novel

'' നിനക്കുവേണ്ടി വേസ്റ്റാക്കാൻ എനിക്ക് തീരെ സമയമില്ല അനിരുദ്ധാ. നീ പറഞ്ഞില്ലെങ്കിലും നീ മനസിൽ മറച്ചുവച്ചിരിക്കുന്ന ആ പേര് ഞാൻ കണ്ടെത്തും. നിന്നെ കൊന്ന് ദാ...താഴത്തെ പാടത്തേക്ക് വലിച്ചെറിയുകയും ചെയ്യും.'
കൽക്കി ഹെൽമെറ്റിന്റെ മുൻഭാഗത്തെ ഗ്ലാസ് അല്പം ഉയർത്തി.
പറയുന്നതാണ് നല്ലതെന്ന് അനിരുദ്ധന് തോന്നി.

'' ഞാൻ പറയാം...'
'' എങ്കിൽ...'കൽക്കി പെട്ടെന്ന് അനിരുദ്ധന്റെ പോക്കറ്റിൽ കിടന്നിരുന്ന സെൽഫോൺ വലിച്ചെടുത്തു.
അതിൽ ഒരു നമ്പർ ഡയൽ ചെയ്തു. പിന്നെ അനിരുദ്ധന്റെ മുഖത്തിനടുത്തേക്ക് പിടിച്ചു.
അപ്പുറത്ത് കാൾ അറ്റന്റു ചെയ്‌തെന്ന് കൽക്കിക്ക് ഉറപ്പായി.

'' നീ ആരാണെന്ന് സ്വയം പരിചയപ്പെടുത്തിക്കൊണ്ട് സത്യം പറയെടാ.'
അനിരുദ്ധൻ അനുസരിച്ചു.
അയാൾ പറഞ്ഞു.

'' ഞാൻ ഡി.വൈ.എസ്.പി അനിരുദ്ധൻ.കോളേജ് സ്റ്റുഡന്റ് സത്യനെ കൊന്നത് ഞാൻ ക്വട്ടേഷൻ നൽകിയിട്ടാ...അങ്ങനെ ചെയ്യാൻ എന്നോട് പറഞ്ഞത് ചീഫ് മിനിസ്റ്റർ വേലായുധൻ സാറാ...'
അതുകേട്ടതും അറിയാതെ നടുങ്ങിപ്പോയി കൽക്കി.

വേലായുധൻ മാസ്റ്ററെക്കുറിച്ച് അങ്ങനെയൊരു ചിത്രമായിരുന്നില്ല കൽക്കിയുടെ മനസിൽ.
ഒരു നിമിഷത്തെ മൗനത്തിനു ശേഷം കൽക്കി ചുണ്ടനക്കി.
'' സി.എമ്മിന് അതുകൊണ്ട് എന്തു പ്രയോജനം?'

'' അദ്ദേഹത്തിന് ഒരു രഹസ്യ മകനുണ്ട്. ഈ വർഷം അവന് കോളേജിൽ ഡിഗ്രിക്ക് അഡ്മിഷൻ വാങ്ങിയിട്ടുണ്ട്. സത്യൻ ജീവിച്ചിരുന്നാൽ അവനെ രാഷ്ട്രീയമായി വളർത്താൻ സി.എമ്മിന് കഴിയില്ല'
പറഞ്ഞത് അനിരുദ്ധനാണെങ്കിലും തൊണ്ട വരണ്ടത് കൽക്കിക്കാണ്.
അയാൾ ഫോൺ ഉയർത്തി കാതിൽ അമർത്തി.

'' ഹലോ...'
'' കേൾക്കുന്നുണ്ട്'അപ്പുറത്ത് നിന്ന് ശബ്ദം കേട്ടു.
'' അനിരുദ്ധന്റെ കുറ്റസമ്മതം കേട്ടല്ലോ...ഈ ഫോൺ നമ്പരും ശബ്ദവും അയാളുടേതുതന്നെയാണോ എന്ന് നിങ്ങൾക്ക് പരിശോധിക്കാം. അതിനുശേഷം വാർത്ത നൽകിയാൽ മതി'
കൽക്കി പറഞ്ഞു.

'' ഹലോ...നിങ്ങളാരാണ്?' അപ്പുറത്തു നിന്ന് ചോദ്യം.
'' ഞാൻ കൽക്കി മുസാഫിർ സുബ്രഹ്മണ്യ ഈശോ...'
പറഞ്ഞതും അയാൾ കാൾ മുറിച്ചു. പിന്നെ അനിരുദ്ധനെ നിവർത്തി നിർത്തി.

'' ഏതായാലും ഒളിസേവയ്ക്ക് ഇറങ്ങിയതല്ലേ താൻ.ഞാനായിട്ട് അത് തടയുന്നില്ല. പതിനഞ്ചു മിനിട്ടിനുള്ളിൽ താൻ അങ്ങ് ചെല്ലുമെന്നും ഗേറ്റ് തുറന്നിടാനും പറ.'
'' വേണ്ടാ. വേണ്ട കൽക്കീ. ഞാൻ പോകുന്നില്ല...'അനിരുദ്ധൻ അറിയിച്ചു.
'' പോകണം. അല്ലെങ്കിൽ തന്നെ അവിടെ കൊണ്ടിറക്കി ജനങ്ങളെ വിളിച്ചുകൂട്ടി ഞാൻ നാറ്റിക്കും. അത് വേണോ?'

'' വേണ്ടാ.'
'' എങ്കിൽ വിളിക്കവളെ'
'' നേരത്തെ ഫോൺ ചെയ്തപ്പോൾ കൽക്കി പറഞ്ഞതിനെക്കുറിച്ച് അവൾ തിരക്കിയാൽ...'
ഹെൽമറ്റിനുള്ളിൽ കൽക്കിയുടെ ചിരി കേട്ടു.
'' മിടുക്കൻ അപ്പോൾ ആ കാര്യം മറന്നില്ല...'
അനിരുദ്ധൻ മിണ്ടിയില്ല.

'' ആ സമയത്ത് തന്നെ ഒരാൾ ആക്രമിച്ചെന്നും ഫോൺ പിടിച്ചുവാങ്ങി അങ്ങനെ സംസാരിച്ചതാണെന്നും പറ...പിന്നെ അയാളെ താൻ കീഴടക്കിയെന്നും പറഞ്ഞേര്.'
ആ ആശയം അനിരുദ്ധന് ഇഷ്ടമായി. മാത്രമല്ല അവിടെയെത്തുന്നതിനു മുൻപ് കൽക്കിയെ എങ്ങനെയെങ്കിലും കീഴ്‌പ്പെടുത്തണമെന്നും അയാൾ തീരുമാനിച്ചു.
പിസ്റ്റളിന്റെ മുനയിൽ നിർത്തി അനിരുദ്ധനെക്കൊണ്ട് കൽക്കി ആ സ്ത്രീയെ വിളിപ്പിച്ചു.

ഇലന്തൂർ...
അനിരുദ്ധന്റെ ഫോൺ സന്ദേശം കിട്ടിക്കഴിഞ്ഞപ്പോൾ ആ യുവതി പിടഞ്ഞുണർന്നു.
ഇത്രയും നേരവും സെറ്റിയിൽ സങ്കടത്തോടെ ഇരിക്കുകയായിരുന്നു അവൾ. താൻ ഉണ്ടാക്കിവച്ച ചിക്കൻ ഫ്രൈയും പാലപ്പവുമൊന്നും വേസ്റ്റായില്ലല്ലോ എന്ന് അവൾ സന്തോഷത്തോടെ ഓർത്തു.

തിടുക്കത്തിൽ അവൾ എഴുന്നേറ്റു. എന്തോ ചിന്തിച്ചിട്ട് ഗേറ്റിലെ ലൈറ്റുകൾ ഓഫ് ചെയ്തു.
അല്പനേരം കാത്തുനിന്നിട്ട് വാതിൽ തുറന്നിറങ്ങി. ചുറ്റും ഒന്നു ശ്രദ്ധിച്ചിട്ട് ചെന്ന് ഗേറ്റ് തുറന്നിട്ടു.
തിരികെ അവൾ സിറ്റൗട്ടിൽ എത്തിയില്ല. ഐ.ടെൻകാർ വന്ന് അവിടേക്ക് തിരിഞ്ഞു. വാഴത്തോപ്പിലുണ്ടായിരുന്നു വിജയയും സംഘവും പെട്ടെന്ന് അലർട്ടായി... (തുടരും)