crime

പത്തനംതിട്ട: ആടുകളുടെ പോറ്റമ്മയായിരുന്ന ഏലിക്കുട്ടിയും സഹായി പ്രഭാകരനും കൊല്ലപ്പെട്ട കേസിൽ കോടതി ഇന്ന് ശിക്ഷ വിധിക്കും. പ്രതി കൊടുന്തറ കദലിക്കാട് കോളനിയിൽ ആനന്ദകുമാർ (34) കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു.കൊലപാതകം, തെളിവ് നശിപ്പിക്കൽ എന്നീ കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്. പ്രതിയെ ഇന്നലെ കൊട്ടാരക്കര സബ് ജയിലിലേക്ക് കൊണ്ടുപോയി. നൂറുകണക്കിന് ആടുകളെ സ്വന്തം മക്കളെപ്പോലെ പോറ്റി വളർത്തിയിരുന്നയ ഏലിക്കുട്ടിയും സഹായി ചുരുളിക്കോട് സ്വദേശി പ്രഭാകരനും കൊല്ലപ്പെട്ടത് 2007 ഒക്ടോബർ മൂന്നിനാണ്. പത്തനംതിട്ട സി.എെ ആയിരുന്ന ആർ. സുധാകരൻപിള്ള ചാർജ് ചെയ്ത കേസിൽ മൊത്തം 22 സാക്ഷികളാണ് ഉണ്ടായിരുന്നത്. മേയ് 15ന് പത്തനംതിട്ട ജില്ലാ അഡീഷണൽ സെഷൻസ് കോടതി ജഡ്ജി എം. സുലേഖ മുമ്പാകെയാണ് വിസ്താരം ആരംഭിച്ചത്.

ജില്ലാ ഗവൺമെന്റ് പ്ളീഡർ കെ പി. സുഭാഷ്‌കുമാറാണ് ഹാജരാകുന്നത്. ശവപ്പറമ്പിൽ അന്തിയുറക്കം അനാഥ മൃതദേഹങ്ങൾ മറവ് ചെയ്തിരുന്ന കൊടുംകാടായിരുന്ന, ഇപ്പോൾ ജില്ലാ മൃഗാശുപത്രി പ്രവർത്തിക്കുന്ന സ്ഥലത്തെ നഗരസഭ ശ്മശാനത്തിലായിരുന്നു ഏലിക്കുട്ടിയുടെ അന്തിയുറക്കം. 40 വർഷമായി ഇവിടെ പൊളിഞ്ഞ് വീഴാറായ ഒരു കുടിലിൽ ഒറ്റക്ക് താമസിച്ചിരുന്ന ഏലിക്കുട്ടിക്ക് കൂട്ടായിയുണ്ടായിരുന്നത് ആടുകളും നായ്കളും പൂച്ചയും കോഴിയുമൊക്കെയായിരുന്നു. ഓരോ മൃഗങ്ങളെയും പേര് ചൊല്ലിയായിരുന്നു വിളിച്ചിരുന്നത്. അവ സ്നഹേത്തോടെ ഏലിക്കുട്ടിയുടെ അരികിലേക്ക് ഓടിയെത്തുമായിരുന്നു. ഇവരുടെ കഥ മാദ്ധ്യമങ്ങളിൽ വാർത്തയായിരുന്നു. കൂടൽ നെടുമൺകാവിലുള്ള ഒരു ഇടത്തരം കുടുംബത്തിലെ അംഗമായിരുന്ന ഏലിക്കുട്ടിക്ക് 15ാമത്തെ വയസിൽ വയറ്റിൽ ഒരു മുഴ വന്നതോടയാണ് ജീവിതം മാറിമറിഞ്ഞത്. ഗർഭമാണെന്നു പറഞ്ഞ് വീട്ടുകാർ ബഹളം വെച്ചു. ഗർഭമല്ലെന്ന് കരഞ്ഞ് പറഞ്ഞിട്ടും ആരും ചെവികൊണ്ടില്ല. വഴക്ക് മൂത്തതോടെ വീടുവിട്ട് ഇറങ്ങി. വയറ്റിൽ മുഴയാണെന്ന് പരിശോധനയിൽ കണ്ടെത്തി. ഓപ്പറേഷനിലൂടെ എടുത്തുകളഞ്ഞു.

ഇതിന്ശേഷം എങ്ങോട്ട്‌പോകണമെന്ന് നിശ്ചയമില്ലാതെ നിന്ന ഏലിക്കുട്ടി ഡോക്ടറോട് തന്റെ കഥയെല്ലാം പറഞ്ഞു. ഡോക്ടർ ആശുപത്രിയിൽ ചെറിയ ജോലി നൽകി താമസിപ്പിച്ചു. വർഷങ്ങൾക്ക്‌ശേഷം അവിടത്തെ ജോലി നഷ്ടമായതോടെയാണ് സമീപത്തെ ശവപ്പറമ്പിൽ അഭയംതേടിയത്. കൊലപാതകം 2005 ൽ നഗരസഭ ആശ്രയപദ്ധതിയിൽ ഉൾപ്പെടുത്തി ഇവർക്ക് ഒരു കൊച്ചു വീടു നിർമ്മിച്ച് നൽകിയിരുന്നു. ശ്മശാനത്തിലെ കാട്ടിൽ എത്തിയിരുന്ന സാമൂഹ്യവിരുദ്ധർ ഇവരുടെ ആടുകളെ മോഷ്ടിച്ച്‌കൊണ്ടു പോകുന്നത് പതിവായിരുന്നു. ഇതേ തുടർന്ന് ഏലിക്കുട്ടി പത്തനംതിട്ട പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. ഇതിന്റ വൈരാഗ്യത്തിൽ മോഷ്ടാവ് ഏലിക്കുട്ടിയെ മർദിച്ച് അവശയാക്കിയശേഷം തോർത്ത്‌കൊണ്ട് കഴുത്ത് വരിഞ്ഞ് മുറുക്കി ശ്വാസംമുട്ടിച്ച് കൊന്ന് പൊന്തക്കാട്ടിലെ ചതുപ്പിൽ ചവിട്ടി തഴ്ത്തുകയായിരുന്നു. സഹായി പ്രഭാകരെന മാർബിൾകൊണ്ട് തലക്കടിച്ചു വീഴ്ത്തിയും കൊലപ്പെടുത്തി. ദിവസങ്ങൾക്ക്‌ശേഷം ഏലിക്കുട്ടിയുടെ മൃതദേഹം പൊന്തക്കാട്ടിൽ കണ്ടെത്തി. കാട്ടു ചെടിയിൽ തൂങ്ങിക്കിടന്ന ഒരു കണ്ണടയെ ചുറ്റിപ്പറ്റിയായി ഒടുവിൽ അന്വേഷണം. ഏഴാം ദിവസം പ്രതി കൊടുന്തറ സ്വദേശി ആനന്ദകുമാർ പിടിയിലായി. പിന്നീട് ഏലിക്കുട്ടിയുടെ അവശേഷിച്ച 32 ആടുകളെ നഗരസഭ ഏറ്റെടുത്തു.