sabarimala

തിരുവനന്തപുരം : മണ്ഡല മകരവിളക്ക് തിർത്ഥാടനം മുൻപിൽ കണ്ട് മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ചു ചേർത്ത ദക്ഷിണേന്ത്യൻ ദേവസ്വം മന്ത്രിമാരുടെ അവലോകന യോഗത്തിൽ നിന്ന് മന്ത്രിമാർ വിട്ടു നിന്നു. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളായ തമിഴ്നാട്,​ കർണാടക,​ ആന്ധ്രാപ്രദേശ്,​ തെലങ്കാന,​ പുതുച്ചേരി നിന്നുള്ള ദേവസ്വം മന്ത്രിമാരെയാണ് യോഗത്തിന് ക്ഷണിച്ചിരുന്നത്. മന്ത്രിമാർക്ക് പകരം ഉദ്യോഗസ്ഥരാണ് യോഗത്തിനെത്തിയത്. മന്ത്രിമാർ എത്താത്തതിനെ തുടർന്ന് യോഗത്തിന് അദ്ധ്യക്ഷത വഹിക്കാനിരുന്ന മുഖ്യമന്ത്രി പിണറായി വിജയനും യോഗത്തിൽ പങ്കെടുക്കില്ല. യോഗത്തിന് ചിഫ് സെക്രട്ടറിയും എത്തില്ല എന്നാണ് സൂചന. ഇക്കാര്യം ബന്ധപ്പെട്ട ദേവസ്വം ബോർഡ് അധികൃതരെ അറിയിച്ചതായാണ് വിവരം.

മുഖ്യമന്ത്രി പിണറായി വിജയന്റെ അഭാവത്തിൽ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ യോഗാദ്ധ്യക്ഷൻ ആകുമെന്നാണ് കരുതുന്നത്. ഇന്ന് രാവിലെ പത്തരയ്ക്ക് തൈക്കാട് ഗസ്റ്റ് ഹൗസിലാണ് യോഗം വിളിച്ചിരുന്നത്. എന്നാൽ ശബരിമല യുവതി പ്രവേശന സംബന്ധിച്ചുള്ള യോഗമല്ല ഇതെന്നാണ് അറിയുവാൻ കഴിയുന്നത്. മണ്ഡല മകരവിളക്ക് കാലത്തെ മറ്റു സംസ്ഥാനങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളും ക്രമീകരണങ്ങളുമാണ് യോഗത്തിലെ പ്രധാന വിഷയം.