപ്രായ വ്യത്യാസം കനത്തതോടെ റിസർവ് ബാങ്ക് ഗവർണർ ഉർജിത് പട്ടേൽ രാജിവയ്‌ക്കാനൊരുങ്ങുന്നു. ബാങ്കിന്റെ കാര്യങ്ങളിൽ കേന്ദ്രസർക്കാരിന് നേരിട്ട് ഇടപെടാവുന്ന സൗകര്യം പ്രയോഗിച്ചതാണ് ഉർജിതിന്റെ രാജിക്ക് പിന്നിലെന്നാണ് വിവരം. ആർ.ബി.ഐ ചട്ടത്തിലെ സെക്‌ഷൻ ഏഴ് ഉപയോഗിക്കുന്നത് ഇതാദ്യമാണ്. ബാങ്കിന്റെ സ്വയം ഭരണാവകാശത്തിൽ സർക്കാർ ഇടപെടുന്നതിൽ ആർ.ബി.ഐ തലപ്പത്തുള്ളവർക്കും വൻ പ്രതിഷേധമുണ്ട്.കഴിഞ്ഞ ദിവസങ്ങളിൽ കേന്ദ്രധനമന്ത്രി അരുൺ ജയ്‌റ്റ്‌ലി നടത്തിയ പരാമർശങ്ങളും പട്ടേലിനെ ചൊടിപ്പിച്ചതായാണ് അദ്ദേഹവുമായി ബന്ധപ്പെട്ട വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. അടുത്ത വർഷം ഒക്‌ടോബർ വരെ കാലാവധി ബാക്കിയിരിക്കെയാണ് അപ്രതീക്ഷിതമായി ഉർജിത് പട്ടേൽ രാജിയ്‌ക്കൊരുങ്ങുന്നത്.

അതേസമയം, നോട്ട് നിരോധനം അടക്കമുള്ള കാര്യങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിശ്വസ്‌തനായ ഉർജിത് പട്ടേൽ പടിയിറങ്ങുന്നത് കേന്ദ്രസർക്കാരിന് കനത്ത തിരിച്ചടിയാണെന്നാണ് വിലയിരുത്തൽ. അതിനിടെ തർക്കം പരിഹരിക്കാൻ മോദി ബാങ്ക് മേധാവികളുടെ യോഗം വിളിച്ചിട്ടുണ്ട്. എന്നാൽ സർക്കാർ ഇടപെടൽ ഉണ്ടായാൽ ഇനി സ്ഥാനത്ത് തുടരേണ്ടതില്ലെന്ന് തന്നെയാണ് ഉർജിത് പട്ടേലിന്റെ തീരുമാനമെന്നും ആർ.ബി.ഐ വൃത്തങ്ങൾ അറിയിച്ചു.