കൊച്ചി: കാമ്പസുകളിൽ വ്യാജ റിക്രൂട്ട്‌മെന്റ് നടത്തി പണം തട്ടിയെ കേസിൽ തുടരന്വേഷണത്തിനായി തിരുവനന്തപുരം സ്വദേശികളായ ദമ്പതികളെ വിശദമായി ചോദ്യം ചെയ്യാനൊരുങ്ങി പൊലീസ്. എറണാകുളം ജില്ലയിലെ മൂന്നോളം കാമ്പസുകളിൽ വ്യാജ റിക്രൂട്ട്‌മെന്റ് നടത്തി, 152 പേരിൽ നിന്നായി ഒന്നര ലക്ഷത്തോളം രൂപ ഇവർ തട്ടിയെടുത്തിരുന്നു. കഴിഞ്ഞ ദിവസം എറണാകുളം സെൻട്രൽ പൊലീസിന്റെ പിടിയിലായ തിരുവനന്തപുരം നേമം മുക്കുനട രജനി നിവാസിൽ ശങ്കർ, ഭാര്യ രേഷ്മ എന്നിവരെ വിശദമായി ചോദ്യം ചെയ്യുമെന്ന് സെൻട്രൽ എസ്.ഐ കെ സുനുമോൻ പറഞ്ഞു.
പ്രതികൾ മുമ്പും സംസ്ഥാനത്ത് വിവിധയിടങ്ങളിൽ സമാനമായ നിരവധി തട്ടിപ്പുകൾ നടത്തിയിരിക്കാമെന്നും ഇക്കാര്യം വിശദമായി അന്വേഷിക്കുമെന്നും പൊലീസ് അറിയിച്ചു. കഴിഞ്ഞ ദിവസം എറണാകുളം സി.ജെ.എം കോടതിയിൽ ഹാജരാക്കിയ ശങ്കറിനെ കോടതി റിമാൻഡ് ചെയ്തിരുന്നു. രേഷ്മയെ താത്കാലിക ജാമ്യത്തിൽ വിട്ടയച്ചെങ്കിലും ഇന്ന് കോടതിയിൽ ഹാജരാകാൻ നിർദ്ദേശിച്ചിട്ടുണ്ട്. അതേസമയം, പ്രതികളെ കസ്റ്റഡിയിൽ വിട്ടുകിട്ടുന്നതിനായി കസ്റ്റഡി അപേക്ഷ നൽകിയതായി എസ്.ഐ അറിയിച്ചു.
എം.ജി റോഡിൽ 'കൺസെപ്റ്റീവ്' എന്ന സ്ഥാപനം തുടങ്ങിയ ശേഷം ഓൺലൈൻ സൈറ്റിൽ പരസ്യം നൽകി, വിദ്യാർത്ഥികളായ ചിലർക്ക് ജോലി വാഗ്ദാനം ചെയ്താണ് ദമ്പതികൾ തട്ടിപ്പിന് തുടക്കമിടുന്നത്. 152 പേരിൽ നിന്നായി 1000 രൂപ വീതമാണ് തട്ടിയെടുത്തത്. എച്ച്.ആർ, അക്കൗണ്ട്സ് വിഭാഗങ്ങളിലേക്കെന്നു പറഞ്ഞ് ഇവരുടെ കാമ്പസുകളിൽ അഭിമുഖം നടത്തുകയും ബാങ്ക് അക്കൗണ്ട് തുറക്കാനെന്ന പേരിൽ 1000 രൂപ അപേക്ഷകരിൽ നിന്ന് വാങ്ങുകയുമാണ് ചെയ്തത്. നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തി ഡിപ്പാർച്ചർ ടെർമിനലിന് മുന്നിൽ നിന്ന് അപേക്ഷകരെ വിഡിയോ കോൾ വിളിച്ച് മലേഷ്യയിലേക്ക് പോവുകയാണെന്ന് പറഞ്ഞ ശേഷം മുങ്ങുകയാണ് പതിവ്. കഴിഞ്ഞ ദിവസം തമ്മനത്ത് സമാനരീതിയിൽ തട്ടിപ്പ് നടത്താൻ ശ്രമിക്കവെയാണ് പാലാരിവട്ടത്ത് വച്ച് ഇവർ സെൻട്രൽ പൊലീസിന്റെ പിടിയിലായത്.