crime

തൊടുപുഴ: അമ്മയേയും മകളെയും മാനഭംഗം ചെയ്ത് മൃഗീയമായി കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജില്ലാ കോടതി വിധിച്ച വധശിക്ഷ ഹൈക്കോടതി ശരിവെച്ചു. വണ്ടിപ്പെരിയാർ ചൂരക്കുളംപുതുവലിൽ പുതുവൽതടത്തിൽ രാജേന്ദ്രനെതിരെ (55) തൊടുപുഴ അഡീഷണൽ സെഷൻസ് ജഡ്ജി ടി യു മാത്യുക്കുട്ടി വിധിച്ച ശിക്ഷയാണ് ഹൈക്കോടതി ഡിവിഷൻ ബഞ്ച് ശരിവെച്ചത്. രാജേന്ദ്രന്റെ സുഹൃത്തും കേസിലെ രണ്ടാം പ്രതിയുമായ വണ്ടിപ്പെരിയാർ 57ാം മൈൽ പെരുവേലിൽപറമ്പിൽ ജോമോൻ (26) ജാമ്യത്തിലിറങ്ങി ഒളിവിൽ പോയതിനാൽ വിചാരണ നടന്നിട്ടില്ല. പീരുമേട് 57ാം മൈൽ വലിയവളവിനുതാഴെ വള്ളോംപറമ്പിൽ മോളി (55), മകൾ നീനു (22) എന്നിവരെ ആക്രമിച്ച് മൃതപ്രായരാക്കിയശേഷം മാനഭംഗപ്പെടുത്തി കൊലപ്പെടുത്തിയെന്നായിരുന്നു പ്രോസിക്യൂഷൻ കേസ്.

2007 ഡിസംബർ രണ്ടിന് രാത്രി പതിനൊന്നിന് ശേഷമായിരുന്നു സംഭവം. പാറമട തൊഴിലാളിയായ രാജേന്ദ്രനും കുടുംബവും നേരത്തെ വണ്ടിപ്പെരിയാർ 57ാം മൈലിലായിരുന്നു താമസിച്ചിരുന്നത്. സ്ഥലം സംബന്ധിച്ച് നല്ല പരിചയമുള്ള രാജേന്ദ്രൻ ജോമോനെയും കൂട്ടി മോളിയുടെ വീട്ടിലെത്തി കതകിൽ തട്ടി നീനുവിന്റെ സഹോദരൻ ബിനുവിനെ പേരെടുത്ത് വിളിച്ചു. ബിനു സ്ഥലത്തില്ലെന്ന് നീനു മറുപടി പറഞ്ഞിട്ടും കതക് തുറക്കാൻ ആവശ്യപ്പെട്ടു. നീനു അതിന് തയ്യാറാകാതിരുന്നതിനെത്തുടർന്ന് വീടിനുപുറത്തുണ്ടായിരുന്ന അമ്മിക്കല്ലുപയോഗിച്ച് ഇരുവരും ചേർന്ന് വാതിൽ തല്ലിപ്പൊളിച്ച് അകത്തുകയറി. തോർത്ത് കഴുത്തിൽ കുരുക്കി നീനുവിനെ കീഴ്‌പ്പെടുത്തി ബലാൽക്കാരം ചെയ്തു. ഇതോടെ നീനു ബോധരഹിതയായി വീണു. അസുഖം ബാധിച്ച് കിടക്കുകയായിരുന്ന മോളിയെ ജോമോനും മാനഭംഗപ്പെടുത്തി. ബഹളമുണ്ടാക്കിയ മോളിയെ ഇതോടെ പ്രതികൾ കമ്പിവടിക്കടിച്ചും ചവിട്ടി വാരിയെല്ല് തകർത്തും മൃതപ്രായയാക്കി. അമ്മയുടെ കരച്ചിൽകേട്ട് ബോധമുണർന്ന നീനു കമ്പിവടികൊണ്ട് രാജേന്ദ്രനെ നേരിടാൻ ശ്രമിച്ചെങ്കിലും അയാൾ വടി പിടിച്ചുവാങ്ങി നീനുവിനെ ആക്രമിച്ചു. ഇതോടെ നീനയും അവശയായി വീണു. പിന്നീട് ഇരുവരും ചേർന്ന് അമ്മയേയും മകളേയും വെട്ടിയും അടിച്ചും കൊല്ലുകയായിരുന്നു. ഇതിനുശേഷം പ്രതികൾ വീണ്ടും ഇരുവരെയും വീണ്ടും ബലാൽസംഗം ചെയ്തു.

സംഭവം നടക്കുമ്പോൾ ജോലിയുമായി ബന്ധപ്പെട്ട് നീനുവിന്റെ ഭർത്താവ് കോയമ്പത്തൂരിലും സഹോദരൻ എറണാകുളത്തുമായിരുന്നു. സംഭവസമയത്ത് സ്ത്രീകളെക്കൂടാതെ നീനുവിന്റെ എട്ടുമാസം പ്രായമായ കുഞ്ഞ് മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. കുഞ്ഞ് പിറ്റേന്ന് വൈകിട്ട് ആറോടെ ഇഴഞ്ഞ് വീടിനുമുന്നിലെത്തി വിശന്ന് കരഞ്ഞപ്പോഴാണ് അയൽവാസികൾ എത്തിയത്. അയൽവാസിയായ സി.ഡി.എസ് ചെയർപേഴ്സൺ പൊന്നമ്മയാണ് കൊലപാതകവിവരം പൊലീസിൽ അറിയിച്ചത്.

ഈ സംഭവം നടന്ന് മൂന്നുമാസത്തിനുശേഷം തേക്കടിക്കുസമീപം ഒരു വെയിറ്റിംഗ് ഷെഡിൽ ഭിക്ഷാടകയായ കറുമ്പി എന്ന സ്ത്രീയും സമാനസാഹചര്യത്തിൽ കൊല്ലപ്പെട്ടു. ഈ കേസിൽ രാജേന്ദ്രൻ അറസ്റ്റിലാവുകയും പൊലിസിന്റെ ചോദ്യം ചെയ്യലിൽ അമ്മയും മകളും കൊല്ലപ്പെട്ട കേസിന്റെ വിശദാംശങ്ങൾ വെളിപ്പെടുകയുമായിരുന്നു. എന്നാൽ ഈ കേസിൽ തെളിവുകളുടെ അഭാവത്തിൽ കോടതി രാജേന്ദ്രനെ വെറുതെവിട്ടു. കുമളി സർക്കിൾ ഇൻസ്‌പെക്ടറായിരുന്ന ആർ. ജയശങ്കർ അന്വേഷിച്ച കേസിൽ തുടർന്ന് ചുമതലയേറ്റ സർക്കിൾ ഇൻസ്‌പെക്ടർ അനിൽ ശ്രീനിവാസാണ് കോടതിയിൽ ചാർജ് ഷീറ്റ് സമർപ്പിച്ചത്. ജില്ലാ കോടതിയിൽ പ്രോസിക്യൂഷനുവേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ ഇ എ റഹീം ഹാജരായി.