ന്യൂഡൽഹി: ഫ്രാൻസിൽ നിന്നും റാഫേൽ യുദ്ധവിമാനങ്ങൾ വാങ്ങുന്നതിനുള്ള കരാറിന്റെ പൂർണ വിവരങ്ങൾ പുറത്തുവിടണമെന്ന് സുപ്രീം കോടതി കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടു. വിമാനത്തിന്റെ വില, സാങ്കേതിക വിവരങ്ങൾ, കരാറിലെ നടപടിക്രമങ്ങൾ തുടങ്ങിയവ കോടതിയെ അറിയിക്കണം. എന്നാൽ വിഷയത്തിൽ സി.ബി.ഐ അന്വേഷണം നടത്തുന്നത് സംബന്ധിച്ച് പിന്നീട് തീരുമാനമെടുക്കുമെന്നും കോടതി വ്യക്തമാക്കി. കരാറിലെ വിവരങ്ങൾ ഹർജിക്കാർക്ക് നൽകണമെന്നും കോടതി ആവശ്യപ്പെട്ടു. കരാറിൽ സുതാര്യതയില്ലെന്ന പ്രതിപക്ഷ ആരോപണം ശരിവയ്‌ക്കുന്ന തരത്തിലാണ് സുപ്രീം കോടതി ഇടപെടൽ.
മുൻ കേന്ദ്രമന്ത്രിമാരായ യശ്വന്ത് സിൻഹ, അരുൺ ഷൂരി എന്നിവരും മുതിർന്ന അഭിഭാഷകനായ പ്രശാന്ത് ഭൂഷൺ എന്നിവരുമാണ് റാഫേൽ കരാറിൽ സി.ബി.ഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. ഇതുൾപ്പെടെ നാല് ഹർജികളാണ് ഇന്ന് കോടതി പരിഗണിച്ചത്. എന്നാൽ കേന്ദ്രസർക്കാരിന്റെ ആവശ്യം തള്ളിക്കളഞ്ഞ കോടതി കരാറിലെ വിവരങ്ങൾ പൊതുജനമദ്ധ്യത്തിൽ വയ്‌ക്കണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ ഇക്കാര്യത്തെ കേന്ദ്രസർക്കാർ ശക്തമായി എതിർത്തുവെങ്കിലും 10 ദിവസത്തിനകം മുദ്രവച്ച കവറിൽ വിവരങ്ങൾ സമർപ്പിക്കണമെന്ന് കോടതി നിർദ്ദേശിച്ചു. വിമാനത്തിന്റെ വില, എന്തൊക്കെ അടിസ്ഥാന സൗകര്യങ്ങളാണ് വിമാനത്തിൽ ഏർപ്പെടുത്തിയിരിക്കുന്നത്, വിമാനത്തിന്റെ സാങ്കേതിക വിവരങ്ങൾ തുടങ്ങിയ വിവരങ്ങളാണ് 10 ദിവസത്തിനകം സമർപ്പിക്കാൻ ചീഫ് ജസ്‌റ്റിസ് രഞ്ജൻ ഗൊഗോയി ഉത്തരവിട്ടത്.
കരാറിനെക്കുറിച്ച് സി.ബി.ഐ അന്വേഷണമോ കോടതിയുടെ മേൽനോട്ടത്തിലുള്ള അന്വേഷണമോ വേണമെന്ന് ഹർജിക്കാർ ആവശ്യപ്പെട്ടെങ്കിലും സി.ബി.ഐയിലെ ഇപ്പോഴത്തെ പ്രശ്‌നങ്ങൾ കഴിയുന്നത് വരെ കാത്തിരിക്കാനാണ് കോടതി നിർദ്ദേശിച്ചത്.