shatrugnan-sinha

ന്യുഡൽഹി : മുൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി ജീവനോടെ ഉണ്ടായിരുന്നുവെങ്കിൽ താനിപ്പോൾ കോൺഗ്രസിൽ ചേർന്നേനെയെന്ന് ബി.ജെ.പി നേതാവ് ശത്രുഘ്നൻ സിൻഹ. എന്നാൽ താനായിട്ട് ബി.ജെ.പി വിട്ടു പോകില്ലെന്നും സിൻഹ പറഞ്ഞു. പ്രധാനമന്ത്രിയിൽ നിന്ന് എന്തെങ്കിലും പഠിച്ചോ എന്ന ചോദ്യത്തിന് രാവണനിൽ നിന്ന് പോലും നമുക്ക് പലതും പഠിക്കാനാകും എന്ന് അദ്ദേഹം പ്രതികരിച്ചു. മോദിയുടെ ഊർജ്ജം കണ്ട് പഠിക്കേണ്ട ഒന്നാണ്. ബി.ജെ.പിയുമായി തന്റെ ബന്ധം മധുരവും പുളിപ്പും കലർന്നതാണ്. വിയോജിപ്പ് ജനാധിപത്യത്തിന്റെ സുരക്ഷാ വാൽവാണ്. ബി.ജെ.പിയാൽ തന്റെ റോൾ അത്തരത്തിലൊന്നാണ്. അടൽ ഭിഹാരി വാജ്പേയിയുടെ ഭരണകാലത്ത് ബി.ജെ.പിയുടേത് ജനാധിപത്യ ഭരണമായിരുന്നു. ഇപ്പോഴുള്ള ഭരണത്തിന് കുറെ കൂടി ഏകാധിപത്യ സ്വഭാവമാണ്. നോട്ട് നിരോധനം പോലുള്ള സുപ്രധാന തീരുമാനങ്ങള അർദ്ധരാത്രിയിൽ രഹസ്യമായാണ് നടപ്പിലാക്കുന്നതെന്നും മുൻ കേന്ദ്ര മന്ത്രി കൂടിയായ ശത്രുഘ്നൻ സിൻഹ ചേർത്തു.

സർക്കാർ സി.ബി.ഐയെ നാശത്തിലേക്കാണ് നയിക്കുന്നതെന്ന കോൺഗ്രസ് നിലപാട് സിൻഹ ശരി വച്ചു. അധികാരത്തിനായുള്ള തർക്കമല്ല മറിച്ച് റാഫേൽ വിവാദം മറച്ചു വയ്ക്കാനുള്ള നീക്കമാണ്. റാഫേൽ കരാറിന് മേലുള്ള ആരോപണങ്ങളിൽ മൗനം വെടിയണമെന്ന് താൻ രണ്ട് തവണ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. അടുത്ത വർഷം നടക്കാൻ പോകുന്ന തിരഞ്ഞെടുപ്പിൽ തന്റെ മണ്ഡലമായ പാട്നാ സാഹിബിൽ നിന്ന് തന്നെ മത്സരിക്കും. എന്നാൽ ഏത് പാർട്ടിക്കൊപ്പം മത്സരിക്കുമെന്ന് പറയാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.

ചില പ്രതിപക്ഷ നേതാക്കളുമായി സിൻഹയ്ക്കുള്ള അടുപ്പം ബി.ജെ.പി വൃത്തങ്ങളിൽ നിന്ന് വിമർശനം ഏറ്റു വാങ്ങിയിരുന്നു.
അരവിന്ദ് കെജ്‌രിവാൾ,​ അഖിലേഷ് യാദവ് തുടങ്ങിയ നേതാക്കളുമായി സിൻഹ അടുത്തിടയായി വേദി പങ്കിട്ടിരുന്നു.